• HOME
  • »
  • NEWS
  • »
  • buzz
  • »
  • വിധി വന്നു; വാളെടുത്ത് അഡ്മിൻമാർ; ലെഫ്റ്റടിച്ച് അംഗങ്ങൾ; സോഷ്യൽ മീഡിയയിൽ കോലാഹലം

വിധി വന്നു; വാളെടുത്ത് അഡ്മിൻമാർ; ലെഫ്റ്റടിച്ച് അംഗങ്ങൾ; സോഷ്യൽ മീഡിയയിൽ കോലാഹലം

വിധിയുടെ പശ്ചാത്തലത്തിൽ അഡ്മിൻമാർ വാളെടുത്തതോടെ പല വാട്സാപ്പ് ഗ്രൂപ്പുകളും സജീവമല്ലാതായി. അഡ്മിൻമാർ നിയന്ത്രണം കൊണ്ടുവന്നതോടെ പലരും ഇതിന്റെ പേരിൽ കലഹിച്ച് പുറത്തുപോയി.

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: അയോധ്യ കേസിൽ പരമോന്നത കോടതിയുടെ സുപ്രധാന വിധി വന്നതോടെ സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ പരിഭവവും പിണക്കവും. വിധിയുടെ പശ്ചാത്തലത്തിൽ അഡ്മിൻമാർ വാളെടുത്തതോടെ പല വാട്സാപ്പ് ഗ്രൂപ്പുകളും സജീവമല്ലാതായി. അഡ്മിൻമാർ നിയന്ത്രണം കൊണ്ടുവന്നതോടെ പലരും ഇതിന്റെ പേരിൽ കലഹിച്ച് പുറത്തുപോയി.

    മതസൗഹാർദം തകർക്കുന്ന വിധത്തിൽ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന മുന്നറിപ്പിന്റെ പശ്ചാത്തലത്തിലാണ് വാട്സാപ്പ് ഗ്രൂപ്പുകളിലെ അഡ്മിൻകാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചത്. രാവിലെ 10.30ന് വിധി വന്നതോടെ ടെക്സ്റ്റുകളോ ചിത്രങ്ങളോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാനുള്ള അനുമതി പലഗ്രൂപ്പുകളുടെയും അഡ്മിൻമാർ തങ്ങൾക്ക് മാത്രമാക്കി സെറ്റിംഗ്സിൽ മാറ്റംവരുത്തി.

    വ്യത്യസ്ത മതവിശ്വാസവും രാഷ്ട്രീയ ചിന്താഗതിയും പുലർത്തുന്നവർ സുപ്രീംകോടതി വിധിയുടെ പേരിൽ ഗ്രൂപ്പിൽ തമ്മിലടിക്കുന്നത് ഒഴിവാക്കാൻ മാത്രമല്ല പലരും ഈ മുൻകരുതൽ സ്വീകരിച്ചത്. മതസ്പർധ വളർത്തുന്ന പോസ്റ്റുകൾ ഗ്രൂപ്പുകളിൽ വന്നാൽ അഡ്മിൻമാർ ജാമ്യമില്ലാതെ അകത്താകുമെന്ന പൊലീസ് മുന്നറിയിപ്പാണ് സ്വമേധയാ ഗ്രൂപ്പിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പലരെയും പ്രേരിപ്പിച്ചത്.

    Also Read- Ayodhya verdict | കൊച്ചിയിൽ രണ്ടു പേർക്കെതിരെ കേസ്

    എന്നാൽ പെട്ടെന്ന് തങ്ങൾക്ക് യാതൊന്നും പോസ്റ്റ് ചെയ്യാൻ കഴിയാതെ വന്നതോടെ 'അപമാനിച്ചു' എന്നാരോപിച്ച് പല അംഗങ്ങളും പ്രകോപിതരായി. അതുകൊണ്ടരിശം തീരാത്ത ഇവരിൽ ചിലർ 'ലെഫ്റ്റ്' അടിച്ച് ഗ്രൂപ്പിൽ നിന്ന് പുറത്തുപോയി. എന്നാൽ അതിനുശേഷമാണ് ചിലർക്കെങ്കിലും അബദ്ധം ബോധ്യമായത്. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പുറത്തുപോയ ഇവര്‍ക്ക് ഇനി ഗ്രൂപ്പിൽ തിരിച്ചുകയറണമെങ്കിൽ 24 മണിക്കൂറെങ്കിലും കാത്തിരിക്കണം. നിയന്ത്രണങ്ങളുടെ പേരിൽ പല വാട്സാപ്പ് ഗ്രൂപ്പിലും വാദപ്രതിവാദം നടക്കുകയാണ്.

    ഫേസ്ബുക്ക് പേജുകളുടെയും ഗ്രൂപ്പുകളുടെയും അവസ്ഥയും സമാനമാണ്. പലരും സുപ്രീംകോടതി വിധിയിൽ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തി പോസ്റ്റുകൾ ഇട്ടെങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കണ്ട് പിൻവലിച്ചു. കൊച്ചിയിൽ പ്രകോപനപരമായ കമന്റിട്ട രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പൊലീസ് നിർദേശങ്ങൾ ലംഘിച്ച് പോസ്റ്റിട്ട ഒരു പ്രമുഖ ഗ്രൂപ്പിനെതിരെയും നടപടിയുണ്ടായി. പൊലീസ് കർശന നടപടിയെടുത്തുവെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ഫേസ്ബുക്കിലെ വിമർശകരെല്ലാം പത്തിമടക്കി. അതുകൊണ്ടുതന്നെ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പലതും ആളൊഴിഞ്ഞ പൂരപ്പറമ്പായി മാറി.

    Also Read- ഫേസ്ബുക്ക് പോസ്റ്റ്: എം സ്വരാജ് എംഎൽഎക്കെതിരെ ഡിജിപിക്ക് യുവമോർച്ചയുടെ പരാതി

    First published: