• HOME
 • »
 • NEWS
 • »
 • buzz
 • »
 • ബുള്ളറ്റിന്‍റെ ടയറിൽ കൊമ്പ് കൊണ്ട് കുത്തി ചിന്നംവിളിച്ച് കാട്ടാന; ഡാറ്റ്സൺ മരണം മുന്നിൽ കണ്ട നിമിഷം

ബുള്ളറ്റിന്‍റെ ടയറിൽ കൊമ്പ് കൊണ്ട് കുത്തി ചിന്നംവിളിച്ച് കാട്ടാന; ഡാറ്റ്സൺ മരണം മുന്നിൽ കണ്ട നിമിഷം

ഒരു വളവ് തിരിഞ്ഞ് വരുന്നതിനിടെ റോഡിൽ നിലയുറപ്പിച്ച കാട്ടാനയുടെ മുന്നിലേക്ക് അകപ്പെടുകയായിരുന്നു. എന്ത് ചെയ്യണമെന്ന് പോലും അറിയാതെ കുഴങ്ങിപ്പോയ നിമിഷങ്ങളായിരുന്നു അതെന്ന് ഡാറ്റ്സൺ പറയുന്നു

 • Last Updated :
 • Share this:
  തൃശൂർ: കാട്ടാനയുടെ മുന്നിൽ അകപ്പെട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് അന്നമനട ചെമ്മാശേരി തോമസിന്റെ മകന്‍ ഡാറ്റ്സന്‍ (43) . കഴിഞ്ഞ ദിവസം മലക്കപ്പാറയിൽ നിന്ന് ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ആനക്കയത്ത് വെച്ചാണ് ഡാറ്റ്സൺ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. ബുള്ളറ്റിൽ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. ഒരു വളവ് തിരിഞ്ഞ് വരുന്നതിനിടെ റോഡിൽ നിലയുറപ്പിച്ച കാട്ടാനയുടെ മുന്നിലേക്ക് അകപ്പെടുകയായിരുന്നു. എന്ത് ചെയ്യണമെന്ന് പോലും അറിയാതെ കുഴങ്ങിപ്പോയ നിമിഷങ്ങളായിരുന്നു അതെന്ന് ഡാറ്റ്സൺ പറയുന്നു. കാട്ടാനയുടെ ആക്രമണത്തിൽ മരണം ഉറപ്പിച്ചിരുന്നു.

  പെട്ടെന്ന് തന്‍റെ മുന്നിലേക്ക് എത്തിയ ബുള്ളറ്റും അത് ഓടിച്ചിരുന്നയാളെയും കാട്ടാന ഒന്ന് നോക്കി. അതിനുശേഷം ആന ബുള്ളറ്റിന്റെ ചക്രത്തില്‍ കൊമ്ബുകൊണ്ട് തട്ടി. പിന്നീട് തലകുലുക്കി ചിന്നം വിളിച്ചു. ഈ സമയമത്രയും ഭയന്ന് വിറച്ച് ഒന്ന് നിലവിളിക്കാൻ പോലുമാകാതെ ബുള്ളറ്റിൽ തന്നെ ഇരിക്കുകയായിരുന്നു ഡാറ്റ്സൺ. ഇദ്ദേഹത്തിന് പിന്നാലെ മറ്റ് വാഹനങ്ങളിലെത്തിയവർ ഈ ദൃശ്യം മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. അവരും ഡാറ്റ്സൺ രക്ഷപ്പെടുമെന്ന് ഉറപ്പിച്ചിരുന്നില്ല. എന്തുംവരട്ടെയെന്ന് കരുതി ഡാറ്റ്സൺ അനങ്ങാതെ നിന്നു.

  എന്നാൽ അൽപ്പ നിമിഷങ്ങൾക്കകം ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ആന പിൻവാങ്ങുകയായിരുന്നു. ഉടൻ തന്നെ കൊമ്പൻ കാടുകയറുകയും ചെയ്തു. ആനയെ വിരട്ടുന്നതിനായി ശബ്ദമുണ്ടാക്കുകയോ ഒന്നും തന്നെ ചെയ്യാതെയാണ് ആന പിൻവാങ്ങിയത്. ആന പോയതോടെയാണ് ഡാറ്റ്സനും കണ്ടുനിന്നവർക്കും ശ്വാസം വീണത്. തിരികെ വീട്ടിലെത്തിയിട്ടും ആനയുടെ മുന്നിൽ അകപ്പെട്ടതിന്‍റെ ഷോക്ക് വിട്ടുമാറിയിട്ടില്ലെന്ന് ഡാറ്റ്സൺ പറയുന്നു. എന്തുകൊണ്ടാണ് ആന തന്നെ ആക്രമിക്കാതെ പിൻവാങ്ങിയതെന്ന് ഇപ്പോഴും അറിയില്ലെന്ന് ഇദ്ദേഹം പറയുന്നു.

  അന്നമനട സ്വദേശി ഷെജില്‍ മേത്തര്‍ മലക്കപ്പാറയില്‍ ആരംഭിക്കുന്ന ഹോട്ടലിന്റെ ടൈല്‍ ജോലിക്കാണ് ഡാറ്റ്സണന്‍ എത്തിയത്. ജോലി കഴിഞ്ഞ് ചാലക്കുടിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

  ഒറ്റയടിക്ക് നാല് കോഴികളെ അകത്താക്കിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

  ഒറ്റയടിക്ക് നാല് കോഴികളെ അകത്താക്കിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ഭൂതത്താൻകെട്ടിലാണ് സംഭവം. ഭൂതത്താൻകെട്ടിൽ ബോട്ട് ജെട്ടിക്കു സമീപമുള്ള വീട്ടിലെ കോഴിക്കൂട്ടിൽക്കയറിയ പെരുമ്പാമ്പ് നാല് കോഴികളെ വിഴുങ്ങുകയും ഒന്നിനെ കൊല്ലുകയും ചെയ്തു.

  വെളുപ്പിനെ കോഴിക്കൂട്ടിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പെരുമ്പാമ്പിനെ കണ്ടത്. വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലി എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഏകദേശം 30 കിലോ തൂക്കവും 12 അടി നീളവുമുള്ള പാമ്പിനെ വനപാലകർ പിന്നീട് കരിമ്പാനി വനത്തിൽ തുറന്നു വിട്ടു.

  മഴക്കാലത്ത് മലവെള്ളപ്പാച്ചിലിൽ രാജവെമ്പാല ഉൾപ്പെടെയുള്ള പാമ്പുകൾ ഒഴുകിയെത്താൻ സാധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണമെന്ന് മാർട്ടിൻ മേക്കമാലി പറഞ്ഞു. മുമ്പും പാമ്പുകളെ ധാരാളമായി കണ്ടുവരുന്ന മേഖലയാണിത്.

  Also Read- തൃശ്ശൂരിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

  കഴിഞ്ഞ ഒരു മാസത്തിനിടെ മലപ്പുറം വണ്ടൂരിലെ ജനവാസ മേഖലയില്‍ നിന്ന് പിടികൂടിയത് 12 ലധികം പാമ്പുകളെയാണ്. ഇതില്‍ അധികവും മൂര്‍ഖന്‍ പാമ്പുകളാണെന്നതാണ് അപകടകരം. മഴ ശക്തമായതോടെ നാട്ടിന്‍ പുറങ്ങളില്‍ ഇഴജന്തുക്കളുടെ ശല്യം വര്‍ധിക്കുന്നതായി പരാതിയുയരുകയാണ്.
  Published by:Anuraj GR
  First published: