തുർക്കിയിൽ (Turkey) നിന്ന് ഏഴോളം സിറിയൻ അഭയാർത്ഥികളെ (Syrian Refugees) നാടു കടത്താൻ തീരുമാനമായെന്ന് ബ്ലൂംബെർഗ് (Bloomberg) റിപ്പോർട്ട് ചെയ്തു. ഇവര്‍ പ്രകോപനകരമായ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ (Social Media) ചിത്രം പങ്കുവെച്ചതിനെ തുടര്‍ന്നാണ് നാടുകടത്തലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. വാഴപ്പഴം (Banana) കഴിക്കുന്ന ചിത്രങ്ങളാണ് സിറിയന്‍ അഭയാര്‍ത്ഥികള്‍ സമൂഹമാധ്യങ്ങളില്‍ പങ്കുവെച്ചത്. ഇവര്‍ പങ്കുവെച്ച ചിത്രത്തിനെതിരെ ഒരു തുര്‍ക്കി പൗരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് വാഴപ്പഴം വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാതിരിക്കെ, സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അതിന് സാധിക്കുന്നു എന്നു കാണിച്ചായിരുന്നു പരാതി.
“നിങ്ങള്‍ സുഖകരമായ ജീവിതമാണ് നയിക്കുന്നത്. നിങ്ങള്‍ കിലോക്കണക്കിന് വാങ്ങി ഭക്ഷിക്കുന്ന വാഴപ്പഴങ്ങള്‍ എനിക്ക് വാങ്ങാന്‍ പോലും സാധിക്കുന്നില്ല,” എന്നാണ് സിറിയന്‍ അഭയാര്‍ത്ഥിയായ വിദ്യാര്‍ത്ഥിനിയെ ശകാരിച്ച് കൊണ്ട് തുര്‍ക്കി പൗരനായ പരാതിക്കാരന്‍ പറയുന്നത്. ഒക്ടോബര്‍ 17 ന് ഇസ്താംബുള്ളില്‍ വെച്ച് നടന്ന ഈ സംഭവത്തിന്റെ വീഡിയോയും വൈറലായിട്ടുണ്ട്. ഇയാള്‍ വിദ്യാര്‍ത്ഥിനിയെ ശകാരിക്കുന്നത് കണ്ട് ഒരു തുര്‍ക്കി വനിതയും ഇയാള്‍ക്കൊപ്പം ചേരുന്നതായി വീഡിയോയില്‍ കാണാമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സിറിയയിൽ നിന്ന് തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാതെ ഈ അഭയാർത്ഥികൾ തുര്‍ക്കിയില്‍ ആഡംബര ജീവിതം നയിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. അതേസമയം, തനിക്ക് തിരികെ പോകാന്‍ മറ്റൊരിടമില്ല എന്ന വിദ്യാര്‍ത്ഥിനിയുടെ വിശദീകരണത്തിന് ഇവര്‍ ചെവി കൊടുത്തില്ല എന്നും ആരോപണമുണ്ട്.
ആഭ്യന്തര യുദ്ധവും അതിന്റെ കെടുതികളും ഭീകരാവസ്ഥയും കാരണം രാജ്യത്ത് നിന്നും പലായനം ചെയ്തവരാണ് സിറിയന്‍ അഭയാര്‍ത്ഥികള്‍. ഇത്തരത്തിലുള്ള അഭയാര്‍ത്ഥികള്‍ക്ക് വലിയ ആതിഥേയത്വം ഒരുക്കുന്ന രാജ്യമാണ് തുര്‍ക്കി. അഭയാര്‍ത്ഥികളോടുള്ള ഈ സമീപനം, തുര്‍ക്കിയില്‍ സാമ്പത്തിക മാന്ദ്യത്തിനും തൊഴില്‍ ദൗര്‍ലഭ്യത്തിനും വഴി വെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അവിടെ തൊഴില്‍ ലഭിക്കുന്നവരുടെ എണ്ണം വളരെ പരിമിതമായിരിക്കുകയാണ്. അതേസമയം, തൊഴിലുള്ളവരുടെ ജീവിത സാഹചര്യങ്ങളും ബുദ്ധിമുട്ടിലാണ്. അവരുടെ ചെലവുകള്‍ കഴിഞ്ഞു പോകുന്നത് വളരെ കഷ്ടതയിലാണന്ന് റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ വീണ്ടും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്ന തുര്‍ക്കിയിലെ ഇപ്പോഴത്തെ പ്രസിഡണ്ടായ റസിപ്പ് തയ്യിപ്പ് എര്‍ദോഗാന്റെ അഭയാര്‍ത്ഥി നയങ്ങളും ജനങ്ങളില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് നിലനില്‍ക്കുന്ന ആഭ്യന്തര യുദ്ധങ്ങള്‍ കാരണം ജീവനും കൊണ്ട് ലോകത്തിന്റെ പല ഭാഗത്തേക്കും അഭയാര്‍ത്ഥികളായി ഓടിയൊളിച്ചവരാണ് സിറിയക്കാര്‍. ഏകദേശം നാല് ദശലക്ഷത്തോളം വരുന്ന സിറിയന്‍ അഭയാര്‍ത്ഥികളാണ് ഇത്തരത്തില്‍ തുര്‍ക്കിയുടെ പല ഭാഗങ്ങളിലായി ജീവിക്കുന്നത്. ഇവരില്‍ പലരും വര്‍ഷങ്ങളായി തുര്‍ക്കിയിലെ പൗരന്മാര്‍ക്കൊപ്പം സമാധാനപരമായി ജീവിച്ച് വരികയായിരുന്നു. എന്നാല്‍ തുര്‍ക്കിയിലെ സര്‍ക്കാരിന്റെ നയങ്ങള്‍ ഇപ്പോൾ ഇവര്‍ക്കെതിരായി മാറുകയാണ്. അഭയാര്‍ത്ഥികള്‍ക്കെതിരെയുള്ള വികാരം ജനങ്ങളില്‍ പടര്‍ത്താനാണ് നിലവിൽ തുര്‍ക്കിയിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
“സമൂഹ മാധ്യമങ്ങളില്‍ പ്രകോപനപരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഏഴ് വിദേശ പൗരന്മാരെ നാടുകടത്താന്‍ തീരുമാനിച്ചിരിക്കുന്നു,” എന്നാണ് തുര്‍ക്കിയിലെ കുടിയേറ്റ അധികൃതര്‍ ബുധനാഴ്ച വൈകിട്ടോടെ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.
ദുർബലമായ സമ്പദ്‌വ്യവസ്ഥയ്ക്കും തന്റെ അഭയാർത്ഥി നയത്തിനും എതിരായ തിരിച്ചടികൾ നേരിടാനായി എർദോഗൻ സിറിയയിലെ യു എസ് പിന്തുണയുള്ള കുർദിഷ് സേനയ്‌ക്കെതിരെ ഭീഷണി ഉയർത്തികൊണ്ട് ഒരു പുതിയ പ്രചരണം ആരംഭിച്ചിട്ടുണ്ട്. ഇത് ദേശീയ പിന്തുണ നേടാൻ അദ്ദേഹത്തെ സഹായിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.