• HOME
  • »
  • NEWS
  • »
  • buzz
  • »
  • Mobile Phone | അമ്മയുടെ ഫോണില്‍ കളിച്ച് രണ്ട് വയസ്സുകാരന്‍ ഓര്‍ഡര്‍ ചെയ്തത് 31 ബര്‍ഗറുകള്‍; ബില്ലിനു പുറമേ ടിപ്പും

Mobile Phone | അമ്മയുടെ ഫോണില്‍ കളിച്ച് രണ്ട് വയസ്സുകാരന്‍ ഓര്‍ഡര്‍ ചെയ്തത് 31 ബര്‍ഗറുകള്‍; ബില്ലിനു പുറമേ ടിപ്പും

പ്രദേശത്തെ മക്ഡൊണാള്‍ഡ് ഔട്ട്ലെറ്റില്‍ നിന്ന് 31 ചീസ് ബര്‍ഗറുകളാണ് കുട്ടി ഓര്‍ഡര്‍ (order) ചെയ്തത്.

  • Share this:
    ഇന്നത്തെ കുട്ടികളെല്ലാം സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയുന്നവരാണ്. എന്നാൽ വളരെ ചെറിയ കുട്ടികൾക്ക് ഫോണിലെ ഓരോ കാര്യങ്ങളും കൃത്യമായി അറിയണമെന്നില്ല. അടുത്തിടെ, യുഎസിലെ ടെക്‌സാസില്‍ ഒരു 2 വയസ്സുകാരന്‍ (2 year old toddler) ഫോണിൽ കളിച്ച് ചിലവാക്കിയത് ഏകദേശം 75 ഡോളറാണ്. പ്രദേശത്തെ മക്ഡൊണാള്‍ഡ് ഔട്ട്ലെറ്റില്‍ നിന്ന് 31 ചീസ് ബര്‍ഗറുകളാണ് (31 cheeseburgers) കുട്ടി ഓര്‍ഡര്‍ (order) ചെയ്തത്.

    കെല്‍സി ബര്‍ഖാല്‍ട്ടര്‍ ഗോള്‍ഡന്‍ എന്നാണ് കുട്ടിയുടെ അമ്മയുടെ പേര്. അവര്‍ തന്റെ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്തിരിക്കുകയായിരുന്നു. കിട്ടിയ അവസരം മുതലെടുത്ത് മകന്‍ ബാരറ്റ് ഫോണ്‍ കൈവശപ്പെടുത്തി. ഫുഡ് ഡെലിവറി ആപ്പായ ഡോര്‍ഡാഷില്‍ (doordash) കയറി വലിയൊരു ഓര്‍ഡറും നല്‍കി.

    ''മകന്‍ ഫോണില്‍ കളിക്കുകയായിരുന്നു. അവന്‍ ഫോട്ടോ എടുക്കുകയാണെന്നാണ് ഞാന്‍ കരുതിയത്. എന്റെ ശ്രദ്ധ ഒന്ന് തെറ്റിയപ്പോഴേക്കും അവന്‍ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു'', ഗോള്‍ഡന്‍ പറഞ്ഞു. വലിയ ഓര്‍ഡര്‍ ആയതുകൊണ്ടുതന്നെ ഓര്‍ഡര്‍ ലഭിക്കാന്‍ പതിവിലും കൂടുതല്‍ സമയം ആവശ്യമായി വരുമെന്ന നോട്ടിഫിക്കേഷന്‍ ലഭിച്ചതായും അവര്‍ പറഞ്ഞു. ഇതിനുപിന്നാലെ, ഫോണ്‍ എടുത്ത് നോക്കിയപ്പോഴാണ് മകന്‍ 31 ചീസ് ബര്‍ഗറുകള്‍ ഓര്‍ഡര്‍ ചെയ്തതായി മനസ്സിലായത്. ഇത് മാത്രമല്ല, 16 ഡോളര്‍ ടിപ്പും അവന്‍ നല്‍കിയിട്ടുണ്ട്. അങ്ങനെ ആകെ മൊത്തം 75 ഡോളര്‍ ബില്ലായി.

    ഇതുകണ്ടാല്‍ ആര്‍ക്കായാലും ദേഷ്യം വരും, എന്നാല്‍ ഗോള്‍ഡന്‍ തന്റെ മകനോട് ദേഷ്യപ്പെട്ടില്ല. പകരം ബര്‍ഗര്‍ ആവശ്യമുള്ളവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. ഗോള്‍ഡന്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഒരു പോസ്റ്റും പങ്കുവെച്ചു. ''എനിക്ക് മക്‌ഡൊണാള്‍ഡില്‍ നിന്ന് സൗജന്യമായി 31 ചീസ് ബര്‍ഗറുകള്‍ ലഭിച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും താല്‍പ്പര്യമുണ്ടെങ്കില്‍ ബന്ധപ്പെടാം. എന്റെ മകന് ഡോര്‍ഡാഷില്‍ നിന്ന് എങ്ങനെ ഓര്‍ഡര്‍ ചെയ്യണമെന്ന് അറിയാം'' , ഇങ്ങനെയായിരുന്നു പോസ്റ്റ്. പോസ്റ്റ് കണ്ട അയല്‍വാസികള്‍ ഗോള്‍ഡനില്‍ നിന്ന് ബര്‍ഗര്‍ വാങ്ങിക്കുകയും ചെയ്തു.

    ഈ സംഭവം തനിക്ക് ഒരു പാഠമാണെന്നും ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും ഗോള്‍ഡന്‍ ഒരു ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലിനോട് സംസാരിക്കവെ പറഞ്ഞു. ഡോര്‍ഡാഷും മറ്റ് അനുബന്ധ ആപ്പുകളും ഹിഡന്‍ ഫോള്‍ഡറിലേക്ക് മാറ്റാനും അവർ തീരുമാനിച്ചു.

    ന്യൂജേഴ്‌സിയില്‍ അയാന്‍ഷ് കുമാര്‍ എന്ന കുട്ടി അമ്മയുടെ ഫോണ്‍ ഉപയോഗിച്ച് വാള്‍മാര്‍ട്ടില്‍ നിന്ന് 1.4 ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. ഫര്‍ണിച്ചറുകള്‍ കൂട്ടത്തോടെ എത്തിത്തുടങ്ങിയ ശേഷമാണ് തന്റെ അക്കൌണ്ടിൽ നിന്ന് ഓര്‍ഡര്‍ പോയി എന്ന് കുട്ടിയുടെ അമ്മയ്ക്ക് മനസ്സിലായത്.
    First published: