HOME /NEWS /Buzz / 'മരവിപ്പോടെയാണ് ആ രംഗങ്ങൾ ചെയ്തുതീർത്തത്': കേരള സ്‌റ്റോറി താരം യോഗിത ബിഹാനി

'മരവിപ്പോടെയാണ് ആ രംഗങ്ങൾ ചെയ്തുതീർത്തത്': കേരള സ്‌റ്റോറി താരം യോഗിത ബിഹാനി

'ഞങ്ങൾക്ക് ലഭിച്ച കഥാപാത്രത്തെ തിരശ്ശീലയിൽ അവതരിപ്പിക്കുക എന്നതാണ് അഭിനേതാക്കൾ എന്ന നിലയിൽ ഞങ്ങളുടെ ജോലി. അതുമാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളൂ.

'ഞങ്ങൾക്ക് ലഭിച്ച കഥാപാത്രത്തെ തിരശ്ശീലയിൽ അവതരിപ്പിക്കുക എന്നതാണ് അഭിനേതാക്കൾ എന്ന നിലയിൽ ഞങ്ങളുടെ ജോലി. അതുമാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളൂ.

'ഞങ്ങൾക്ക് ലഭിച്ച കഥാപാത്രത്തെ തിരശ്ശീലയിൽ അവതരിപ്പിക്കുക എന്നതാണ് അഭിനേതാക്കൾ എന്ന നിലയിൽ ഞങ്ങളുടെ ജോലി. അതുമാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളൂ.

 • Share this:

  വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടയിലും 2023ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിലൊന്നായി മാറുകയാണ് ദി കേരള സ്റ്റോറി. ഈ മാസമാദ്യം പ്രദർശനത്തിനെത്തിയ ചിത്രം ഇതിനോടകം നേടിയിരിക്കുന്നത് 201.7 കോടി രൂപയാണ്. ഇക്കൊല്ലം പുറത്തിറങ്ങിയ ഹിന്ദി സിനിമകളിൽ ഏറ്റവുമധികം കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ദി കേരള സ്റ്റോറി. ഇസ്ലാമിലേക്ക് മതംമാറ്റപ്പെടുകയും ശേഷം ഐഎസ്‌ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം യുവതികളുടെ കഥ പറഞ്ഞ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സുദിപ്‌തോ സെന്നാണ്.

  അദാ ശർമയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. യോഗിത ബിഹാനി അവതരിപ്പിച്ചിരിക്കുന്ന നിമ എന്ന കഥാപാത്രവും കഥാഗതിയിൽ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. യോഗിതയുടെ മൂന്നാമത്തെ സിനിമയാണ് കേരള സ്‌റ്റോറി. നേരത്തേ എകെ വേഴ്‌സസ് എകെ, വിക്രം വേദ എന്നീ സിനിമകളിലും യോഗിത അഭിനയിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ നേരിടാൻ താൻ മാനസികമായി തയ്യാറെടുത്തിരുന്നില്ലെന്ന് യോഗിത പറയുന്നു. കേരള സ്‌റ്റോറി ഉയർത്തിയ കോളിളക്കങ്ങളെക്കുറിച്ചും അവ കൈകാര്യം ചെയ്തതിനെക്കുറിച്ചും ന്യൂസ് 18നോട് മനസ്സുതുറക്കുകയായിരുന്നു യോഗിത.

  Also read-The Kerala Story| കേരള സ്റ്റോറി ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു; 13 ദിവസം കൊണ്ട് 200 കോടി

  ‘ഞാൻ ഇതിനൊന്നും തയ്യാറെടുത്തിരുന്നില്ല. വളരെ ലളിതമായി ജീവിക്കാനിഷ്ടപ്പെടുന്നയാളാണ് ഞാൻ. ഞാനൊരു സിനിമയിൽ അഭിനയിക്കുന്നു, അത് പ്രദർശനത്തിനെത്തുന്നു, ആളുകൾ അതു കാണുന്നു, ഇഷ്ടപ്പെടുന്നു. അത്രതന്നെ. അതാണെൻ്റെ ജീവിതം. പക്ഷേ, ഈ സിനിമ അല്പം വ്യത്യസ്തമായിരുന്നു. ഒരുപാട് കാര്യങ്ങൾ ഇതിനെ ചുറ്റിപ്പറ്റി പെട്ടന്ന് സംഭവിച്ചുകൊണ്ടിരുന്നു. ഞാൻ വല്ലാത്ത ടെൻഷനിലായി. എന്താണ് കാര്യമെന്ന് പറഞ്ഞുതരാൻ എനിക്കറിയില്ല. പക്ഷേ, എന്തോ ബുദ്ധിമുട്ട് എനിക്കുണ്ടായിരുന്നു. ഈ മൂന്നു സ്ത്രീകളുടെ കഥകളോടും ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തോടും എനിക്ക് ആത്മാർത്ഥത തോന്നിയിരുന്നു. അവർക്കു ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് കാണിച്ചുകൊടുക്കണം എന്നായിരുന്നു എനിക്ക്. അത്രയേ എനിക്ക് ചെയ്യണമെന്നുണ്ടായിരുന്നുള്ളൂ. ജോലി ചെയ്യാൻ ഈ ഇൻഡസ്ട്രി തെരഞ്ഞെടുക്കുമ്പോൾ, നമ്മൾ ചെയ്യുന്നതെന്താണോ അത് കോടിക്കണക്കിന് ആളുകൾക്കു മുന്നിലേക്ക് വച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. അക്കാര്യം ഞാൻ മനസ്സിലാക്കി. ഈ ആളുകൾക്കെല്ലാം വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ടായിരിക്കാം.’ യോഗിത പറയുന്നു.

  കേരള സ്റ്റോറിയുടെ ഉള്ളടക്കത്തെക്കുറിച്ച് വലിയ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഒരു വിഭാഗം രാഷ്ട്രീയപ്പാർട്ടികൾ കേരള സ്റ്റോറി ഒരു പ്രോപ്പഗാൻഡ സിനിമയാണെന്ന ആരോപണമുന്നയിക്കുന്നുണ്ട്. സിനിമയുടെ ഭാഗമായ അഭിനേതാക്കൾക്കും സൈബറിടങ്ങളിൽ ധാരാളം ഭീഷണികളും ട്രോളുകളും നേരിടേണ്ടിവരുന്നുണ്ട്.

  ഇത്തരം സന്ദർഭങ്ങളിൽ ആക്രമിക്കപ്പെടാൻ ഏറെ എളുപ്പമുള്ളവരാണ് അഭിനേതാക്കളും കലാകാരന്മാരുമെന്ന് യോഗിത പറയുന്നു. ‘ഞങ്ങൾക്ക് ലഭിച്ച കഥാപാത്രത്തെ തിരശ്ശീലയിൽ അവതരിപ്പിക്കുക എന്നതാണ് അഭിനേതാക്കൾ എന്ന നിലയിൽ ഞങ്ങളുടെ ജോലി. അതുമാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളൂ. ആസിഫയുടെ ഉദാഹരണം തന്നെയെടുക്കാം. സോണിയ അവതരിപ്പിച്ച കഥാപാത്രമാണ് ആസിഫ. അവൾക്ക് ധാരാളം വിദ്വേഷ കമൻ്റുകൾ ലഭിക്കുന്നുണ്ട്. പക്ഷേ, ആ കഥാപാത്രം ഏറ്റെടുത്ത് അവതരിപ്പിക്കാൻ വലിയ ധൈര്യം വേണമെന്നാണ് എനിക്ക് തോന്നുന്നത്. ഇതെല്ലാം അനുഭവിക്കേണ്ടിവരും എന്ന് അവൾക്കറിയാമായിരുന്നു. എങ്കിലും ഒരു അഭിനേതാവ് എന്ന നിലയിൽ അവൾക്കതിനുള്ള ധൈര്യമുണ്ടായിരുന്നു. അതുകൊണ്ട്, അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേരിലും അവർ ചെയ്യുന്ന ജോലിയുടെ പേരിലും അവരെ അഭിനന്ദിക്കേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അഭിനേതാക്കളായ ഞങ്ങൾക്ക് തിരക്കഥ ലഭിക്കുമ്പോൾ അതിൽ പറഞ്ഞിരിക്കുന്നതു പോലെ പെർഫോം ചെയ്യുകയാണ് ചെയ്യുന്നത്. അത്രയേ ഞങ്ങൾക്ക് ചെയ്യാൻ കഴിയുകയുമുള്ളൂ.’

  Also read-The Kerala Story | മമതയ്ക്ക് തിരിച്ചടി;’ദ കേരള സ്റ്റോറി’ സിനിമ നിരോധനം സുപ്രീം കോടതി നീക്കി

  അഭിനയിക്കുക എന്നതിൽക്കവിഞ്ഞ് തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും, സിനിമയ്ക്ക് വിലക്കുണ്ടായാൽപ്പോലും അത്തരം ചർച്ചകളിൽ തങ്ങൾക്ക് ഭാഗമാകാൻ കഴിയില്ലെന്നും യോഗിത പറയുന്നു. തൻ്റെ ജോലി ചിത്രീകരത്തോടെ കഴിയുകയാണ്. അക്കാര്യം ജനങ്ങൾ മനസ്സിലാക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും യോഗിത കൂട്ടിച്ചേർത്തു. ‘ധാരാളമാളുകൾ കുടുംബത്തെക്കുറിച്ചും മറ്റും കമന്റുകളിടുന്നുണ്ട്. അത് ശരിയായ നടപടിയല്ല. ഈ ഇൻഡസ്ട്രിയിൽ ജോലി ചെയ്യാൻ ഞാൻ തീരുമാനിച്ചു എന്നു കരുതി, എൻ്റെ കുടുംബം അതിൻ്റെ പേരിൽ ബുദ്ധിമുട്ടരുത്. അക്കാര്യം ജനങ്ങൾ പരിഗണിക്കണം.’ യോഗിത പറയുന്നു.

  ബലാത്സംഗ രംഗങ്ങൾ അടക്കമുള്ള ബുദ്ധിമുട്ടേറിയ രംഗങ്ങൾ ചിത്രീകരിക്കുന്നതിലെ കഷ്ടപ്പാടുകളെക്കുറിച്ചും യോഗിത വിശദീകരിക്കുന്നുണ്ട്. അത്തരം രംഗങ്ങൾ മരവിപ്പോടെയാണ് ചെയ്തു തീർത്തതെന്നും നടി പറയുന്നു. ‘സിനിമയിലെ ബലാത്സംഗ രംഗങ്ങളെല്ലാം അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽത്തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. കണ്ടുനിൽക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും, അവ ചിത്രീകരിക്കുമ്പോൾ, മുഖഭാവങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നന്നായിത്തന്നെയാണ് സംവിധായകൻ കൈകാര്യം ചെയ്തിരിക്കുന്നത്. അദാ ശർമ അഭിനയിച്ച സീനുകളും അങ്ങനെത്തന്നെയാണ് ചെയ്തിരിക്കുന്നത്. ഞാൻ ആ സീനിൽ അഭിനയിക്കുമ്പോഴും, ഒരു പെൺകുട്ടിയ്ക്ക് ഒരിക്കലും സൗകര്യപ്രദമായി ചെയ്യാൻ കഴിയുന്ന രംഗമല്ല അതെന്ന് എനിക്കറിയാമായിരുന്നു. സെറ്റിലുള്ള മറ്റ് അഭിനേതാക്കളും ആ സീൻ ഷൂട്ട് ചെയ്യുന്നതിൽ അസ്വസ്ഥരായിരുന്നു. ഞങ്ങളെല്ലാവരും മരവിച്ച അവസ്ഥയിലായിരുന്നു. ആക്ഷൻ, റിയാക്ഷൻ, കട്ട് എന്ന് മാത്രം ചിന്തിച്ചാണ് ആ രംഗം തീർത്തത്. അതിൽക്കൂടുതൽ ആലോചിച്ചിരുന്നെങ്കിൽ, എനിക്കത് വളരെക്കാലം നീണ്ടു നിൽക്കുന്ന തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കിയേനെ.’ യോഗിത ന്യൂസ് 18 നോട് പറഞ്ഞു.

  First published:

  Tags: Love Jihad movie, The Kerala Story