ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ വിശുദ്ധ റമദാന് (Ramadan) ആചരിക്കുകയാണ്. ഇതിനിടെ വൃത്യസ്തങ്ങളായ നിരവധി ഇഫ്താര്‍ വിരുന്നുകളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അബുദാബിയിലെ (Abu Dhabi) സാംസ്കാരിക ടൂറിസം വകുപ്പ് വിശ്വാസികള്‍ക്കായി സുഹൂര്‍, ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കാന്‍ നിരവധി ഇടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കടല്‍ത്തീരങ്ങളിലും മൃഗശാലയിലെ സിംഹങ്ങള്‍ക്കൊപ്പവും (lions) സുഹൂര്‍, ഇഫ്താര്‍ വിരുന്നുകള്‍ ആസ്വദിക്കാനാണ് ഇത്തവണ അവസരമൊരുക്കിയിരിക്കുന്നത്.
അബുദാബിയിലെ സാംസ്ക്കാരിക ടൂറിസം വകുപ്പ് അടുത്തിടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചിരുന്നു. അബുദാബിയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സിംഹങ്ങളോടൊപ്പം ഭക്ഷണം കഴിക്കാനും സാദിയാത്ത് കടല്‍ത്തീരത്ത് നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിന് കീഴിലിരുന്ന് സുഹൂര്‍ വിരുന്ന് ആസ്വദിക്കാനുമുള്ള അവസരമുണ്ട്. അല്‍ ഐന്‍ മൃഗശാലയിലെ വിഭവസമൃദ്ധമായ ഇഫ്താറില്‍ ആളുകള്‍ എങ്ങനെയാണ് പങ്കെടുക്കുന്നതെന്ന് പോസ്റ്റിനൊപ്പമുള്ള വീഡിയോയില്‍ കാണിക്കുന്നുണ്ട്. എമിറേറ്റ്സ് പാര്‍ക്ക് മൃഗശാലയില്‍ ആനകള്‍ക്കും ജിറാഫുകള്ക്കുമിടയില് ചിലര്‍ ഇഫ്താര്‍ ആസ്വദിക്കുന്നതെങ്ങനെയെന്നും മറ്റൊരു വീഡിയോയില്‍ കാണിക്കുന്നുണ്ട്.
പ്രാദേശിക സമയം വൈകുന്നേരം 5.30 മുതല്‍ രാത്രി 8 വരെയാണ് ഇഫ്താര്‍ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് അല്‍ ഐന്‍ സഫാരി നടത്തുന്ന സണ്‍സെറ്റ് ടൂറിനും പോകാം. നാല് മുതല്‍ 12 പേര് വരെയുള്ള ഗ്രൂപ്പുകള്‍ക്കാണ് സണ്‍സെറ്റ് ടൂറിന് അവസരമൊരുക്കുന്നത്. 12 വയസ്സും അതില്‍ കൂടുതലുമുള്ളവര്‍ക്കാണ് പ്രവേശനം.
സിംഹങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനു പുറമെ അബുദാബി അല്‍ ബാഹിയയിലെ എമിറേറ്റ്സ് പാര്‍ക്ക് മൃഗശാലയില്‍ ആനകള്‍ക്കും ജിറാഫുകള്‍ക്കും ഇടയില്‍ ഭക്ഷണം കഴിക്കാനുള്ള ഓപ്ഷനുമുണ്ട്. ജിറാഫുകളുമൊത്തുള്ള പ്രത്യേക ഇഫ്താറിന് അഞ്ച് ആളുകളടങ്ങുന്ന ഗ്രൂപ്പുകളെയാണ് അനുവദിച്ചിരിക്കുന്നത്. ഏകദേശം രണ്ട് മണിക്കൂര്‍ ഇഫ്താര്‍ വിരുന്ന് നീണ്ടുനില്‍ക്കും. ഒരു ദിവസത്തെ സൗജന്യ പ്രവേശനം, ടൂര്‍ ഗൈഡ്, ആഫ്രിക്കന്‍ ഡ്രമ്മിംഗ് എന്നിവയും എമിറേറ്റ്സ് പാര്‍ക്ക് മൃഗശാലയിലെ ഇഫ്താര്‍ ബുക്കിംഗില്‍ ഉള്‍പ്പെടുന്നു.
ഫൂക്കെറ്റ്സ് അബുദാബി ആന്‍ഡ് ആര്‍ട്ട് ലോഞ്ച്, ലൂവ്രെ അബുദാബി, സാദിയാത്ത് ദ്വീപ് എന്നിവിടങ്ങളും ഇഫ്താറിനും സുഹൂറിനും വേണ്ടി ഗവണ്മെന്റ് അനുവദിച്ചിരിക്കുന്ന മറ്റ് സ്ഥലങ്ങളാണ്. അറബ് രാജ്യത്തെ ആദ്യത്തെ യൂണിവേഴ്സല്‍ മ്യൂസിയമായ ജീന്‍ നൂവലിന്റെ ഐക്കണിക് ഡോമിലും ഇഫ്താര്‍ വിരുന്ന് ഒരുക്കിയിട്ടുണ്ട്. അതിഥികള്‍ക്ക് ഫൂക്കെറ്റ്സില് എമിറാത്തി-ഫ്രഞ്ച് ഫൈന്‍ ഡൈനിംഗ് ഇഫ്താറും ആസ്വദിക്കാനാകും. കൂടാതെ സാദിയാത്ത് ദ്വീപിലും ലൂവ്രെ അബുദാബിയിലും ലഘുഭക്ഷണങ്ങള്‍ ലഭിക്കും. സാദിയാത്ത് കടല്‍ത്തീരത്ത് തത്സമയ അറബിക് സംഗീതവും വിരുന്നിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത സഫാരി പാര്‍ക്കിലെ 'ഇഫ്താര്‍ വിത്ത് ദ ലയണ്‍സ്' പരിപാടി വിശുദ്ധമാസം മുഴുവനും നീണ്ടുനില്‍ക്കുന്ന ഒന്നാണ്. കോവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ രണ്ട് വർഷത്തെ റമദാൻ വേളകളിലും ഒത്തുചേരലുകളും വിരുന്നുകളും കര്‍ശനമായി നിരോധിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.