ലോകത്തിലെ ഏറ്റവും മികച്ച ബോസ് എന്ന് പറയുമ്പോൾ നിങ്ങളുടെ മനസ്സിലെ സങ്കൽപ്പങ്ങൾ എന്താണ്. നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനത്തെ അംഗീകരിക്കുന്നയാൾ..നിങ്ങൾക്ക് എപ്പോഴും പ്രചോദനം നൽകുന്നയാൾ.. നിങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നയാൾ... ജീവനക്കാരോട് ഏറ്റവും നന്നായി പെരുമാറുന്നയാൾ... എന്നിങ്ങനെയൊക്കെ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. തീർച്ചയായും ഇതെല്ലാം ഒരു നല്ല ബോസിൻെറ ലക്ഷണങ്ങൾ തന്നെയാണ്.
ഇതെല്ലാം ഒത്തിണങ്ങിയിട്ടുള്ള ഒരാളാണ് അടിവസ്ത്ര നിർമ്മാണ കമ്പനിയായ സ്പാൻക‍്‍സിൻെറ (Spanx) ഉടമ സാറ ബ്ലേക‍്‍ലി (Sara Blakely). ഏകദേശം 7,97,855 രൂപയാണ് അവർ ജീവനക്കാർക്ക് ബോണസായി നൽകിയത്. തീർന്നില്ലാ, ലോകത്തെവിടെയും സഞ്ചരിക്കുന്നതിന് വേണ്ടി രണ്ട് ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റുകളും ജീവനക്കാർക്ക് അവർ നൽകിയിട്ടുണ്ട്. ദി മിററാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ജീവനക്കാർക്കുള്ള ബോണസിൻെറയും ടിക്കറ്റിൻെറയും വിശദാംശങ്ങൾ സാറ പ്രഖ്യാപിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. “ജീവനക്കാർക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകാനാണ് ആഗ്രഹിച്ചത്. ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതിൽ വലിയ സന്തോഷമുണ്ട്. ലോകത്തിലെ എല്ലാ സ്ത്രീകൾക്കുമായി ഞാൻ ഈ നിമിഷം സമർപ്പിക്കുകയാണ്,” സമ്മാനങ്ങൾ പ്രഖ്യാപിച്ച് കൊണ്ട് സാറ പറഞ്ഞു. ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്ത് ലോകത്തിലെ ഏത് ഹോട്ടലിലും പോയി ഭക്ഷണം കഴിക്കാൻ ജീവനക്കാർക്ക് അവസരമുണ്ടെന്നും അവർ പറഞ്ഞു.
വ്യവസായ മേഖലയിൽ 21 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് സ്പാൻക്സ്. അങ്ങനെയൊരു സാഹചര്യത്തിൽ കൂടിയാണ് സാറ സമ്മാനം പ്രഖ്യാപിച്ചത്. പ്രസംഗത്തിലുടനീളം സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കാൻ വേണ്ടിയാണ് അവർ ശ്രമിച്ചത്. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട വാചകങ്ങളും സന്ദേശങ്ങളും അവർ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
സമാനമായ രീതിയിൽ മറ്റൊരു സമ്മാനത്തിൻെറ കഥ കേരളത്തിലുമുണ്ട്. മലയാളി വ്യവസായിയും മൈജി (myG) കമ്പനിയുടെ ഉടമയുമായ എകെ ഷാജി തൻെറ ജീവനക്കാരന് ഏറ്റവും പുതിയ മോഡൽ ബെൻസ് കാറായ ജിഎൽ ക്ലാസ്സ് 220Dയാണ് സമ്മാനിച്ചത്. ഏകദേശം 45 ലക്ഷം രൂപയാണ് ഈ ആഡംബര കാറിൻെറ വില. കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് ആൻറ് ഹോം അപ്ലയൻസസ് കമ്പനിയാണ് മൈ ജി.
സിആർ അനീഷ് എന്ന ജീവനക്കാരനാണ് കാർ സമ്മാനമായി ലഭിച്ചത്. 22 വർഷത്തോളം കെഎ ഷാജിക്കൊപ്പം നിന്ന് ബിസിനസ് സംരംഭം കെട്ടിപ്പടുക്കുന്നതിന് എല്ലാ പിന്തുണയും നൽകിയിട്ടുള്ളയാളാണ് അനീഷ്. മൈജി തുടങ്ങിയ കാലം മുതൽ ഷാജിക്കൊപ്പം അനീഷുണ്ട്. കമ്പനിയുടെ മാർക്കറ്റിങ്, മെയിൻറനൻസ്, ബിസിനസ് ഡെവലപ്മെൻറ് യൂണിറ്റുകളിലാണ് അദ്ദേഹം ജോലി ചെയ്തിട്ടുള്ളത്. നിലവിൽ മൈജിയുടെ ചീഫ് ബിസിനസ് ഡെവലപ്മെൻറ് ഓഫീസറായി ജോലി നോക്കുകയാണ് അനീഷ്.
തൻെറ പാർട്ണറാണ് അനീഷെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയിയോയിൽ ഷാജി പരിചയപ്പെടുത്തുന്നത്. ആത്മാർഥതയും ലക്ഷ്യം നേടുന്നതിനുള്ള അർപ്പണബോധത്തോടെയുള്ള പ്രവർത്തനവുമാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നതെന്നും ഷാജി പറഞ്ഞു. ഇതിനും മുമ്പും ഷാജി തൻെറ ജീവനക്കാർക്ക് കാർ സമ്മാനമായി നൽകിയിട്ടുണ്ട്. വിനോദയാത്രകളും അദ്ദേഹം ജീവനക്കാർക്കായി സംഘടിപ്പിക്കാറുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.