സുഹൃത്തുക്കളെ കാണുമ്പോള്‍ പലതരത്തിലുള്ള അഭിവാദ്യങ്ങളും സ്നേഹപ്രകടനങ്ങളും മനുഷ്യര്‍ നടത്താറുണ്ട്. പരസ്പരം കൈകൊടുത്തും, കെട്ടിപ്പിടിച്ചും, കവിളുകള്‍ തമ്മില്‍ ഉരസിയും, ഉമ്മകള്‍ നല്‍കിയുമൊക്കെ ഓരോ നാട്ടിലും വ്യത്യസ്തമായ അഭിവാദ്യങ്ങള്‍ ആളുകള്‍ നടത്തുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ പെട്ടെന്ന് കാണുമ്പോള്‍ സന്തോഷം പ്രകടിപ്പിക്കാന്‍ കൂടി നടത്തുന്ന ഈ അഭിവാദ്യങ്ങള്‍ നമ്മള് മനുഷ്യരുടെ ഇടയില്‍ മാത്രമല്ലെന്നാണ് അടുത്തിടെ വൈറലായ ഒരു ചിത്രം കാട്ടിതരുന്നത്.
ഇപ്പോള്‍ ഒരു നായ്ക്കുട്ടി തന്റെ യജമാനനോടൊപ്പമുള്ള നടത്തതില്‍ പതിവായി കണ്ടുമുട്ടുന്ന നായ്ക്കുട്ടികളെ കെട്ടിപ്പിടിച്ച് അഭിവാദ്യം നടത്തുന്നതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ മൃഗ സ്നേഹികളുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. ലണ്ടന്‍ സ്വദേശിയായ ജെയിംസ് ക്വിര്‍ക്കിന്റെ വെല്‍ഷ് ടെറിയര്‍ ഇനത്തില്‍പ്പെട്ട ഡക്ക് എന്ന നായ്ക്കുട്ടിയുടെ കെട്ടിപ്പിടുത്തമാണ് ഇപ്പോൾ ശ്രദ്ധപിടിച്ച് പറ്റിയിരിക്കുന്നത്.
ഇന്റര്നെറ്റിലുടനീളെ ഡക്കിന്റെ സ്നേഹപ്രകടനം ആളുകള്‍ സന്തോഷത്തോടെ സ്വീകരിച്ചു കഴിഞ്ഞു. ജെയിംസിനോടൊപ്പം നടക്കാന്‍ പോകുമ്പോഴെല്ലാം കാണുന്ന തന്റെ എല്ലാ നായ് സുഹൃത്തുക്കളെയും ആലിംഗനം ചെയ്യാന്‍ ഈ നായ്ക്കുട്ടിക്ക് ആവേശമാണ്. ഈ മനോഹരമായ അഭിവാദ്യം സഹനായ്ക്കളുമായി നടത്തിയതിന് ശേഷമാണ് ഡക്ക് മറ്റുകാര്യങ്ങളിലേക്ക് കടക്കുക.
നായ്ക്കുട്ടിയുടെ ഉടമയായ ജെയിംസ് ക്വിര്‍ക്ക് പറയുന്നത്, ഡക്ക് പുറത്ത് പോകാനും പാര്‍ക്കില്‍ തന്റെ സുഹൃത്തുക്കളെ കാണാനും ഇഷ്ടപ്പെടുന്നു എന്നാണ്. “അവരോടൊപ്പം ഓടാനും കളിക്കാനും അവന് ആഗ്രഹിക്കുന്നു. അവന് തന്റെ സുഹൃത്തുക്കളില്‍ ആരെയെങ്കിലും കണ്ടുമുട്ടുമ്പോഴെല്ലാം, അവര്‍ക്ക് ഒരു മനോഹരമായ ആലിംഗനം നല്‍കാനും ആഗ്രഹിക്കുന്നു,” ജെയ്ംസ് പറയുന്നു.
എല്ലാവരോടും വളരെ സൗഹാര്‍ദപരമായി പെരുമാറുന്നതാണ് ഡക്കിന്റെ സ്വഭാവം. പക്ഷെ, ഡക്കിന്റെ ഈ അഭിവാദ്യം മനസ്സിലാക്കാന്‍ പലപ്പോഴും മറ്റ് നായ്ക്കള്‍ക്ക് കഴിയാറില്ല. ചെറിയ നായ്ക്കുട്ടികളെ മാത്രമല്ല വലിയ നായ്ക്കളെയും ഡക്ക് ആലിംഗനം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. വ്യത്യസ്ത ഇനം നായ്ക്കളെ പോലും ഡക്ക് വേര്‍തിരിച്ച് കാണുന്നില്ലെന്ന് ജെയിംസ് പറയുന്നു.
തന്റെ അതെ ഇനത്തിലുള്ള നായ്ക്കളെ ആലിംഗനം ചെയ്യുന്നതിന് ഡക്കിന് എളുപ്പമാണ്. കാരണം അവര്‍ ഒരേ വലുപ്പമുള്ളവരാണ്. എന്നാല്‍ പലതവണ അവന് മറ്റ് ഇനങ്ങളിലെ നായ്ക്കളുടെ പിന്നാലെ ഓടിച്ചെന്ന് സ്നേഹം പ്രകടിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. ഏഴുമാസം പ്രായമുള്ള ഡക്ക് വളരെ ചെറുപ്പത്തില്‍ മുതല്‍ ഇത് ചെയ്യുന്നുണ്ടെന്നാണ് ഉടമ പറയുന്നത്.
അവന്റെ ഈ സ്നേഹപ്രകൃതി കണക്കിലെടുത്ത്, മിക്കപ്പോഴും നായയെ കൂടെ കൊണ്ടുപോകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് നായ്ക്കളെ കൂടാതെ, പുതിയ ആളുകളെ കണ്ടുമുട്ടാനും ഡക്ക് ഇഷ്ടപ്പെടുന്നു. നായ്ക്കുട്ടിക്ക് അവന്റെ പ്രിയപ്പെട്ട മൃഗങ്ങളുടെ ചിത്രങ്ങള്‍ പോലും ഉണ്ട്, അതും കെട്ടിപ്പിടിക്കാന്‍ ഇവന് ശ്രമിക്കാറുണ്ടെന്ന് ജെയിംസ് വെളിപ്പെടുത്തി.
“ഡക്ക് ഒരു അസാധാരണമായ പ്രത്യേകതകള്‍ നിറഞ്ഞ നായ്ക്കുട്ടിയാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അവന് ഒരു സാധാരണ നായ്ക്കുട്ടി മാത്രമാണ്. അവന് എല്ലാ കാര്യങ്ങളിലും താല്‍പ്പര്യമുണ്ട്, പ്രത്യേകിച്ച് അവന്റെ കളിപ്പാട്ടങ്ങള്‍. അവന് അവ താഴെ വെയ്ക്കുകയെയില്ല,” ജെയ്ംസ് പറയുന്നു. മറ്റ് നായ്ക്കളോടും മൃഗങ്ങളോടുമൊപ്പമുള്ള ഡക്കിന്റെ ചിത്രങ്ങളുടെ ഒരു ശേഖരം തയ്യാറാക്കുന്നുണ്ടെന്നും അവന് മറ്റ് നായ്ക്കളെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഫോട്ടോകള്‍ എല്ലായ്പ്പോഴും തങ്ങളുടെ പ്രിയപ്പെട്ടതായിരിക്കുമെന്നും ജെയിംസ് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.