പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ (Bhagwant Mann) വിവാഹിതനാകുന്നു. ഡോക്ടർ ഗുർപ്രീത് കൗർ (Dr Gurpreet Kaur) ആണ് വധു. ചണ്ഡിഗഡിലുള്ള (Chandigarh) വസതിയിൽ വച്ചാകും ചടങ്ങുകൾ നടക്കുക. വ്യാഴാഴ്ചയാണ് വിവാഹം. ഭഗവന്ത് മന്നിന്റെ രണ്ടാം വിവാഹമാണിത്. ഇന്ദർപ്രീത് കൗർ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യ.
പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഭഗവന്ത് മന്നിനായി പ്രചാരണം നയിക്കുന്നതിൽ ഡോക്ടർ ഗുർപ്രീത് കൗർ മുന്നിലുണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ അമ്മ ഹർപാർ കൗർ (Harpal Kaur) ആണ് വിവാഹത്തിന് മുൻകൈയെടുത്തത്.
അടുത്ത കുടുംബാംഗങ്ങളെ കൂടാതെ ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളും ചടങ്ങിൽ പങ്കെടുക്കാൻ ചണ്ഡിഗഡിലെത്തും.
ആറു വർഷങ്ങൾക്കു മുൻപാണ് ഭഗവന്ത് മന്നും ഇന്ദർപ്രീത് കൗറും വേർപിരിഞ്ഞത്. ഇവർക്ക് രണ്ട് മക്കളുമുണ്ട്. മൂവരും ഇപ്പോൾ അമേരിക്കയിലാണ് താമസം. ഭഗവന്ത് മൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ പങ്കെടുക്കാന്‍ മക്കള്‍ എത്തിയിരുന്നു. ജനുവരിയിലായിരുന്നു സത്യപ്രതിജ്ഞ.
അടുത്തിടെ അഴിമതി ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കി ഭഗവന്ത് മൻ വാർത്തകളിൽ ഇടം നേടിയിരുന്നു. ആരോഗ്യമന്ത്രിയായിരുന്നു വിജയ് സിങ്ളയെയാണ് പുറത്താക്കിയത്. ഇതിനു പിന്നാലെ മന്ത്രിയുടെ അറസ്റ്റും നടന്നിരുന്നു. കരാറുകാരോട് ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടെന്ന് തെളിഞ്ഞതാണ് ആരോഗ്യമന്ത്രിയെ പുറത്താക്കാൻ കാരണം. ഒരു ശതമാനം പോലും അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രി അന്ന് ഊന്നിപ്പറഞ്ഞത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അഴിമതി വിരുദ്ധ മാതൃക പിന്തുടർന്നാണ് ഭഗവന്ത് തന്റെ ക്യാബിനറ്റിലെ മന്ത്രിയെ പുറത്താക്കിയതെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ആരോഗ്യ മന്ത്രിയെ പുറത്താക്കിയ പഞ്ചാബ് മുഖ്യമന്ത്രിയുടെ നടപടിയെ പ്രശംസിച്ച് കൊണ്ട് അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിരുന്നു. ''ഭഗവന്ത്, താങ്കളുടെ നടപടിയിൽ അഭിമാനം തോന്നുന്നു. താങ്കൾ സ്വീകരിച്ച ഈ ധീര നടപടി മൂലം രാജ്യം മുഴുവനും ആം ആദ്മി പാർട്ടിയെ കുറിച്ചോർത്ത് അഭിമാനം കൊള്ളുകയാണ്'', എന്നാണ് കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചത്.
പഞ്ചാബില്‍ അഴിമതി തടയുന്നതിനായി ഹെല്‍പ്പ് ലൈന്‍ നമ്പറും ഭഗവന്ത് മന്‍ ആരംഭിച്ചിരുന്നു. ഭഗത് സിങ്ങിന്റെ രക്തസാക്ഷിദിനമായ മാര്‍ച്ച് 23 നാണ് ഈ നമ്പര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തന്റെ സ്വകാര്യ നമ്പരായിരിക്കുമെന്നും ആരെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടാൽ അത് വ്യക്തമാക്കുന്ന ഓഡിയോയും, വീഡിയോയും അയക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 99 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും സത്യസന്ധരാണ്. എന്നാല്‍ ഒരു ശതമാനം അഴിമതി കാണിക്കുന്നു. ഈ സമ്പ്രദായം അവസാനിപ്പിക്കാന്‍ ആംആദ്മി പാര്‍ട്ടിക്ക് മാത്രമാണ് സാധിക്കുക. അഴിമതി കാണിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും. സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുക എന്നതല്ല തന്റെ ഉദ്ദേശമല്ലെന്നും ഭഗവന്ത് മന്‍ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.