• HOME
  • »
  • NEWS
  • »
  • buzz
  • »
  • Selfie Accident | സെല്‍ഫി എടുക്കുന്നതിനിടെ യുവാവ് ഗര്‍ത്തത്തിൽ വീണു; രക്ഷകരായി ഗൈഡുകൾ

Selfie Accident | സെല്‍ഫി എടുക്കുന്നതിനിടെ യുവാവ് ഗര്‍ത്തത്തിൽ വീണു; രക്ഷകരായി ഗൈഡുകൾ

ഒരു അമേരിക്കന്‍ ടൂറിസ്റ്റിനാണ് (americal tourist) സെല്‍ഫി എടുക്കുന്നതിനിടെ അപകടം സംഭവിച്ചിരിക്കുന്നത്. വെസൂവിയസ് പര്‍വ്വതത്തിനരികെ (vesuvius mountain) നിന്ന് സെല്‍ഫി എടുക്കുകയായിരുന്നു അദ്ദേഹം.

  • Last Updated :
  • Share this:
    സെല്‍ഫി എടുക്കാന്‍ ഇഷ്ടമുള്ളവരാണ് നമ്മളെല്ലാവരും. ഇഷ്ടപ്പെട്ട കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് ഒരിക്കലും ഒരു തെറ്റായ കാര്യമല്ല. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ പരിസരം മറന്ന് സെല്‍ഫി (selfie) എടുക്കുന്നത് അപകടം വിളിച്ചു വരുത്തും. ഇപ്പോള്‍ ഒരു അമേരിക്കന്‍ ടൂറിസ്റ്റിനാണ് (americal tourist) സെല്‍ഫി എടുക്കുന്നതിനിടെ അപകടം സംഭവിച്ചിരിക്കുന്നത്. വെസൂവിയസ് പര്‍വ്വതത്തിനരികെ (vesuvius mountain) നിന്ന് സെല്‍ഫി എടുക്കുകയായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളോടൊപ്പമാണ് 23കാരന്‍ ഇറ്റലിയിലെത്തിയത്.

    1,282 മീറ്റര്‍ ഉയരമുള്ള പര്‍വ്വതത്തിന്റെ മുകളിലാണ് സംഘം നിന്നിരുന്നത്. അവിടെ നിന്ന് സെല്‍ഫി എടുക്കുകയായിരുന്ന യുവാവിന്റെ കൈയില്‍ നിന്ന് ഫോണ്‍ തെന്നി അഗ്നിപര്‍വ്വത ഗര്‍ത്തത്തിലേക്ക് വീഴുകയായിരുന്നു. ഫോണ്‍ തിരിച്ചെടുക്കാന്‍ വേണ്ടി യുവാവ് ഗര്‍ത്തത്തിലേക്ക് ഇറങ്ങി. മണിക്കൂറുകളോളം ബാലന്‍സ് നഷ്ടപ്പെട്ട് അതിനുള്ളില്‍ യുവാവിന് തങ്ങേണ്ടി വന്നു. ഭാഗ്യവശാല്‍ കുറച്ച് ഗൈഡുകള്‍ അവിടെയുണ്ടായിരുന്നു. അവര്‍ ഗര്‍ത്തത്തിലേക്ക് ഇറങ്ങി യുവാവിനെ പുറത്തെത്തിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനുള്ള ഹെലികോപ്റ്ററും സജ്ജമാക്കി. കൈകളിലും മുതുകിലുമെല്ലാം മുറിവുകളുമായാണ് യുവാവിനെ തിരിച്ചുകയറ്റിയത്.

    വിനോദസഞ്ചാരികള്‍ പോകാന്‍ പാടില്ലാത്ത വഴിയിലൂടെയാണ് സംഘം പോയതെന്ന് പ്രെസിഡിയോ പെര്‍മെനന്റ വെസൂവിയോയുടെ പ്രസിഡന്റ് പൗലോ കാപ്പെല്ലി പറഞ്ഞു. '' ഒട്ടാവിയോ പട്ടണത്തില്‍ നിന്നാണ് അവര്‍ വെസൂവിയസിലേക്ക് കടന്നത്. തുടര്‍ന്ന് നിരോധിത വഴിയിലൂടെ അഗ്നിപര്‍വ്വതത്തിന്റെ മുകളിലേക്ക് കയറുകയായിരുന്നു. ''No Access'' എന്ന ബോര്‍ഡ് വച്ചിരുന്നിട്ടും അതൊന്നും പരിഗണിക്കാതെയാണ് അവര്‍ മുകളിലേക്ക് കയറിയത്,'' കാപ്പെല്ലി പറഞ്ഞു.

    യുവാവിന് ശരിക്കും ഭാഗ്യമുണ്ടെന്നാണ് കാപ്പെല്ലി പറയുന്നത്. കുറച്ച് കൂടി സമയം വൈകിയെങ്കില്‍ യുവാവ് 300 മീറ്റര്‍ ആഴമുള്ള ഗര്‍ത്തത്തിലേക്ക് വീഴുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടിക്കറ്റ് എടുക്കാതെയാണ് സംഘം അഗ്നിപര്‍വ്വതത്തിന് മുകളിലെത്തിയത്. ലോകത്തിലെ ഏറ്റവും അപകടകരമായ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നാണ് വെസൂവിയസ്. എഡി 79ല്‍ റോമന്‍ നഗരമായ പോംപൈ ചാരമായത് ഈ സ്‌ഫോടനത്തിലാണ്.

    ഹോങ്കോംഗ് സ്വദേശിയായ ഇന്‍സ്റ്റാഗ്രാം താരം സോഫിയ ച്യൂംഗ് (32) സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് മുങ്ങിമരിച്ചതും വാര്‍ത്തയായിരുന്നു. മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കുന്നതിനിടെ താരം കാല്‍ വഴുതി വീഴുകയായിരുന്നു. സോഫിയയും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് ഹാ പാക് ലൈ പാര്‍ക്കിലെ വെള്ളച്ചാട്ടം കാണാന്‍ പോയത്. പാര്‍ക്കിലെ പൈനാപ്പിള്‍ മൗണ്ടെയ്ന്‍ എന്ന സ്ഥലത്ത് വച്ച് സെല്‍ഫി എടുക്കുന്നതിനിടെയാണ് സോഫിയ കാല്‍ വഴുതി 16 അടി താഴ്ചയിലുള്ള കുളത്തിലേക്ക് വീണത്.

    സെല്‍ഫി എടുക്കുന്നതിനിടെ ഉണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2021 ജനുവരിയില്‍ ഇന്ത്യക്കാരിയായ ഒരു വനിത വെള്ളച്ചാട്ടത്തിനരികില്‍ ചിത്രങ്ങള്‍ എടുക്കുന്നതിനിടെ കാല്‍ വഴുതി വീണ് മരിച്ച വാര്‍ത്ത പുറത്തു വന്നിരുന്നു. സുഹൃത്തുക്കളുമൊത്ത് പിക്‌നിക്കിന് എത്തിയ 27കാരി നദിയില്‍ വീണ് മരിക്കുകയായിരുന്നു.
    Published by:Amal Surendran
    First published: