• HOME
  • »
  • NEWS
  • »
  • buzz
  • »
  • Lollipop | കുട്ടികളുടെ നാവ് പൊള്ളിക്കും ഈ മിഠായികൾ; കൊടുക്കും മുമ്പ് സൂക്ഷിക്കുക

Lollipop | കുട്ടികളുടെ നാവ് പൊള്ളിക്കും ഈ മിഠായികൾ; കൊടുക്കും മുമ്പ് സൂക്ഷിക്കുക

നല്ല മധുരമുള്ള ഇത്തരം ലോലിപോപ്പുകൾ കുട്ടികൾക്ക് ഏറെ പ്രിയമുള്ളതാണ്. മധുരത്തിനൊപ്പം അൽപം പുളിപ്പുമുണ്ടാവും. ആസിഡ് അംശം ഉള്ളതിനാലാണ് ഈ പുളിപ്പും മധുരവുമുള്ളത്.

  • Share this:
    കുട്ടികൾ ചെറുപ്പത്തിൽ ധാരാളം മധുരവും (Sweets) മിഠായിയുമൊക്കെ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇക്കാര്യത്തിൽ രക്ഷിതാക്കൾ (Parents) ഒരു നിയന്ത്രണം വെച്ചില്ലെങ്കിൽ കുട്ടിയുടെ ആരോഗ്യത്തിനെ തന്നെ ബാധിക്കും. ലോലിപോപ്പ് (Lollipop) കഴിച്ച് മകന് നാവിൽ പൊള്ളലേറ്റതിൻെറ ദുരവസ്ഥ വിശദീകരിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ദമ്പതികൾ. എല്ലാ രക്ഷിതാക്കളും ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് അവർ പറയുന്നു. പൊള്ളലേറ്റ മകന് എത്രയും പെട്ടെന്ന് വിദഗ്ദ ചികിത്സയും നൽകേണ്ടി വന്നു. അൽപം പുളിപ്പുള്ള അമ്ലരസം (Acid Content) കൂടിയ ലോലിപോപ്പാണ് കുട്ടിയുടെ വായിൽ പൊള്ളലുണ്ടാക്കിയത്.

    കുട്ടിയുടെ പൊള്ളലേറ്റ നാവിൻെറ ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്. കുട്ടിക്ക് ഏറ്റവും പ്രിയപ്പെട്ട ലോലിപോപ്പ് കഴിച്ചപ്പോഴാണ് പൊള്ളലേറ്റത്. അമിതമായി ആസിഡ് ചേർത്ത് ഉണ്ടാക്കുന്ന മിഠായിയാണ് ഇതെന്ന് ഡോക്ടർമാർ വിശദീകരിച്ചു. ഇതാണ് പൊള്ളലേൽക്കാൻ കാരണമായത്. കുട്ടി കഴിച്ച ലോലിപോപ്പ് ഏത് കമ്പനിയുടേതാണെന്ന് പുറത്ത് വിട്ടിട്ടില്ല. പക്ഷേ, ഇതിൻെറ ദോഷവശങ്ങളെല്ലാം രക്ഷിതാക്കൾ വിശദമായി പറയുന്നുണ്ട്. നിങ്ങളുടെ കുട്ടികൾക്ക് എന്ത് തരത്തിലുള്ള മിഠായികളും കൊടുക്കും മുമ്പ് രണ്ടാമതൊന്ന് ആലോചിക്കണമെന്ന് മകൻെറ അവസ്ഥയെ മുൻനിർത്തി അവർ പറയുന്നു.

    “നാല് വയസ്സിന് താഴെയുള്ളവർക്ക് മധുരവും പുളിപ്പുമുള്ള ലോലിപോപ്പുകൾ നൽകരുത്. ഇത് കുട്ടികളുടെ വായിനെയും നാവിനെയും ഗുരുതരമായി ബാധിച്ചേക്കും. ആസിഡ് അംശം ഉള്ളത് കൊണ്ട് ഇത്തരം ലോലിപോപ്പുകളുടെ കവറിന് പുറത്ത് മുന്നറിയിപ്പ് എഴുതണമെന്നും ദന്തഡോക്ടർമാർ പറയുന്നു," സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വിശദീകരിക്കുന്നു.

    കുട്ടികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പോരാടുന്ന ആക്ടിവിസ്റ്റായ നിക്കി ജുർക്കുട്സ് തൻെറ മകൾക്കുണ്ടായ ദുരനുഭവം നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് ദി മിറർ റിപ്പോർട്ട് ചെയ്യുന്നു. ലോലിപോപ്പുകൾ കഴിക്കുന്നതിൻെറ ദൂഷ്യവശങ്ങളെക്കുറിച്ചായിരുന്നു അവരുടെ പോസ്റ്റ്. കൂടുതൽ പുളിപ്പുള്ള അമ്ലരസം കൂടിയ ലോലിപോപ്പ് കഴിച്ചപ്പോൾ തൻെറ മകളുടെ നാവിൽ പൊള്ളലുണ്ടായെന്നും അവർ പറഞ്ഞു. അപകട സാധ്യത കൂടുതലുള്ളതിനാൽ കമ്പനികൾ വ്യക്തമായ മുന്നറിയിപ്പ് കവറിന് പുറത്ത് നൽകണമെന്ന് ഓസ്ട്രേലിയൻ ഡെൻറൽ അസോസിയേഷനിലെ ഡോക്ടറായ ജൊനാഥൻ പറഞ്ഞു.

    നല്ല മധുരമുള്ള ഇത്തരം ലോലിപോപ്പുകൾ കുട്ടികൾക്ക് ഏറെ പ്രിയമുള്ളതാണ്. മധുരത്തിനൊപ്പം അൽപം പുളിപ്പുമുണ്ടാവും. ആസിഡ് അംശം ഉള്ളതിനാലാണ് ഈ പുളിപ്പും മധുരവുമുള്ളത്. കുട്ടികൾക്ക് പ്രിയപ്പെട്ടത് ആയതിനാൽ രക്ഷിതാക്കളും ഇത് വാങ്ങി നൽകാൻ നി‍ർബന്ധിതരാവുന്നു. ഏതായാലും പുറത്ത് വരുന്ന വാ‍ർത്തകൾ ഇത്തരം ലോലിപോപ്പുകളുടെ ദൂഷ്യവശം പുറത്ത് കൊണ്ട് വരുന്നതാണ്. വിദഗ്ദ ഡോക്ടർമാർ തന്നെയാണ് ഇത് എത്രത്തോളും അപകടകരമാണെന്ന് പറയുന്നത്.

    ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സ‍ർവീസിൻെറ കണക്കുകൾ പ്രകാരം 11 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളാണ് ഏറ്റവും കൂടുതൽ മധുരം കഴിക്കുന്നത്. നാല് വയസ്സിനും ആറ് വയസ്സിനും ഇടയിലുള്ള കുട്ടികൾ 19 ഗ്രാമിലധികം മധുരം ഒരു ദിവസം കഴിക്കാൻ പാടില്ല. 7 വയസ്സിനും 10 വയസ്സിനും ഇടയിലുള്ളവ‍ർക്ക് ഈ പരിധി 24 ഗ്രാമാണ്.
    Published by:Sarath Mohanan
    First published: