നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കോട്ടയത്തെ ബെസ്റ്റോട്ടൽ ഇനി ഓർമ; തകഴിയുടെ രണ്ടിടങ്ങഴി മുതൽ വയലാറിന്റെ ബലികുടീരങ്ങൾ വരെ പിറന്നത് ഇവിടുത്തെ മുറികളിൽ

  കോട്ടയത്തെ ബെസ്റ്റോട്ടൽ ഇനി ഓർമ; തകഴിയുടെ രണ്ടിടങ്ങഴി മുതൽ വയലാറിന്റെ ബലികുടീരങ്ങൾ വരെ പിറന്നത് ഇവിടുത്തെ മുറികളിൽ

  The all-time famous Bestotel in Kottayam to shut shop | 1944 മുതലാണ് ഹോട്ടൽ കോട്ടയം നഗരഹൃദയത്തിലെ സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തനം തുടങ്ങിയത്

  ബെസ്റ്റോട്ടൽ

  ബെസ്റ്റോട്ടൽ

  • Share this:
  കോട്ടയം: കോട്ടയത്തിന്റെ രുചിപ്പെരുമയായ 'ബെസ്റ്റോട്ടൽ' ഇനിയില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഓഗസ്റ്റ് അവസാന ആഴ്ച ഹോട്ടൽ പ്രവർത്തനം നിർത്തും. ഹോട്ടൽ ഇരിക്കുന്ന ഒൻപത് സെന്റ് സ്ഥലം വിൽക്കാൻ  ധാരണയായതായി നിലവിലെ 'ബെസ്റ്റോട്ടൽ' ഉടമ എ.പി.എം. ഗോപാലകൃഷ്ണൻ ന്യൂസ് 18 നോട് പറഞ്ഞു.

  1944 മുതലാണ് ഹോട്ടൽ കോട്ടയം നഗരഹൃദയത്തിലെ സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തനം തുടങ്ങിയത്.  67 വർഷത്തെ രുചി ഓർമ്മകൾ, മഹാരഥന്മാർക്ക് മഹാ കൃതികൾ എഴുതാൻ ഊർജ്ജം നൽകിയ ഇടം, സാഹിത്യ രാഷ്ട്രീയ സിനിമാ രംഗത്തെ പ്രമുഖർ ഭക്ഷണം കഴിക്കാനും അന്തിയുറങ്ങാനുമെത്തിയ ഇടം... ഇതെല്ലാമാണ് ചരിത്രമാകുന്നത്.

  കേരള രഞ്ജി ട്രോഫി ടീമിന്റെ ആദ്യ ക്യാപ്റ്റനായ പി. എം. രാഘവനാണ് കോട്ടയത്ത് 'ബെസ്റ്റോട്ടൽ' തുടങ്ങിയത്. 1883ൽ കേരളത്തിൽ ആദ്യമായി കേക്ക് നിർമ്മിച്ച മമ്പള്ളി ബാപ്പുവിന്റെ ബന്ധുവാണ് രാഘവന്റെ അച്ഛൻ മമ്പള്ളി ഗോപാലൻ. അങ്ങനെ പാരമ്പര്യത്തിന്റെ ചരിത്രം കൂടി ഈ രുചിപ്പെരുമക്കുണ്ട്. കോട്ടയത്തെ ആദ്യകാല ലോഡ്ജ് കൂടിയായിരുന്നു 'ബെസ്റ്റോട്ടൽ'. സെൻട്രൽ തിയേറ്റർ വാങ്ങിയാണ് അന്ന് ഹോട്ടലിനൊപ്പം  22 മുറികളോട് കൂടിയ ലോഡ്ജ് തുടങ്ങിയത്. അഞ്ച് ലക്ഷുറി മുറികൾ. അതിഥികളായി എ.കെ.ജിയും, തകഴിയും, യേശുദാസും, ഷമ്മി കപൂർ പോലെ ബോളിവുഡ് താരങ്ങൾ വരെ.

  തകഴി 'രണ്ടിടങ്ങഴി' മനോഹരമായി എഴുതി പൂർത്തിയാക്കിയത് ഇവിടുത്തെ ഒമ്പതാം നമ്പർ മുറിയിൽ നിന്നുമാണ്. വിപ്ലവഗാനങ്ങളിൽ ഒന്നാമത് നിൽക്കുന്ന 'ബലികുടീരങ്ങളേ...' വയലാർ എഴുതിയത് ഇവിടുത്തെ ഏഴാം നമ്പർ മുറിയിൽ നിന്നും. ദേവരാജൻ മാസ്റ്ററും, 'ക' ബേബിയും പൊൻകുന്നം വർക്കിയും, സി. എസ്. ഗോപാലപിള്ളയും ഒക്കെ ആ ചരിത്ര എഴുത്തിന് സാക്ഷിയായി ഈ മുറിയിലെത്തി.  മലയാളത്തിന്റെ വിഖ്യാത ചലച്ചിത്രകാരന്മാരായ ജോൺ എബ്രഹാമും അരവിന്ദനും പത്മരാജനും പ്രേംനസീറും സത്യനും മധുവും ഷീലയും ഒക്കെ ഇവിടുത്തെ സന്ദർശകനായിരുന്നു. പലരും താമസക്കാരായി. ചിലർ രുചി അറിഞ്ഞു മടങ്ങി. ഗാനഗന്ധർവൻ യേശുദാസിന് 'ബെസ്റ്റോട്ടൽ' സ്ഥിരം അന്തിയുറങ്ങാൻ ഇടം നൽകി. കോട്ടയത്ത് എത്തുമ്പോൾ എകെജിയുടെ സ്ഥിരതാമസം ഇവിടെയായിരുന്നു. എകെജിയെ കാണാൻ ഇ.എം.എസ്. ഇവിടെ എത്തിയിരുന്നു. അമരാവതി സമര കാലത്തായിരുന്നു ഏറെ സമയവും ഇവിടെ എ.കെ.ജി. ഉണ്ടായിരുന്നതെന്ന് 47 വർഷം ഹോട്ടൽ ജീവനക്കാരനായിരുന്നു പി. എം. വർഗീസ് ഓർത്തെടുക്കുന്നു.

  ബില്യാർഡ്സ്, ടേബിൾ ടെന്നിസ് എന്നിവ കളിക്കാനുള്ള സൗകര്യം  ഹോട്ടലിലെ സന്ദർശകനായിരുന്ന ഷമ്മി കപൂർ ഉപയോഗിച്ച ചിത്രം ഇന്നും ഉണ്ട്. (ആ ചിത്രം ചുവടെ)  ദിലീപ് കുമാർ, ബെൽ രാജ്‌ സാഹ്നി, സൈറാബാനു...  ബോളിവുഡ് താരങ്ങൾക്കും പ്രിയപ്പെട്ട ഇടമായിരുന്നു 'ബെസ്റ്റോട്ടൽ'. മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എ.പി.എം. ഗോപാലകൃഷ്ണനാണ് നിലവിൽ ഹോട്ടൽ നടത്തുന്നത്. കഴിഞ്ഞ മൂന്നുവർഷമായി ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഹോട്ടൽ വിൽക്കാൻ കാരണമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. കോട്ടയത്തെ ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പിനാണ് ഒൻപത് സെന്റ് വരുന്ന സ്ഥലം വിൽക്കുന്നത്.  ഹോട്ടൽ പ്രവർത്തനം അവസാനിപ്പിച്ചാലും ബേക്കറി നിലനിർത്തുമെന്ന് ഗോപാലകൃഷ്ണൻ ഉറപ്പ് നൽകുന്നു.
  Published by:user_57
  First published:
  )}