പച്ചയിറച്ചി വേവിക്കാതെ കഴിക്കുന്നതിനെപ്പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലങ്കില്‍ അങ്ങനെ കഴിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? മുഖം ചുളിക്കുന്നതിന് മുന്‍പ് ഈ അമേരിക്കക്കാരനെക്കുറിച്ച് ഒന്നറിയു. അമേരിക്കയിലെ നെബ്രസ്‌കയില്‍ നിന്നുള്ള ഈ യുവാവ് കഴിഞ്ഞ മൂന്നു വര്‍ഷമായി ഇറച്ചി പച്ചയായാണ് ഭക്ഷിക്കുന്നത്. 39കാരനായ വെസ്റ്റണ്‍ റോവ് പറയുന്നത്, ഈ ഭക്ഷണശൈലി തന്റെ ഊര്‍ജ നിലകൾ മെച്ചപ്പെടാൻ സഹായിച്ചിട്ടുണ്ടെന്നാണ്. കൂടാതെ ഈ ആഹാര രീതി മൂലം തനിക്ക് യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും ഇതു വരെ ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു.
“99 ശതമാനം ഫാം ഫ്രഷായിട്ടുള്ള പച്ചയിറച്ചിയാണ് ഞാന്‍ കഴിക്കുന്നത്. എന്റെയീ ഭക്ഷണരീതി മൂലം ഒരിക്കല്‍ പോലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയോ മറ്റ് അസുഖങ്ങള്‍ പിടിപെടുകയോ ചെയ്തിട്ടില്ല. ഞാന്‍ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഇനി കഴിക്കുകയുമില്ല. കന്നുകാലികളെയും മറ്റും വളര്‍ത്തുന്ന പ്രാദേശിക കച്ചവടക്കാരില്‍ നിന്നും എന്റെ സുഹൃത്തുക്കളില്‍ നിന്നും എനിക്ക് ആവശ്യത്തിനുള്ള മാംസവും പച്ചയായ പാല്‍ ഉത്പന്നങ്ങളും ലഭിക്കാറുണ്ട്. കൂടാതെ എന്റെ പൂന്തോട്ടത്തില്‍ ഞാന്‍ പഴവര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നുമുണ്ട്.”, വെസ്റ്റണ്‍ പറയുന്നതായി ഡെയിലി മെയിൽ റിപ്പോര്‍ട്ട് ചെയ്യുന്നു.
View this post on Instagram
“പോഷാകാഹാരത്തിന്റെയും ശാരീരിക ഫിറ്റ്‌നസ്സിന്റെയും ലോകത്തിലേക്ക് ഞാന്‍ 20ആം വയസ്സില്‍ എത്തിയതാണ്. എന്നാല്‍ വൈകാതെതന്നെ എന്റെ ഭക്ഷണരീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ചര്‍മ്മത്തെ ബാധിക്കുന്ന എക്‌സീമ, തലച്ചോറിനെ ബാധിക്കുന്ന ബ്രെയിന്‍ ഫോഗ്, ഊര്‍ജം നഷ്ടമാകല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതോടെയായിരുന്നു ഇത്. എന്റെ 35ആം വയസ്സുവരെ മാംസഭക്ഷണമായിരുന്നു ഞാന്‍ കഴിച്ചിരുന്നത്. അന്നുവരെ ഞാന്‍ വേവിച്ച മാംസം മാത്രമേ കണ്ടിട്ടുമുണ്ടായിരുന്നുള്ളു.", എങ്ങനെയാണ് തന്റെയീ അസാധാരണമായ ഭക്ഷണരീതിയിലേക്ക് എത്തിയതെന്ന ചോദ്യത്തിന് വെസ്റ്റണ്‍ ഡെയിലി മെയിലിന് ഉത്തരം നൽകി.
തന്റെ ഭക്ഷണ ക്രമത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, അദ്ദേഹം ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞത്, തന്റെ ഉച്ചഭക്ഷണമാണ് ഇപ്പോൾ തന്റെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം എന്നാണ്. വെസ്റ്റൺ ഒരു പൗണ്ട് സംസ്കരിക്കാത്ത ഇറച്ചി, അര പൗണ്ട് ഉപ്പ് ചേർക്കാത്ത വെണ്ണയും മൂന്നോ നാലോ വേവിക്കാത്ത മുട്ടകളും ചേർത്ത് ഭക്ഷിക്കും. ഒരു കഷ്ണം പഴവും ഇതിലേക്ക് ചേർക്കും. അത്താഴത്തിന്, വെസ്റ്റൺ ഇതേ ഭക്ഷണത്തിനൊപ്പം വേവിച്ച ഉരുളക്കിഴങ്ങും ചേർത്ത് കഴിക്കും.
എന്നിരുന്നാലും, വേവിക്കാത്ത ഇറച്ചി സാൽമൊണെല്ല അണുബാധയ്ക്ക് കാരണമായേക്കാം. "ഞാൻ നൂറുകണക്കിന് പൗണ്ട് അസംസ്കൃത കോഴിയിറച്ചി കഴിച്ചിട്ടുണ്ട്, എന്നാൽ ഒരിക്കൽ പോലും എനിക്ക് ഇതുമൂലം ഒരു അസുഖം വന്നിട്ടില്ല. അസംസ്കൃത മാംസത്തിൽ ബാക്ടീരിയകളുടെ സ്വാഭാവിക സന്തുലിതാവസ്ഥ ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്, അത് നമ്മുടെ ശരീരവുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.”, അണുബാധയെക്കുറിച്ചുള്ള ചോദ്യത്തിന് വെസ്റ്റണിന്റെ ഉത്തരം ഇങ്ങനെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: US, Viral video