ആരുണിയുടെ പേരിലെ @aarunikurup എന്ന ടിക്ടോക് അക്കൗണ്ടിന് കീഴിലെ വീഡിയോകളുടെ ചുവടെ കമന്റുകളുടെ സ്ഥാനത്ത് വീഴുന്നത് കണ്ണീരാണ്. ഒൻപത് വയസ്സുകാരിയായ ടിക്ടോകിലെ ഈ കുഞ്ഞു താരം ഇനി ഈ ലോകത്തില്ല എന്ന് വിശ്വസിക്കാൻ പലർക്കും ആവുന്നില്ല. പനിയെതുടർന്ന് കൊല്ലം കണ്ണനല്ലൂർ ചേരിക്കോണം രമ്യയിൽ ആരുണി എസ്. കുറുപ്പ് എന്ന ഒൻപത് വയസ്സുകാരി മരണമടഞ്ഞത് ഞെട്ടലോടെയാണ് ടിക്ടോക് പ്രേക്ഷകരും ആരുണിയുടെ കളിചിരികളുടെ ആരാധകരും നേരിടുന്നത്.
പനിയെതുടര്‍ന്ന് തലച്ചോറിലുണ്ടായ അണുബാധയെത്തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആ നാലാം ക്ലാസുകാരി മരണത്തിന് കീഴടങ്ങിയത്.
രസകരമായ അംഗവിക്ഷേപങ്ങളും, കുസൃതിയും ആരുണിയുടെ വീഡിയോകളുടെ ഹൈലൈറ് ആണ്. സാരി ചുറ്റിയും, തട്ടമിട്ടും, വള്ളത്തിൽ കയറിയുമൊക്കെ അവൾ പ്രേക്ഷകരുടെ സ്നേഹം ഏറ്റുവാങ്ങി.
ഇക്കഴിഞ്ഞ ഞായറാഴ്ച പനിയും തലവേദനയും വന്നതിനെ തുടർന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ആരുണിയെ പ്രവേശിപ്പിക്കുകയും, നില വഷളായതിനെത്തുടർന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ബുധനാഴ്ച രാവിലെയോടെ മരണം സംഭവിച്ചു.
മരണകാരണം കണ്ടെത്തണമെങ്കിൽ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച കുട്ടിയുടെ തൊണ്ടയിലെ സ്രവ സാംപിളിന്റെ റിപ്പോർട്ട് വന്നാലേ കഴിയൂ. എഴുകോൺ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
കഴിഞ്ഞ വർഷമാണ് ആരുണിയുടെ പിതാവ് സനോജ് സോമരാജൻ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചത്. സനോജിന്റെയും അശ്വതിയുടെയും ഏക മകളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.