ഓസ്കാർ വേദിയിൽ സംസാരിച്ച നോബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായുടെ ഇംഗ്ലീഷിനെ പരിഹസിച്ച് ട്വിറ്റർ പോസ്റ്റ്. മീനായ് എന്ന പേരിലുള്ള ട്വിറ്റർ ഉപയോക്താവാണ് മലാലയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ഓസ്കാർ വേദിയിൽ ആരെ കാണാൻ ആണ് ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുന്ന മാലാലയുടെ വീഡിയോ ആണ് ഇയാൾ പോസ്റ്റ് ചെയ്തത്.
നേറ്റീവ് ശൈലിയിലാണ് മലാലാ ഈ വീഡിയോയിൽ സംസാരിക്കുന്നത്. റിഹാന പ്രചോദനാത്മകമായ ഒരു വ്യക്തിത്വത്തിന് ഉടമയാണെന്നും നേരിൽ കണ്ട് നന്ദി പറയാൻ ആഗ്രഹം ഉണ്ടെന്നും വീഡിയോയിൽ മലാല പറയുന്നുണ്ട്. മലാല ഒരു നോൺ നേറ്റീവ് ഇംഗ്ലീഷ് സ്പീക്കർ ആണെന്നും എന്തിനാണ് അവളുടെ ഇംഗ്ലീഷിനെ പരിഹസിക്കുന്നത് എന്നുമാണ് വീഡിയോക്ക് താഴെ പലരുടെയും ചോദ്യം. പാകിസ്ഥാൻ സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷം കഴിഞ്ഞു. ഇതുവരെ നിങ്ങളുടെ കൊളോണിയൽ ചിന്താഗതി മാറിയില്ലേ എന്നും ചിലർ ചോദിക്കുന്നു.
Amreeka mein reh kr b, Aik British elite se shaadi kr k b agar Apki angrezi Itni pathetic hai to laanat hai bai Aisi “Training” per !
And idc how many haters I get after this !pic.twitter.com/43lFK7dJ4q— meenay (@lanadelmeem) March 13, 2023
തന്റെ ആഗ്രഹ പ്രകാരം ഓസ്കാർ വേദിയിൽ വെച്ച് റിഹാനയെ കണ്ട് അവർക്കൊപ്പം ഫോട്ടോകളും എടുത്താണ് മലാല മടങ്ങിയത്. ഓസ്കർ വേദിയിൽ തന്റെ നിലപാടിലൂടെയും മലാല യൂസഫ്സായ് താരമായിരുന്നു. ഓസ്കർ പുരസ്കാര ദാന ചടങ്ങുകൾക്കിടയിൽ അവതാരകന്റെ ചോദ്യത്തിന് മലാല നൽകിയ മറുപടിയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. അവതാരകൻ ജിമ്മി കിമ്മൽ ‘സ്പിറ്റ് ഗേറ്റ്’ വിവാദത്തെ കുറിച്ച് മലാലയോട് ചോദ്യം ചോദിച്ചിരുന്നു.
ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ പുരസ്കാര ജേതാവെന്ന നിലയിൽ ക്രിസ് പെസിന് നേരെ ഹാരി സ്റ്റൈൽസ് തുപ്പിയോ എന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഞാൻ സമാധാനത്തെ കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളു എന്നായിരുന്നു ഈ ചോദ്യത്തിന് മലാല നൽകിയ മറുപടി. മലാല തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്. ‘ആളുകളോട് ദയാപൂർവം പെരുമാറുക’ എന്ന അടിക്കുറിപ്പോടെയാണ് മലാല ഈ വീഡിയോ പങ്കുവെച്ചത്.
പാകിസ്ഥാനിലെ സ്വാത് താഴ്‌വരയിൽ 1997 ജൂലൈ 12 നാണ് മലാല ജനിച്ചത്. പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതു വിലക്കിയ താലിബാനെതിരെ മലാല ശബ്ദമുയർത്തി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായി നിരന്തരം വാദിച്ചതിനാൽ മലാലയ്ക്കെതിരെ വധശ്രമം പോലുമുണ്ടായി. 2012-ലാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നിരന്തരം പ്രവർത്തിക്കുന്നതിന്റെ പേരിൽ മലാലക്കു നേരെ താലിബാൻ തീവ്രവാദികൾ വെടിയുതിർത്തത്.
2014 ഡിസംബറിൽ, 17-ാം വയസിൽ മലാലക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടവും മലാലക്കു സ്വന്തമാണ്. മലാലയും ബ്രിട്ടീഷ് പത്ര പ്രവർത്തക ക്രിസ്റ്റീന ലാംബും ചേർന്നെഴുതിയ ജീവചരിത്ര കൃതിയായ ‘ഞാൻ മലാല’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.