ഒരു മനോഹരമായ ബീച്ചിൽ (Beach) അവിസ്മരണീയമായ ഒരു അവധിക്കാലം (Vacation) ചെലവഴിക്കുന്നതിനെക്കുറിച്ച് നിങ്ങളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും. ചക്രവാളത്തിലേക്ക് പരന്നുകിടക്കുന്ന സമുദ്രനീലിമയുടെ കാഴ്ചകളും മനോഹരമായ സൂര്യാസ്തമയങ്ങളും ആസ്വദിച്ച് പ്രകൃതിയുടെ ശാന്തത അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ബീച്ച് അവധിക്കാലം എന്നത് മികച്ച തീരുമാനമായിരിക്കും.
അത്തരം ആളുകൾക്കായി, ട്രിപ്പ് അഡ്വൈസർ സർവേയിൽ റാങ്ക് ചെയ്ത ലോകത്തിലെ ഏറ്റവും മികച്ച ബീച്ച് ഡെസ്റ്റിനേഷനുകളുടെ ഒരു ലിസ്റ്റ് ഇതാ..മുൻ നിര ട്രാവൽ പ്ലാറ്റ്ഫോമായ ട്രിപ്പ് അഡ്വൈസർ അടുത്തിടെ തങ്ങളുടെ 2022-ലെ ആനുവൽ ട്രാവലേഴ്സ് ചോയ്സ് അവാർഡുകൾ പ്രഖ്യാപിച്ചിരുന്നു. അതിൽ ലോകമെമ്പാടുമുള്ള മികച്ച ബീച്ചുകളുടെ ഒരു പട്ടികയും പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ ആൻഡമാൻ ദ്വീപുകളിലുൾപ്പെടുന്ന ഒരു ദ്വീപും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ വർഷം ആദ്യ നിരയിലുണ്ടായിരുന്ന ഓസ്ട്രേലിയയിലെ വിറ്റ്സണ്ടേ ദ്വീപിലെ വൈറ്റ്ഹേവൻ ബീച്ചിന് ഈ വർഷം പട്ടികയിൽ ഇടം നേടാനായില്ല.
''കടൽത്തീരത്ത് ഒരു ദിവസം ചിലവഴിക്കുന്നതിൽ പലരുടെയും താത്പര്യം വ്യത്യസ്തമാണ്. ചിലർക്ക് വെള്ള മണൽ കടൽ തീരങ്ങളേക്കാളും സൂര്യാസ്തമയങ്ങളേക്കാളും പാറക്കെട്ടുകൾ നിറഞ്ഞ തീരങ്ങളാകും ഇഷ്ടപ്പെടുക. 2021-ൽ ട്രിപ്പ് അഡ്വൈസറിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ പ്രിയപ്പെട്ട ബീച്ചുകൾ അവലോകനം ചെയ്തിട്ടുണ്ട്. ഇതിൽ എല്ലാവർക്കും ഇഷ്ടമാകുന്ന തരത്തിലുള്ള ബീച്ചുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത ബീച്ചുകളാണിവ, ''ട്രിപ്പ് അഡ്വൈസറിന്റെ ഗ്ലോബൽ മീഡിയ ബിസിനസ്സ് വിപി ക്രിസ്റ്റീൻ മാഗ്വയർ പറഞ്ഞു.
2022ലെ ലോകത്തിലെ മികച്ച 10 ബീച്ചുകൾ
ഗ്രേസ് ബേ ബീച്ച് - ഗ്രേസ് ബേ, ടർക്ക്സ്, കൈക്കോസ്
വരാദേരോ ബീച്ച് - വരദേരോ, ക്യൂബ
ടർക്കോയ്സ് ബേ - എക്സ്മൗത്ത്, ഓസ്ട്രേലിയ
ക്വാർട്ട പ്രായിയ - മോറോ ഡി സാവോ പോളോ, ബ്രസീൽ
ഈഗിൾ ബീച്ച് - പാം - ഈഗിൾ ബീച്ച്, അരൂബ
രാധാനഗർ ബീച്ച് - ഹാവ്ലോക്ക് ദ്വീപ്, ഇന്ത്യ
ബയ് ഡോ സാഞ്ചോ - ഫെർണാണ്ടോ ഡി നൊറോണ, ബ്രസീൽ
ട്രങ്ക് ബേ ബീച്ച് - വിർജിൻ ഐലൻഡ്സ് നാഷണൽ പാർക്ക്, യുഎസ് വിർജിൻ ഐലൻഡ്
ബയ് ഡോസ് ഗോൾഫിനോസ് - പ്രായിയ ദാ പിപ്പ, ബ്രസീൽ
സ്പൈഗ്ഗിയ ദി കോൺഗിലി - ലംമ്പഡ്യൂസിയ, ഇറ്റലി
രാധാനഗർ ബീച്ച്
ഇന്ത്യയിലെ ആൻഡമാൻ ദ്വീപുകളിലെ ഹാവ്ലോക്ക് ദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നാണ് രാധാനഗർ ബീച്ച്. ഈ കടൽത്തീരം ലോകത്തിലെ മികച്ച 10 ബീച്ചുകളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. ഏറ്റവും മികച്ച ഇന്ത്യൻ ബീച്ചായും അറിയപ്പെടുന്ന കടൽത്തീരമാണ് രാധാനഗർ ബീച്ച്. എല്ലാ വശങ്ങളിലും ശുദ്ധമായ ജലാശയത്തെ വലയം ചെയ്യുന്നതും തെങ്ങുകളാലും ഉഷ്ണമേഖലാ കാടുകളാലും നിറഞ്ഞ് നിൽക്കുന്ന പ്രകൃതിദത്തമായ ഒരു അത്ഭുതലോകമാണ് ഈ കടൽത്തീരം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.