കവര്‍ച്ചാ സംഘത്തിന്റെ ശല്യം രൂക്ഷമായതോടെ സഹികെട്ട് വ്യത്യസ്ഥമായ അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജാര്‍ഖണ്ഡ് റാഞ്ചിയിലെ പുണ്‍ഡാംഗ് മേഖലയിലുള്ള ജനങ്ങള്‍. വീടിന്റെ വാതിലുകളില്‍ കുറിപ്പ് എഴുതി ഒട്ടിച്ച് മോഷ്ടാക്കളെ അകറ്റി നിര്‍ത്താനാണ് പ്രദേശവാസികള്‍ ശ്രമിക്കുന്നത്. ''ഈ വീട്ടില്‍ ഇതിനോടകം മോഷണം നടന്നതാണ്, ദയവായി നിങ്ങളുടെ സമയം നഷ്ടപ്പെടുത്താതിരിക്കുക,'' എന്ന് എഴുതിയ കുറിപ്പുകളാണ് വീടിന്റെ വാതിലുകളില്‍ എഴുതി ഒട്ടിക്കുന്നത്.
മേഖലയില്‍ മോഷണം പതിവായതോടെയാണ് അവസാന രക്ഷ എന്ന നിലയില്‍ മോഷ്ടാക്കളോട് അഭ്യര്‍ത്ഥനയുമായി നാട്ടുകാര്‍ രംഗത്ത് എത്തിയത്. കഴിഞ്ഞ 10 ദിവസത്തിനിടെ സ്ഥലത്തെ 12 ഓളം വീടുകളിലാണ് കവര്‍ച്ച നടന്നത്. ദിവസേന എന്ന രീതിയില്‍ മോഷണം നടന്നിട്ടും ഒരാളെ പോലും പൊലീസിന് പിടികൂടാനായിട്ടില്ല. റാഞ്ചിയിലെ പുണ്‍ഡാംഗ് ഭാഗത്ത് മോഷ്ടാക്കാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഒരു ദിവസം തന്നെ ഒന്നിലധികം വീടുകളിലാണ് മോഷണം നടക്കുന്നത്. സംഘമായി കൃത്യമായ ആസൂത്രണം ചെയ്താണ് ഓരോ മോഷണവും നടത്തുന്നത്. ശനിയാഴ്ച്ച രാത്രി വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ജിത്രേന്ദ്ര എന്ന ആളുടെ വീട്ടിൽ കവർച്ച നടന്നിരുന്നു. പണം, ആഭരണങ്ങൾ മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയാണ് മോഷണം പോയത്. മേഖലയിൽ വാടകക്ക് താമസിക്കുന്ന മനോജ് അഗർവാൾ എന്നയാളുടെ വീട്ടിലും കള്ളൻമാർ കയറി. അന്നേ ദിവസം തന്നെ സഞ്ജീവ് കുമാർ ഖന്ന എന്ന ആളുടെ വീട്ടിലും കവർച്ചാ സംഘം എത്തിയിരുന്നു.
ഒരു തവണ മോഷണം നടന്ന വീടുകളിൽ വീണ്ടും കവർച്ചാ സംഘം എത്തുന്നു എന്നതാണ് ഇത്തരമൊരു അഭ്യർത്ഥന വീടിന്റെ വാതിലുകളിൽ എഴുതി ഒട്ടിക്കാൻ നാട്ടുകാരെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണയാണ് വീട്ടിൽ മോഷണം നടന്നത് എന്നും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടു എന്നും ഭഗവതി നഗറിൽ താമസിക്കുന്ന രേഖ ദേവി പറയുന്നു.
“രണ്ട് തവണ വീട്ടിൽ മോഷണം നടന്നു. ഇനി വീട്ടിൽ ഒന്നും അവശേഷിക്കുന്നില്ല എന്ന് മോഷ്ടാക്കളെ അറിയിക്കുന്നതിനാണ് ഇത്തരം ഒരു പോസ്റ്റർ വീടിന്റെ വാതിലുകളിൽ പതിക്കാം എന്ന് തീരുമാനിച്ചത്,” മറ്റൊരു പ്രദേശവാസിയായ സഞ്ജീവ് ഖന്ന പറഞ്ഞു. നിരന്തരം മോഷണങ്ങൾ നടന്നിട്ടും കള്ളൻമാരെ പൊലീസിന് പിടികൂടാനാകാത്തതിൽ വലിയ അമർഷവും നാട്ടുകാർക്കുണ്ട്.
രാജ്യത്ത് പലയിടങ്ങളിലും മോഷണ പരമ്പരകൾ നടക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട് എങ്കിലും ഇത്തരത്തിൽ മോഷ്ടാക്കളെ അകറ്റാൻ കുറിപ്പ് എഴുതി വീടുകളിൽ ഒട്ടിക്കുന്ന രീതി ഉണ്ടായിട്ടില്ല. നിരന്തരമായ കവർച്ചകളിൽ നിന്ന് രക്ഷ നേടാൻ മറ്റൊരു മാർഗവും കാണാത്തതിനാലാണ് സിനിമകളിലും മറ്റും കണ്ടിട്ടുള്ള മാർഗങ്ങൾ തേടാൻ നാട്ടുകാരെ നിർബന്ധിതരാക്കിയത്. കവർച്ച സംഘത്തെ പൊലീസ് പിടികൂടിയാൽ മാത്രമേ നാട്ടുകാരുടെ ഭീതി അകലൂ. ഇതിനായി പൊലീസ് അന്വേഷണം ഉർജിതമാക്കിയിട്ടുണ്ടെന്നാണ് വിവരം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.