തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി മന്ത്രി എം.എം മണിയുടെ വാഹനമായ ഇന്നോവ ക്രിസ്റ്റയുടെ ടയർ കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാറ്റേണ്ടി വന്നത് 10 തവണ. പത്തു തവണയായി മന്ത്രി മണിയുടെ ഏഴാം നമ്പർ സ്റ്റേറ്റ് കാറിന്‍റെ 34 ടയറാണ് മാറ്റിയത്. വിവരാവകാശ കമ്മിഷനിൽ നിന്ന് ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വാഹന നിർമാതാക്കൾക്ക് പോലും ആശങ്കയുണ്ടാക്കുന്നതാണ് മന്ത്രി മണിയുടെ വാഹനത്തിന്‍റെ ടയർ മാറ്റം. ടയർ മാറ്റത്തിന്‍റെ കണക്ക് അറിഞ്ഞ മലയാളി വെറുതെ ഇരുന്നില്ല. നേരെ പോയത് ടൊയോട്ടയുടെ ഫേസ്ബുക്ക് പേജിലേക്ക്. 'എന്നാലും എന്റെ പൊന്നു ടൊയോട്ട ഞങ്ങടെ മന്ത്രിയോട് ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു' എന്നു തുടങ്ങി ടയർ തേയ്മാനത്തിന്‍റെ വിശദീകരണം വരെ ചോദിക്കുകയാണ് മലയാളികൾ. 'കേരളത്തിലെ മന്ത്രി എം.എം മണി അദ്ദേഹത്തിന്‍റെ 2017 മോഡൽ ഇന്നോവ ക്രിസ്റ്റയുടെ ടയർ കഴിഞ്ഞ രണ്ടു വർഷത്തിനിടെ 10 തവണയാണ് മാറ്റിയത്. എന്തോ നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നില്ലേ' എന്നായിരുന്നു ഒരു ചോദ്യം. ടൊയോട്ട ഇന്ത്യയെ ടാഗ് ചെയ്തായിരുന്നു ചോദ്യം.
ഇതെന്നാ പോക്കാന്നേ! രണ്ടുവർഷം കൊണ്ട് മന്ത്രിയുടെ കാറിന് മാറ്റിയത് 34 ടയർ
ഇതിന് മറുപടിയുമായി ടീം ടോയൊട്ട തന്നെ രംഗത്തെത്തി. "താങ്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഞങ്ങൾ ഖേദിക്കുന്നു. നിങ്ങളെ ബന്ധപ്പെടേണ്ട മേൽവിലാസം നൽകുക. ഞങ്ങൾ സഹായിക്കാം, ടീം ടൊയോട്ട'. ടൊയോട്ട ഇന്ത്യയുടെ മറുപടിയെയും ട്രോളൻമാർ വെറുതെ വിട്ടില്ല. ഇംഗ്ലീഷിലും മലയാളത്തിലുമാണ് കമന്‍റുകളുടെ പ്രവാഹം.
'ടൊയോട്ടക്കാരെ ചോദിക്കാൻ പറ്റുവോന്നറിയില്ല, ആശാനൊരു ഇരുമ്പ് ടയർ കൊടുക്കാൻ പറ്റുമോ. പറ്റില്ലല്ലേ', 'പ്രിയപെട്ട ടൊയോട്ട കമ്പനി മാനേജർ അറിയാൻ 10 വർഷമായി TOYOTA CAMRY ഓടിക്കുന്ന ഒരു ഡ്രൈവർ എന്ന നിലക്ക് എനിക്ക് പറയാനുള്ളത് ടയർ തേയ്മാനം കൂടുതൽ ഉള്ള വണ്ടി മണി ആശാന് കൊടുത്തത് ഒട്ടും ശരിയായില്ല. ഒരോ ടയറിലും ഞങ്ങൾ ചോര നീരാക്കി ഉണ്ടാക്കിയ നികുതി പണം ആണ് നഷ്ടപെടുന്നത്. കമ്പനി ഞങ്ങടെ വിഷയം മനസിലാക്കി തക്കതായ നടപടി സ്വീകരിക്കും എന്ന് കരുതുന്നു' - ഇങ്ങനെ പോകുന്നു കമന്‍റുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Minister mm mani, Minister mm mani trolls, Mm mani, Toyota innova crysta