• HOME
 • »
 • NEWS
 • »
 • buzz
 • »
 • Goats | പുല്ല് ചെത്താൻ പരിസ്ഥിതി സൗഹൃദ മാ‍ർഗം; ആടുകളെ വാടകയ്ക്ക് നൽകി വൻ ലാഭം കൊയ്ത് ദമ്പതികൾ

Goats | പുല്ല് ചെത്താൻ പരിസ്ഥിതി സൗഹൃദ മാ‍ർഗം; ആടുകളെ വാടകയ്ക്ക് നൽകി വൻ ലാഭം കൊയ്ത് ദമ്പതികൾ

പരിസ്ഥിതി സൗഹൃദമായ രീതിയിൽ ആടുകളെ നിലം നന്നാക്കാൻ വേണ്ടി ഉപയോഗിക്കാമെന്ന് ഇവ‍ർ തെളിയിക്കുകയാണ്.

 • Share this:
  സാധാരണ ആളുകൾ എന്തിന് വേണ്ടിയാണ് ആടുകളെ (Goats) വളർത്തുന്നത്? പ്രധാനമായും രണ്ട് ഉത്തരങ്ങളാണുള്ളത്. പാലിന് വേണ്ടി അല്ലെങ്കിൽ മാംസത്തിന് വേണ്ടി. എന്നാൽ യു.കെയിലെ (UK) വെൽഷിലുള്ള രണ്ട് ദമ്പതിമാർ വ്യത്യസ്തമായ ആവശ്യത്തിന് വേണ്ടി ആടിനെ വളർത്തി വാടകയ്ക്ക് നൽകുകയാണ്. ഡോൺ ഹാർട്ട് – റിച്ചാർഡ് വൈറ്റ് ദമ്പതികൾ പുല്ലുവെട്ടുന്ന യന്ത്രത്തിന് (Lawnmowers) പകരമായാണ് ആടുകളെ വാടകയ്ക്ക് നൽകുന്നത്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ആടുകളെ നിലം നന്നാക്കാൻ വേണ്ടി ഉപയോഗിക്കാമെന്ന് ഇവ‍ർ തെളിയിക്കുകയാണ്. യുകെയിൽ ആദ്യമായാണ് ഇത്തരമൊരു ബിസിനസ് രണ്ട് പേർ ആരംഭിക്കുന്നതെന്ന് വെയിൽസ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

  യന്ത്രങ്ങളും രാസവസ്തുക്കളുമൊക്കെ ഉപയോഗിച്ചാണ് ഇക്കാലത്ത് സാധാരണ പുല്ല് വെട്ടി നിലം വൃത്തിയാക്കാറുള്ളത്. എന്നാൽ ആടുകളെ ഉപയോഗിച്ചാൽ ഇത് വളരെ എളുപ്പത്തിൽ നടക്കും. മൂന്ന് വർഷം മുമ്പാണ് ദമ്പതികൾ ചേർന്ന് ‘ബയോ ഗോട്ട്സ് ടു റെൻറ്’ എന്ന പേരിൽ കമ്പനി തുടങ്ങിയത്. ഇന്ന് 200ലധികം ആടുകളാണ് ഇവർക്ക് സ്വന്തമായിട്ടുള്ളത്. “ഞങ്ങൾക്ക് 200ലധികം ആടുകളുണ്ട്. ഓരോന്നിനെയും പേര് കൊണ്ട് എനിക്ക് തിരിച്ചറിയാൻ സാധിക്കും,” ഹാർട്ട് പറഞ്ഞു.

  പുല്ല് ധാരാളമുള്ള നിലത്ത് ഇറക്കി വിട്ടാൽ ആടുകൾ മുകളിൽ നിന്ന് താഴേക്ക് വൃത്തിയായി പുല്ല് കഴിച്ച് തുടങ്ങും. പൂക്കളും ഇലകളും തണ്ടുകളുമടക്കം ഭക്ഷിക്കുന്ന ആടുകൾ ചെടികളുടെ വേരിനെ വെറുതെ വിടും. അതിനാൽ മണ്ണൊലിപ്പ് തടയാനും സാധിക്കും. വിഷമുള്ള സസ്യങ്ങളെയടക്കം ആടുകൾ ഭക്ഷണമാക്കും. അത്രയ്ക്ക് മികച്ചതാണ് ഇവയുടെ ദഹന വ്യവസ്ഥ. ആടുകളുടെ മൂത്രവും വിസർജ്യവും വളമാണെന്നതിനാൽ ഇവയെക്കൊണ്ട് നന്നാക്കുന്ന നിലത്തിന് ഗുണം കൂടുകയേയുള്ളൂ.

  ആടുകളെ വാടകയ്ക്ക് നൽകുന്ന ബിസിനസ് ആരംഭിക്കുകയാണെന്ന് പറഞ്ഞപ്പോൾ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം തങ്ങളെ കളിയാക്കിയിരുന്നുവെന്ന് ഹാർട്ട് പറഞ്ഞു. എന്നാൽ തങ്ങൾക്ക് ബിസിനസ് വിജയകരമായി മുന്നോട്ട് പോവുമെന്ന് ഉറപ്പുണ്ടായിരുന്നു. കളിയാക്കിയവർ തന്നെ ഇപ്പോൾ വീട്ടിലെ പൂന്തോട്ടം വൃത്തിയാക്കാനും കൃഷിയിടം നന്നാക്കാനുമൊക്കെ തങ്ങളെ സമീപിക്കുമ്പോൾ സന്തോഷമുണ്ടെന്നും ഹാർട്ട് പറഞ്ഞു.

  വലിയ സ്ഥലം നന്നാക്കാനാണെങ്കിൽ 30 ആടുകളെയാണ് ഒന്നിച്ച് വാടകയ്ക്ക് നൽകുക. ചെറിയ സ്ഥലമാണെങ്കിൽ കുറഞ്ഞത് മൂന്ന് ആടുകളെ നൽകും. കൂട്ടമായി പോവാനാണ് ഇവയ്ക്ക് എപ്പോഴും താൽപര്യമെന്നും ഹാർട്ട് പറയുന്നു. നന്നാക്കാനുള്ള സ്ഥലത്തിൻെറ വലിപ്പം, ആവശ്യമുള്ള ആടുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ആവശ്യക്കാരിൽ നിന്ന് പണം ഈടാക്കുക. ആട്ടിടയൻമാരെ ആവശ്യമെങ്കിൽ അതിന് അധിക തുകയും നൽകണം.

  ആടുകൾ കൂട്ടംതെറ്റി പോവാതിരിക്കാനും, അതിർത്തി കടന്ന് പോവാതിരിക്കാനും വളരെ നവീനമായ ഐഡിയയും ഇവർ കണ്ടുപിടിച്ചിട്ടുണ്ട്. ജിപിഎസ് സംവിധാനം വഴി ഓരോ ആടുകളും എവിടെയാണ് ഉള്ളതെന്ന് ഉടമകൾക്ക് മനസ്സിലാക്കാൻ സാധിക്കും. ദമ്പതികളുടെ പുത്തൻ ആശയം യുകെയിൽ വലിയ തരംഗമായിരിക്കുകയാണ്. രാജ്യത്തിൻെറ എല്ലാ മേഖലകളിൽ നിന്നും ഇവരെത്തേടി ആവശ്യക്കാർ എത്തുന്നുണ്ട്. വിവിധ പ്രദേശങ്ങളിൽ ഫ്രാഞ്ചൈസികൾ തുടങ്ങാനും ദമ്പതികൾക്ക് പദ്ധതിയുണ്ട്.
  Published by:Jayashankar Av
  First published: