സോഷ്യൽ മീഡിയ വാഴുന്നവരിൽ ഒരു വിഭാഗമാണ് കൊച്ചുകുട്ടികൾ എന്ന കാര്യത്തിൽ തർക്കമില്ല. കുട്ടി സെലിബ്രിറ്റീസ് ഒരുപാട് പേരുണ്ട് നമുക്കു ചുറ്റും. നൃത്തം, പാട്ട്, അഭിനനയം തുടങ്ങി മൾട്ടി ടാലണ്ടഡ് ആയിട്ടുള്ളവർ വരെയുണ്ട് അക്കൂട്ടത്തിൽ. പ്രകടനത്തിന്റെ കാര്യത്തിൽ പലപ്പോഴും മുതിർന്നവർക്കു പോലും ഇവർ വെല്ലുവിളി ആകാറുണ്ട്. ചിലർ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ (Social media influencer) പോലും ആയി മാറിയിട്ടുണ്ട്. പലപ്പോഴും മാതാപിതാക്കൻമാരാണ് കുട്ടികളുടെ ഇത്തരത്തിലുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ പോപ്പുലർ ആക്കുന്നതിനും ചുക്കാൻ പിടിക്കുന്നത്. തങ്ങളുടെ കുട്ടി സോഷ്യൽ മീഡിയയിലെ വൈറൽ (viral) താരം ആകണമെന്ന് ഇക്കൂട്ടർ ആഗ്രഹിക്കുന്നു. അവർക്കു വേണ്ടി പ്രത്യേകം പേജുകൾ പോലും ക്രിയേറ്റ് ചെയ്യുന്നവരുമുണ്ട്. പക്ഷേ എല്ലാ കുട്ടികളും ഇങ്ങനെ പോപ്പുലർ ആകാനോ ചിത്രീകരിക്കപ്പെടാനോ വൈറലാകാനോ ആഗ്രഹിക്കുന്നവരല്ല. ഇത്തരത്തിൽ മാതാപിതാക്കൾ എപ്പോഴും തന്റെ വിഡിയോ എടുക്കുന്നതിൽ അതൃപ്തി പ്രകടിപ്പിക്കുന്ന ഒരു കുട്ടി സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്.
molikjainhere എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ് ആണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോലിക് എന്നാണ് കുട്ടിയുടെ പേര്. ഹലോ മോലിക് എന്ന അച്ഛന്റെ വിളി കേട്ട് കുട്ടി ക്യാമറയിലേക്ക് നോക്കുകയാണ് കുട്ടി. ''എന്താണ് നിങ്ങളുടെ പ്രശ്നം? ഞാൻ ഭക്ഷണം കഴിക്കുമ്പോളും കുടിക്കുമ്പോളും എല്ലാം എന്തിനാണ് നിങ്ങൾ ക്യാമറ തുറക്കുന്നത്? നിങ്ങൾ എന്നെ ഒന്നും ചെയ്യാൻ സമ്മതിക്കുന്നില്ല'', മോലിക് ദേഷ്യത്തോടെ പറയുന്നു. തുടർന്ന് ഇതുപോലുള്ള മാതാപിതാക്കൻമാരെ മോലിക് വിമർശിക്കുന്നുമുണ്ട്. ''ഇത് എനിക്ക് മാത്രമല്ല, എല്ലാ കുട്ടികൾക്കും സംഭവിക്കുന്ന കാര്യമാണ്. ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടി ഒരു ഇൻഫ്ളുവൻസർ ആയി മാറണമെന്നാണ് ആഗ്രഹിക്കുന്നത്'', മോലിക് തുടർന്നു പറഞ്ഞു.
വീഡിയോ എടുക്കുന്നത് നിർത്തൂ എന്നും എങ്കിൽ ഈ കരിമ്പിൻ ജ്യൂസ് തനിക്ക് സമാധാനമായി കുടിക്കാം എന്നും അച്ഛനോട് ക്യൂട്ടായി അഭ്യർത്ഥിക്കുന്ന മോലിക്കിനെ ആണ് വീഡിയോയുടെ അവസാനം കാണുന്നത്.
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരായ നിരവധി കുട്ടിത്താരങ്ങൾ കേരളത്തിലുമുണ്ട്. വ്ളോഗറായ ശങ്കരൻ, ബാലതാരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരുമായ വൃദ്ധി, കുട്ടിത്തെന്നൽ... അങ്ങനെ നീളുന്നു ലിസ്റ്റ്. നിക്കര്‍ അലക്കി യൂട്യൂബ് ട്രെന്‍ഡിംഗില്‍ വരെ എത്തിയ ആളാണ് തിരുവനന്തപുരം പൂജപ്പുര സ്വദേശി ശങ്കരൻ. നിധിൻ എന്നാണ് ശങ്കരന്റെ യഥാർഥ പേര്. വെല്‍ഡിംഗ് പണിക്കാരനായ അച്ഛന് കണ്ണനും അമ്മ ബിന്ദുവും പിന്തുണയുമായി ഒപ്പമുണ്ട്.
ഒരൊറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയൽ വൈറലായ കുട്ടിത്താരമാണ് വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവെച്ച വീഡിയോ തരംഗമായതോടെയാണ് വൃദ്ധി വിശാൽ എന്ന പേരും ആ പേരുകാരിയും ശ്രദ്ധിക്കപ്പെട്ടത്. ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘സാറാസ്’ സിനിമയിലൂടെ വൃദ്ധി അഭിനയരംഗത്തെത്തി.
ഏഴു വയസ്സുകാരി തെന്നലിന്റെ ഇൻസ്റ്റഗ്രാം പേരാണ് കുട്ടിത്തെന്നൽ. മൂന്നാം വയസിൽ ടിക്ക് ടോക്ക് വീഡിയോകൾ ചെയ്യാൻ തുടങ്ങിയതോടെയാണ് തെന്നൽ സോഷ്യൽ മീഡിയയിൽ വരവറിയിച്ചത്. പിന്നീട് സിനിമകളിലൂടെയും ആൽബങ്ങളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.