തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അസമത്വത്തിന്റെ കഥകളാണ് നമ്മൾ ഏറെയും കേട്ടിട്ടുള്ളത്. പുരുഷന്മാർക്ക് ലഭിക്കുന്നതിനു തുല്യമായ വേതനം സ്ത്രീകൾക്ക് നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ലോകത്താകെ പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്ന കാലമാണിത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ കഥയാണ് മുപ്പത്തൊന്നുകാരിയായ കമീല ബെർണാലിൻ്റേത്. കെട്ടിട നിർമ്മാണ മേഖലയിൽ പുരുഷന്മാർക്കൊപ്പം ജോലി ചെയ്ത് കമീല സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്.
ആസ്‌ട്രേലിയയിലെ മെൽബൺ സ്വദേശിയായ കമീല, ഗ്രാഫിക് ഡിസൈനിങ് പഠനത്തിനിടെയാണ് കെട്ടിടനിർമാണമേഖലയിലേക്ക് കളം മാറ്റിച്ചവിട്ടുന്നത്. പഠനത്തിനിടെ ചെറിയ വരുമാനത്തിനായി കമീല ഹോസ്പിറ്റാലിറ്റി മേഖലയിലിലും ജോലി നോക്കിയിരുന്നു. കൂട്ടുകാരിലൊരാളാണ് കമീലയ്ക്ക് കെട്ടിടനിർമാണമേഖലയിലെ ജോലിയെക്കുറിച്ചുള്ള ആശയം നൽകുന്നത്. അതോടെ, കമീല തൻ്റെ തൊഴിൽമേഖല പാടേ മാറ്റുകയായിരുന്നു.
ഏഴ് വർഷക്കാലമായി മുഴുവൻ സമയ കെട്ടിടനിർമാണത്തൊഴിലാളിയാണ് കമീല. രാവിലെ 7 മണിക്കാരംഭിക്കുന്ന നിർമ്മാണ ജോലി കമീല അവസാനിപ്പിക്കുക 8 മണിക്കൂർ നേരത്തെ കഠിനമായ അധ്വാനത്തിന് ശേഷമാണ്. നട്ടെല്ലിനെ ബാധിക്കുന്ന സ്‌കോളിയോസിസ് എന്ന രോഗത്തെ അതിജീവിച്ച് കൊണ്ടുകൂടിയാണ് കമീല തൊഴിൽ ചെയ്യുന്നത്. തൊഴിലിനോടുള്ള ഇഷ്ടം കാരണം പ്രതിബന്ധങ്ങളെക്കുറിച്ച് ഓർക്കാറേയില്ലെന്ന് കമീല പറയുന്നു.
പലപ്പോഴും ശക്തിയേറിയ വേദനസംഹാരികൾ കഴിച്ചാണ് കമീല ജോലി ചെയ്യുന്നത്. മേഖല കെട്ടിട നിർമ്മാണമായത് കൊണ്ട് ശരീര സംരക്ഷണം പ്രത്യേകമായി ചെയ്യണമെന്നും കമീല പറയുന്നു. രോഗം മാത്രമായിരുന്നില്ല കമീല ജീവിതത്തിൽ നേരിട്ട വെല്ലുവിളികൾ. കൊളംബിയൻ വംശജയായ കമീലക്ക് ആസ്ട്രേലിയയിൽ പല വംശീയമായ അധിക്ഷേപങ്ങളും, അപമാനങ്ങളും തരണം ചെയ്ത് വേണമായിരുന്നു ജീവിത വിജയം നേടാൻ. ആദ്യകാലങ്ങളിൽ ഇംഗ്ലീഷ് ശരിയായി സംസാരിക്കാൻ അറിയാഞ്ഞതും, നിർമ്മാണ മേഖലയിലെ അപൂർവം സ്ത്രീ സാന്നിധ്യമായതുമെല്ലാം കമീലക്ക് വെല്ലുവിളികളായിരുന്നു.
’30 പുരുഷന്മാരുടെ കൂടെ ഒരു സ്ത്രീ മാത്രം ജോലി ചെയ്യുമ്പോൾ അവർ നിങ്ങളെ കാണുക അവരിൽ ഒരാളായല്ല, അവരെ സംബന്ധിച്ച് നമ്മൾ വ്യത്യസ്തയായിരിക്കും’ കമീല പറയുന്നു.
ഏകദേശം 6000ത്തോളം പേർ കമീലയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നുണ്ട്. തൊഴിൽ വേഷത്തിൽ കമീല പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ കണ്ടാൽ, ഫോട്ടോഷൂട്ടിനായി ഒരുങ്ങിയ ഒരു ഫാഷൻ മോഡലെന്നാണ് തോന്നിക്കുക. സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവരിൽ പലർക്കും അവിശ്വസനീയമാണെങ്കിലും താൻ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും അതിലെ വേഷവും തൊഴിലിടത്തിലെ തൻ്റെ യഥാർത്ഥ രൂപമാണെന്ന് കമീല സാക്ഷ്യപ്പെടുത്തുന്നു.
Also read-പെരുമഴയത്ത് മകളെ തോളിലേറ്റി നടക്കുന്ന അമ്മ; പഴയ വീഡിയോ വീണ്ടും വൈറൽ
ഇത്തരം വെല്ലുവിളികളെ അതിജീവിച്ച് ജോലി ചെയ്യുമ്പോഴും, ഈ മേഖലയിൽ തനിക്ക് നേടാൻ കഴിഞ്ഞ വിജയം ഒരു സ്വപ്‌ന സാക്ഷാത്കാരമായാണ് കമീല കാണുന്നത്. നിർമ്മാണ മേഖലയിൽ ജോലി ചെയ്യുക എന്നത് തന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നെന്നും കമീല പറയുന്നു.
പുതിയ കാലഘട്ടത്തിൽ നിർമ്മാണ മേഖല സ്ത്രീകളെ കൂടുതലായി ഉൾക്കൊള്ളുന്നതും, വർഷങ്ങൾക്ക് മുമ്പ് താൻ നേരിട്ട വെല്ലുവിളികൾ കുറഞ്ഞു വരുന്നതും വളരെ പ്രതീക്ഷയോടെയാണ് കമീല നോക്കിക്കാണുന്നത്. ഏതെങ്കിലും മേഖലയോട് നമുക്ക് അതിയായ അഭിനിവേശമുണ്ടെങ്കിൽ, അതിന്റെ വരുംവരായ്കകളെ പറ്റി ചിന്തിക്കാതെ നമ്മുടെ ഇഷ്ടപ്പെട്ട വഴി തന്നെ തിരഞ്ഞെടുക്കണമെന്നാണ് കമീലയുടെ പക്ഷം. നമ്മൾ ചെയ്യുന്നത് നമുക്കിഷ്ടപ്പെട്ട കാര്യമാണെങ്കിൽ ജീവിതവിജയം സുനിശ്ചിതമാണെന്നും കമീല പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Buildings and construction, Buzz