കണ്ണൂർ: അയ്യപ്പനും കോശിയും സിനിമയിലേതുപോലെ പ്രതികാരം തീർക്കാൻ കണ്ണൂരിൽ യുവാവ് അയൽക്കാരന്റെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തിയത് വാർത്തയായിരുന്നു. ചെറുപുഴയിലെ ആൻബിനാണ് 'അയ്യപ്പൻ നായർ' ആയി അയൽക്കാരനായ പുളിയാർമറ്റത്തിൽ സോജിയുടെ പലചരക്ക് കടയും ചായക്കടയും പ്രവർത്തിക്കുന്ന കെട്ടിടം ഇടിച്ചുനിരത്തിയത്. എന്നാൽ വാശിപ്പുറത്ത് ‘അയ്യപ്പനും കോശിയും’ കളിക്കാനിറങ്ങിയതല്ല താനെന്നാണ് ആൽബിൻ വീഡിയോയിൽ പറയുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
Also Read- അര ഡസനിലേറെ കല്യാണം മുടങ്ങി; പ്രതികാരം ചെയ്യാൻ ആൽബിൻ 'അയ്യപ്പൻ നായരായി'
നാടിന് ബാധ്യതയായ ഒരു കെട്ടിടം ഞാൻ ഇടിച്ചുനിരത്തുന്നുവെന്ന് വിഡിയോയിൽ പറഞ്ഞ ശേഷമാണ് ആൽബിൻ കെട്ടിടം ഇടിച്ചുനിരപ്പാക്കിയത്. ''കഴിഞ്ഞ 30 വർഷമായി ഈ കെട്ടിടം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ താവളമാണ്. മദ്യപാനം ലഹരി ഉപയോഗം ഇവിടെ പതിവാണ്. മൂന്നുകൊലക്കേസ്, കഴിഞ്ഞ മാസം രണ്ട് പോക്സോ കേസ് എന്നിങ്ങനെ ഈ കടയുടമയുടെ പേരിൽ റിപ്പോർട്ട് ചെയ്തതാണ്. ഇതുവരെ പരാതിയിൽ പൊലീസ് നടപടിയില്ല. അതുകൊണ്ട് ഈ സ്ഥാപനം ഞാൻ പൊളിച്ചു കളയുന്നു.''- വിഡിയോയുടെ ആമുഖത്തിൽ യുവാവ് പറയുന്നു. പിന്നീട് ജെസിബി ഉപയോഗിച്ച് അതിവേഗം കെട്ടിടം പൊളിച്ചടുക്കുന്നതും വീഡിയോയിൽ കാണാം.
Also Read- അമേരിക്കൻ തെരഞ്ഞെടുപ്പ്: ഡൊണാൾഡ് ട്രംപിന് പിന്തുണയുമായി കേരളത്തിലും പ്രചാരണ ബോർഡ്
കൂമ്പൻകുന്നിലെ പ്ലാക്കുഴിയിൽ ആൽബിനെ (31) സംഭവത്തിന് പിന്നാലെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ കട തുറന്ന സോജി 9 മണിയോടെ കടയടച്ചു വീട്ടിലേക്ക് പോയ സമയത്താണു സംഭവം. തനിക്കു വരുന്ന വിവാഹാലോചനകൾ മുടക്കിയതിലുള്ള വൈരാഗ്യമാണ് കട തകർക്കാൻ കാരണമെന്ന് യുവാവ് പൊലീസിന് മൊഴി നൽകി.
എന്നാൽ യുവാവിന്റെ ആരോപണം സോജി നിഷേധിക്കുന്നു. കെട്ടിടം ഇടിഞ്ഞുവീഴുന്നത് കണ്ട് ഓടിയെത്തിയവരെ യുവാവ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കടയിലുണ്ടായിരുന്ന സാധനങ്ങളും ഫർണിച്ചറും പൂർണമായി നശിച്ചിട്ടുണ്ട്. യുവാവിന്റെ പേരിൽ കേസെടുത്ത പൊലീസ്, മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayyappanum Koshiyum, Kannur, Viral video