• HOME
  • »
  • NEWS
  • »
  • buzz
  • »
  • THIS HOTEL OWNER FIXES OLD CARS AND GIVE THEM TO THE COMMUNITY PEOPLE FOR FREE SAR

യാത്രയ്ക്കായി ബുദ്ധിമുട്ടുന്നോ? സൗജന്യമായി സെക്കന്റ് ഹാന്‍ഡ് വാഹനങ്ങള്‍ നൽകും ഈ ഹോട്ടൽ ഉടമ 

ഇത് വരെ ഇത്തരം 100 കാറുകളാണ് മിഡില്‍ടണ്‍ ശേഖരിച്ച് ശരിയാക്കി, തന്റെ സമൂഹത്തിലെ 33 അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

News18

News18

  • Share this:
    യാത്രയ്ക്കായി ബുദ്ധിമുട്ടുന്ന തന്റെ ചുറ്റുമുള്ളവര്‍ക്കായി പഴയ കാറുകള്‍ റിപ്പെയര്‍ ചെയ്ത് സൗജന്യമായി നല്‍കുന്ന ഒരു ഭക്ഷണശാല ഉടമസ്ഥനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? അങ്ങ് അമേരിക്കയിലെ തെക്കന്‍ കരോലിനയിലാണ് ഈ മനുഷ്യ സ്‌നേഹി ജീവിയ്ക്കുന്നത്. മുപ്പത്തിയെട്ടുകാരനായ എലിയറ്റ് മിഡില്‍ടണ്‍ ആണ് ഈ താരം. തന്റെ ഒഴിവു വേളകള്‍ താന്‍ തന്നെ സമാഹരിക്കുന്ന ഉപയോഗശൂന്യമായ കാറുകള്‍ റിപ്പയര്‍ ചെയ്ത് ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി നല്‍കുകയാണ് ഈ ചെറുപ്പക്കാരന്റെ വിനോദം.

    ഓട്ടോ മെക്കാനിക്കായി ജോലി ചെയ്തിരുന്ന മിഡില്‍ടണ്‍ തന്റെ ഗ്രാമ പ്രദേശത്ത് യാത്രാ സൗകര്യങ്ങള്‍ക്കായി ബുദ്ധിമുട്ടുവര്‍ ഏറെയാണ് എന്ന് തിരിച്ചറിഞ്ഞിരുന്നു. അങ്ങനെയാണ് തന്റെ അച്ഛന്റെ പാരമ്പര്യം കാത്തു സൂക്ഷിച്ചു കൊണ്ട് ഇത്തരത്തിലൊരു പൊതുജന സേവന ഉദ്യമത്തിലേക്ക് മിഡില്‍ടണ്‍ തിരിഞ്ഞത്.

    2020ലാണ് മിഡില്‍ടണ്‍ ഇത്തരത്തില്‍ കാറുകള്‍ റിപ്പയര്‍ ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്ത് തുടങ്ങിയത്. ഇത് വരെ ഇത്തരം 100 കാറുകളാണ് മിഡില്‍ടണ്‍ ശേഖരിച്ച് ശരിയാക്കി, തന്റെ സമൂഹത്തിലെ 33 അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇങ്ങനെ താന്‍ കാര്‍ നല്‍കിയ ആരുടെ പക്കല്‍ നിന്നും മിഡില്‍ടണ്‍ ഒരു രൂപ പോലും വാങ്ങിയിട്ടുമില്ല. തന്റെ സംരംഭത്തിനെക്കുറിച്ച് വാഷിങ്ങ്ടണ്‍ പോസ്റ്റിനോട് സംസാരിക്കവെ മിഡില്‍ടണ്‍ പറഞ്ഞതിങ്ങനെയാണ്, “ഈ ഗ്രാമ പ്രദേശത്ത് വാഹന ഗതാഗതത്തിനായി ബുദ്ധിമുട്ടുന്നവര്‍ ഏറെയാണ്. എനിക്ക് എന്റെ നേരത്തത്തെ മെക്കാനിക്ക് അനുഭവങ്ങളില്‍ നിന്ന് എന്റെ സമൂഹത്തിലെ അംഗങ്ങളെ സഹായിക്കാന്‍ സാധിക്കുമെന്ന് മനസ്സിലായിരുന്നു.”

    ഉപയോഗശൂന്യമായ കാറുകള്‍ ലഭിക്കുന്നതിനായി, മിഡില്‍ടണ്‍ തന്റെ ഭക്ഷണശാലയില്‍ നിന്നും ഒരു പ്ലേറ്റ് മാംസാഹാരം സൗജന്യമായി നല്‍കാറുണ്ട്. ഇത്തരത്തില്‍ പഴയ കാറുകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ഈ സൗജന്യം ലഭിക്കുക. ഈ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി മിഡില്‍ടണ്‍ ഒരു ഓണ്‍ലൈന്‍ സംഭാവന പ്രചരണ പരിപാടിയും തുടങ്ങിയിട്ടുണ്ട്, എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

    ഈ ആശയത്തിലേക്ക് മിഡില്‍ടണിനെ നയിച്ചത്, 2019ല്‍ അദ്ദേഹം നടത്തിയ ഒരു ഭക്ഷണവിതരണ പരിപാടിയാണ്. അന്ന് 250 ബോക്‌സ് ബാര്‍ബിക്യൂ ആണ് അദ്ദേഹം വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. 250 ബോക്‌സും വിതരണം ചെയ്തു തീരുകയും, ഭക്ഷണം ലഭിക്കാത്തവര്‍ തിരികെ വീട്ടിലേക്ക് നടന്നു പോവുകയും ചെയ്തു. അതിനെക്കുറിച്ച് മിഡില്‍ പറയുന്നത് ഇങ്ങനെയാണ്, “ഞാന്‍ അവരില്‍ കുറച്ചു പേരോട് ഇതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി, അപ്പോള്‍ അറിയാന്‍ സാധിച്ചത്, അവരില്‍ പലരും ഭക്ഷണ ബോക്‌സുകള്‍ക്കായി സമയത്തിന് എത്തുന്നതിന് കാറുകള്‍ ഇല്ലാത്തവരാണ്. അതിനാല്‍ അവര്‍ മൂന്നും നാലും മൈലുകള്‍ നടന്നാണ് ഇവിടെ വരെ എത്തിയതെന്നാണ്. പലര്‍ക്കും ഭക്ഷണം ലഭിച്ചതുമില്ല. ഇത് കണ്ടപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോയിരുന്നു.”

    “അതായിരുന്നു എന്റെ ജീവിതത്തിലെ വഴിത്തിരിവ്, എന്‍രെ ഒഴിവു സമയങ്ങളും എന്റെ മെക്കാനിക്ക് കഴിവുകളും എന്റെ സമൂഹത്തിലെ ആളുകളെ സഹായിക്കുന്നതിനായി ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു,” മിഡില്‍ടണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

    തെക്കന്‍ കരോലിനയിലെ പ്രാദേശിക അധികൃതര്‍ പറയുന്നത് മിഡില്‍ടണിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ചെറിയ പട്ടണ പ്രദേശങ്ങളില്‍ അനുകൂലമായ ഫലം കാണുന്നുണ്ടന്നാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, മിഡില്‍ടണിന്റെ പ്രയത്‌നങ്ങളെ അംഗീകരിച്ചു കൊണ്ട് അദ്ദേഹത്തിനെ ജെഫേഴ്‌സണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. മികച്ച പൊതുജന സേവനങ്ങള്‍ കാഴ്ച വെയ്ക്കുന്ന അമേരിക്കക്കാര്‍ക്ക് നല്‍കുന്ന ദേശീയ അംഗീകാരമാണ് ജെഫേഴ്‌സണ്‍ പുരസ്‌കാരം.
    Published by:Sarath Mohanan
    First published:
    )}