• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചങ്കിനെ തിരികെയെത്തിച്ച ആരാധിക ഇതാ ഇവിടെയുണ്ട്


Updated: April 24, 2018, 7:47 PM IST
ചങ്കിനെ തിരികെയെത്തിച്ച ആരാധിക ഇതാ ഇവിടെയുണ്ട്

Updated: April 24, 2018, 7:47 PM IST
ഒരു പെൺകുട്ടിയുടെ വൈറലായ ഫോൺ വിളിയ്ക്കൊടുവിൽ കൂടുവിട്ട് പോയ ബസ് തിരികെയെത്തി. അന്നുമുതൽ ആരായിരിക്കും ആ കട്ട ഫാൻ എന്ന അന്വേഷണത്തിലായിരുന്നു ആനവണ്ടി പ്രേമികൾ. ഇപ്പോഴിതാ കെഎസ്ആർടിസി ബസിനെ 'ചങ്കാ'ക്കിയ ആ പെൺകുട്ടി രംഗത്തെത്തിയിരിക്കുന്നു. കോട്ടയത്ത് വിദ്യാർഥിനിയായ ഈരാറ്റുപേട്ട സ്വദേശിനി റോസ്‌മിയാണ് ആർ എസ് സി 140 വേണാട് ബസിനുവേണ്ടി ആലുവ ഡിപ്പോയിൽ വിളിച്ചത്. കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരിയെ റോസ്‌മി ചീഫ് ഓഫീസിലെത്തി സന്ദർശിച്ചു. ഫോൺ വിളിക്കാൻ സഹായിച്ച കൂട്ടുകാരിയും റോസ്‌മിയ്ക്ക് ഒപ്പമുണ്ടായിരുന്നു.

സ്ഥിരമായി യാത്ര ചെയ്തിരുന്ന ബസ് നഷ്ടപ്പെടുമോയെന്ന ഭയത്താലാണ് അങ്ങനെ ഫോൺ വിളിച്ചതെന്ന് റോസ്‌മി പറയുന്നു. എന്നും ക്ലാസിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്ന ബസായിരുന്നു അത്. സഹയാത്രികരുമായി നല്ല ബന്ധവും, മറക്കാനാകാത്ത ഓർമകളും സമ്മാനിച്ച ആ ബസുമായി അഗാധമായ ഒരു അടുപ്പമുണ്ടായിരുന്നു. ആ ബസ് നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു താൻ. അതുകൊണ്ടാണ് ആലുവ ഡിപ്പോയിലേക്ക് വിളിച്ചത്. എന്നാൽ ആ ഫോൺ വിളി ഇത്ര പെട്ടെന്ന് വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും റോസ്‌മി പറഞ്ഞു. അഭിനന്ദന പത്രം നൽകിയാണ് റോസ്‌മിയെ ടോമിൻ തച്ചങ്കരി ആദരിച്ചത്.



ചങ്ക് വണ്ടിയ്ക്കുവേണ്ടി ആരാധിക

കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് വാട്ട്സ്ആപ്പ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ ആ ഫോൺ വിളി വൈറലായത്. ഞങ്ങളുടെ ചങ്ക് വണ്ടി എന്തിനാണ് ആലുവയിലേക്ക് കൊണ്ടുപോയത് എന്ന് ചോദിച്ചുകൊണ്ടായിരുന്നു അജ്ഞാതയായ ആ പെൺകുട്ടി ഫോൺ വിളിച്ചത്. ഞങ്ങളുടെ വണ്ടി തിരിച്ചു തരണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള കെഎസ്ആർടിസിയുടെ ആ കട്ട ഫാൻ പറഞ്ഞതൊക്കെ ക്ഷമയോടെ കേട്ടത് ആലുവയിലെ ഡിപ്പോയിലെ ഇൻസ്പെക്ടർ സി ടി ജോണി ആയിരുന്നു.

ആയിടയ്ക്കാണ് കെ എസ് ആർ ടി സി എംഡിയായി ടോമിൻ ജെ തച്ചങ്കരി ചുമതലയേൽക്കുന്നത്. ചങ്ക് ബസ് തിരിച്ചുവേണമെന്ന് അഭ്യർഥിച്ചുള്ള പെൺകുട്ടിയുടെ ഫോൺവിളി വാർത്ത അറിഞ്ഞ തച്ചങ്കരി ഉടനടി ഇക്കാര്യത്തിൽ ഇടപെട്ടു. വൈകാതെ ബസ് ആലുവയിൽനിന്ന് ഈരാറ്റുപേട്ടയിലേക്ക് തിരിച്ചെത്തി. അതുകൊണ്ടും കാര്യങ്ങൾ അവസാനിച്ചില്ല, ബസിന് 'ചങ്ക്' എന്ന് പേരിടുകയും ചെയ്തു അധികൃതർ. കാര്യങ്ങൾ ഇത്രയുമായിട്ടും ആരാണ് ആ ചങ്ക് ആരാധികയെന്ന് പുറത്തുവന്നില്ലായിരുന്നു. ഇപ്പോഴിതാ കെഎസ്ആർടിസി ബസിനെ ചങ്കായി കണ്ട റോസ്‌മി തന്നെ രംഗത്തെത്തിയിരിക്കുന്നു.
First published: April 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍