ഒരു മഹാമാരിയ്ക്കിടയിലും ആളുകൾ വലിയ ആഡംബര വിവാഹങ്ങൾ നടത്തുന്ന കാഴ്ച നാം കണ്ടതാണ്. അവയിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു വിവാഹച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുകയാണ് ഡൽഹിയിൽ നിന്നുള്ള ദമ്പതികൾ. പ്രകൃതിയോടുള്ള തങ്ങളുടെ സ്നേഹവും കരുതലും കാത്തു സൂക്ഷിക്കാനായി ഒരു പരിസ്ഥിതി സൗഹൃദവിവാഹമാണ് ഇരുവരും നടത്തിയത്. പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ ആളുകൾ ബോധവാന്മാരും ആശങ്കാകുലരുമായി മാറുകയാണ്. മലിനീകരണവും മറ്റു പരിസ്ഥിതി പ്രശ്നങ്ങളും നേരിടാൻ അടിയന്തിരമായ പ്രവർത്തനങ്ങളാണ് നമുക്ക് ആവശ്യം. ആ അർത്ഥത്തിൽ ഇതൊരു നല്ല തുടക്കമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഡൽഹി സ്വദേശികളായ ആദിത്യ അഗർവാളും മാധുരി ബലോഡിയും തമ്മിലുള്ള വിവാഹമാണ് പരിസ്ഥിതി സൗഹാർദ്ദമായ ചടങ്ങുകളുടെ പേരിൽ ശ്രദ്ധേയമാകുന്നത്. 32-കാരനായ വരൻ വിവാഹത്തിനെത്തിയത് കാറിലോ രഥത്തിലോ ഒന്നുമല്ല, മറിച്ച് യുലു ബൈക്ക് ഓടിച്ചുകൊണ്ടാണ്. ഒരു സാമൂഹ്യ സംരംഭക കൂടിയായ വധു മാധുരിയാണ് ഇത്തരത്തിൽ വിവാഹ ചടങ്ങുകൾ നടത്താനുള്ള ആശയം മുന്നോട്ടു വെച്ചത്. പന്തൽ ഉൾപ്പെടെയുള്ള എല്ലാ അലങ്കാര വസ്തുക്കളും റീസൈക്കിൾ ചെയ്തതോ അല്ലെങ്കിൽ പരിസ്ഥിതി സൗഹാർദ്ദമായതോ ആയ വസ്തുക്കൾ കൊണ്ടാണ് നിർമിച്ചത്. പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം ചടങ്ങിൽ പൂർണമായും ഒഴിവാക്കി.
Also Read-
മാങ്ങ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് കുട്ടികളെ കെട്ടിയിട്ട് മർദിച്ചു; വായിൽ ചാണകം നിറച്ചുസാമൂഹ്യ അകലം സംബന്ധിച്ച കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനായി ചുരുക്കം പേരെ മാത്രമാണ് വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചത്. തുളസി ഇല കൊണ്ടുണ്ടാക്കിയ വരമാലയാണ് വധൂ-വരന്മാർ പരസ്പരം അണിഞ്ഞത്. വിവാഹത്തിന് ക്ഷണക്കത്തുകൾ പോലും പ്രിന്റ് ചെയ്തിരുന്നില്ല. എല്ലാവർക്കും വാട്സ്ആപ്പ് സന്ദേശങ്ങളാണ് അയച്ചത്.
ഈ വിവാഹത്തെ സംബന്ധിച്ച ഏറ്റവും രസകരമായ കാര്യം അതിഥികൾക്കെല്ലാം മധുരം നൽകുന്നതിന് പകരം ചെടികളാണ് നൽകിയത് എന്നതാണ്. മാത്രമല്ല, നവദമ്പതികൾക്കായി അതിഥികൾ കൊണ്ടുവന്ന സമ്മാനപ്പൊതികളെല്ലാം പത്രക്കടലാസ് കൊണ്ടുള്ളതായിരുന്നു. പൊതുവെ ഒരു വിവാഹ ചടങ്ങ് സംഘടിപ്പിക്കാൻ 50 ലക്ഷത്തോളം രൂപ ചെലവുണ്ടാകുമെങ്കിൽ ഈ പരിസ്ഥിതി സൗഹൃദവിവാഹത്തിന് ആകെ ചെലവായത് 2 ലക്ഷം രൂപ മാത്രമാണ്.
വിവാഹം സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ഇടമാണെന്നും സന്തോഷത്തിന് പണം ഒരു മാനദണ്ഡമല്ലെന്നുമാണ് മാധുരിയുടെ വാക്കുകൾ എന്നാണ് നാഷണൽ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്. ആഡംബര വിവാഹങ്ങൾ അനാവശ്യമായ പണച്ചെലവ് ഉണ്ടാക്കുന്നതാണെന്നും അവർ പറയുന്നു.
കറകളഞ്ഞ പ്രകൃതിസ്നേഹമാണ് ഇത്തരമൊരു പരിസ്ഥിതി സൗഹൃദവിവാഹത്തിന് പിന്നിലെ കാരണമെന്ന് ദമ്പതികൾ തുറന്നു പറയുന്നു. സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിനേക്കാൾ പുനരുപയോഗിക്കുന്നതിലാണ് ഇരുവരും വിശ്വസിക്കുന്നതെന്നും കുറഞ്ഞ ചെലവിൽ, പ്രകൃതിയെ വേദനിപ്പിക്കാതെ, കൂടുതൽ സന്തോഷത്തോടെ എങ്ങനെ വിവാഹാഘോഷങ്ങൾ നടത്താം എന്ന ചിന്തയാണ് ഈ ആശയത്തിലേക്കെത്തിച്ചതെന്നും മാധുരി പറയുന്നു. ആദ്യമൊക്കെ ആളുകൾ തങ്ങളുടെ ശ്രമങ്ങളെ കളിയാക്കുമോ എന്ന ഉൾഭയം ഉണ്ടായിരുന്നെങ്കിലും എല്ലാവരും പ്രശംസിക്കുകയാണ് ചെയ്തതെന്ന് ആദിത്യയും പറയുന്നു.
ആദിത്യ - മാധുരി ദമ്പതികൾ സൃഷ്‌ടിച്ച മാതൃക കൂടുതൽ യുവാക്കൾക്ക് പ്രചോദനം നൽകുന്ന ഒന്നാണെന്ന കാര്യത്തിൽ സംശയമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.