ഹൈന്ദവ വിശ്വാസികൾക്ക് ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. മറ്റൊരു രീതിയിൽ നവദുർഗ്ഗ അഥവാ ഭഗവതിയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്നു.
ഒഡീഷയിൽ ഈ ദിനം ജനിച്ച പശുക്കിടാവിനെ ദുർഗാ ദേവിയുടെ അവതാരമായി ആരാധിക്കുകയാണ് നാട്ടുകാർ. രണ്ട് തലയും മൂന്ന് കണ്ണുമായി ജനിച്ച അപൂർവ പശുക്കിടാവിനെയാണ് നാട്ടുകാർ ആരാധിക്കുന്നത്.
ഒഡീഷയിലെ ബിജാപാര ഗ്രാമത്തിലാണ് പശുക്കിടാവ് ജനിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. ഗ്രാമത്തിലെ കുമുളി പഞ്ചായത്തിലുള്ള ദനിറാം എന്ന കർഷകന്റെ പശുവാണ് അപൂർവ പശുക്കിടാവിന് ജന്മം നൽകിയത്. ദനിറാമിന്റെ പശു പ്രസവിച്ച കിടാവിന് രണ്ട് തലയും മൂന്ന് കണ്ണുമുണ്ടെന്ന് അറിഞ്ഞതോടെ നാട്ടുകാർ വീട്ടിലേക്ക് പ്രവഹിച്ചു തുടങ്ങി.
നവരാത്രി ദിനത്തിൽ ജനിച്ച പശുക്കിടാവ് ദുർഗാ ദേവിയുടെ അവതാരമാണെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. ഇതോടെ ദനിറാമിന്റെ വീട്ടിൽ പശുക്കിടാവിനെ പൂജിക്കാൻ ആളുകൾ എത്തിത്തുടങ്ങി.
അതേസമയം, അപൂർവ അവസ്ഥയിൽ ജനിച്ച പശുക്കിടാവിന് പാൽ കുടിക്കുന്നതിലടക്കം ബുദ്ധിമുട്ടുകളുണ്ടെന്ന് ദനിറാമിന്റെ മകൻ പറയുന്നു. ഇതോടെ കിടാവിന് വേണ്ടി പാൽ പുറത്തു നിന്ന് വാങ്ങി നൽകുകയാണ്. രണ്ട് വർഷം മുമ്പാണ് ദനിറാം പശുവിനെ വാങ്ങിയത്.
യൂട്യൂബിലും രണ്ട് തലയുള്ള പശുക്കിടാവിന്റെ ദൃശ്യങ്ങൾ വൈറലാണ്. വീഡിയോയിൽ പശുവിൽ നിന്നും പാൽ കുടിക്കാൻ കിടാവ് ബുദ്ധിമുട്ടുന്നത് വ്യക്തമാണ്. നാട്ടുകാർ പണവും പാലും പൂക്കളുമായി എത്തി പശുക്കിടാവിനെ ആരാധിക്കുന്നതും വീഡിയോയിൽ കാണാം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.