• HOME
 • »
 • NEWS
 • »
 • buzz
 • »
 • Bihar | വർഷത്തിലൊരിക്കൽ ഗ്രാമം ഒഴിപ്പിക്കും; 12 മണിക്കൂർ ​വനത്തിൽ; ബീഹാർ ​ഗ്രാമത്തിലെ വ്യത്യസ്തമായ ആചാരം

Bihar | വർഷത്തിലൊരിക്കൽ ഗ്രാമം ഒഴിപ്പിക്കും; 12 മണിക്കൂർ ​വനത്തിൽ; ബീഹാർ ​ഗ്രാമത്തിലെ വ്യത്യസ്തമായ ആചാരം

വർഷങ്ങൾക്ക് മുൻപ് ഈ ഗ്രാമം പകർച്ചവ്യാധികൾക്കും പ്രകൃതിദുരന്തങ്ങൾക്കും ഇരയായിരുന്നുവെന്ന് പ്രാദേശിക ഐതിഹ്യങ്ങൾ പറയുന്നു.

 • Share this:
  വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ. പുരാതന കാലം മുതൽ നമ്മുടെ സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ആചാരങ്ങളുമെല്ലാം വൈവിധ്യമാർന്നതാണ്. ഇന്ത്യയിലെ ചില ഗ്രാമപ്രദേശങ്ങളിലെ ഇത്തരം ആചാരങ്ങളിൽ പലതും വിചിത്രമായി തോന്നാമെങ്കിലും അവ യുഗങ്ങളായി അത്യധികം ഭക്തിയോടെ പിന്തുടരുന്നവയാണ്. ബീഹാറിലെ (Bihar) വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബഗാഹയിലെ നൗറംഗിയ (Naurangiya) ഗ്രാമത്തിലുമുണ്ട് അത്തരമൊരു പരമ്പരാ​ഗതമായ ആചാരം.

  രാമായണത്തിൽ പറയുന്നതനുസരിച്ച് ശ്രീരാമൻ 14 വർഷം വനവാസത്തിൽ ആയിരുന്നു. ഇതുപോലെ, ഈ ഗ്രാമത്തിലുള്ളവർ എല്ലാ വർഷവും വൈശാഖ മാസത്തിലെ നവമി നാളിൽ 12 മണിക്കൂർ സ്വയം വനവാസം അനുഷ്ഠിക്കുന്നു. ഈ പാരമ്പര്യം ഗ്രാമവാസികളുടെ പൂർവികർ തലമുറകൾക്ക് മുൻപേ ആരംഭിച്ചതാണ്. അത് ഇപ്പോഴും പിന്തുടരുന്നു.

  തരു (Tharu) വിഭാ​ഗത്തിൽ പെട്ട ആളുകൾ കൂടുതലുള്ള ഈ ഗ്രാമത്തിലെ ആളുകൾ വീടുകളിൽ നിന്നുമിറങ്ങി ഒരു ദിവസത്തേക്ക് മുഴുവൻ ഗ്രാമം ഒഴിപ്പിക്കുന്നു. 12 മണിക്കൂർ ഇവർ ഗ്രാമത്തിന് പുറത്തുള്ള വനത്തിലേക്കാണ് പോകുന്നത്. ഇങ്ങനെ പോകുമ്പോൾ തങ്ങളുടെ കന്നുകാലികളെ പോലും കൂടെക്കൊണ്ടു പോകുന്നു. അങ്ങനെ ചെയ്താൽ ദേവിയുടെ കോപം മാറുമെന്നാണ് വർഷങ്ങളായി ഇവർ വിശ്വസിക്കുന്നത്.

  വർഷങ്ങൾക്ക് മുൻപ് ഈ ഗ്രാമം പകർച്ചവ്യാധികൾക്കും പ്രകൃതിദുരന്തങ്ങൾക്കും ഇരയായിരുന്നുവെന്ന് പ്രാദേശിക ഐതിഹ്യങ്ങൾ പറയുന്നു. വസൂരിയും കോളറയും ഒക്കെ ഇവിടെ പൊട്ടിപ്പുറപ്പെട്ടു. കൂടെക്കൂടെയുള്ള തീപിടുത്തങ്ങളും ഉണ്ടായിരുന്നു. അപ്പോഴാണ് ബാബ പരമഹൻസ് (Baba Paramhans) എന്നറിയപ്പെടുന്ന ഒരു സന്യാസി നവമി ദിനത്തിൽ ഗ്രാമം മുഴുവൻ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ട ദേവിയെ സ്വപ്നം കണ്ടത്. ഗ്രാമവാസികൾ അത് പിന്തുടരുകയും ഗ്രാമം എല്ലാ ദുരന്തങ്ങളിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു.

  എല്ലാ വർഷവും നവമി ദിനത്തിൽ ആളുകൾ വീടൊഴിഞ്ഞ് വാൽമീകി കടുവാ സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന ഭജനികുറ്റിയിൽ ദുർഗാദേവിയെ ആരാധിച്ച് ദിവസം മുഴുവൻ ചെലവഴിക്കുന്നു. ഈ ദിവസം വനമേഖലയിൽ വൻ ജനക്കൂട്ടം സംഘടിപ്പിക്കുന്നത് തടയാൻ വനം വകുപ്പ് പലപ്പോഴും ശ്രമിച്ചിരുന്നുവെങ്കിലും ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

  മതവിശ്വാസവുമായും അല്ലാതെയുമൊക്കെ ബന്ധപ്പെട്ട് രാജ്യത്ത് പല തരത്തിലുള്ള ആചാരങ്ങൾ നിലനിൽക്കുന്നുണ്ട്. അതിലൊന്നാണ് വിധവകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആചാരങ്ങൾ. എന്നാൽ അടുത്തിടെ കർണാകയിലെ ഒരു ​ഗ്രാമം ഇക്കാര്യത്തിലും മാതൃകാപരമായ ഒരു മാറ്റം കൊണ്ടുവന്നിരുന്നു. . വിധവകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആചാരങ്ങളെല്ലാം ഇല്ലാതാക്കാനുള്ള പ്രമേയം കോലാപൂരിലെ ഹെർവാഡ് (Herwad) ഗ്രാമപഞ്ചായത്ത് ഐകകണ്‌ഠേനയാണ് പാസാക്കിയത്. വർണ്ണാഭമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നത്, നിർഭാഗ്യവതികളെന്ന് സമൂഹം കാണുന്നത്, കുടുംബ ചടങ്ങുകളിൽ നിന്നും ആഘോഷങ്ങളിൽ നിന്നും വിലക്കുന്നത് തുടങ്ങി വിധവകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളാണ് ​ഹെർവാഡ് ഗ്രാമപഞ്ചായത്ത് ഇനി മുതൽ വേണ്ടെന്നു വെച്ചത്. കോവിഡ് ബാധിച്ച് ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീകളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികളും പ‍ഞ്ചായത്ത് ആരംഭിച്ചു. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 5000 രൂപ ധനസഹായവും നൽകിയിട്ടുണ്ട്.
  Published by:Jayashankar Av
  First published: