വാഹനം ഓടിക്കുമ്പോള്‍ സ്വയം ശ്രദ്ധിക്കുക എന്നത് പോലെ തന്നെ മറ്റ് വാഹനങ്ങളില്‍ ഉള്ളവരും ശ്രദ്ധയോടെ ഓടിച്ചാല്‍ മാത്രമേ അപകടങ്ങള്‍ സംഭവിക്കാതിരിക്കൂ. റോഡില്‍ വാഹനവുമായി എത്തുന്നവരുടെ കിറുക്കന് പ്രവൃത്തികള്‍ക്ക് ബലിയാടാവുക മറ്റ് പലരുമായിരിക്കും. അമേരിക്കയില്‍ അടുത്തിടെ നടന്ന സംഭവം അത്തരത്തിലൊന്നാണ്. കാറിന്റെ നിയന്ത്രണം ദൈവത്തിന് നല്‍കിയുള്ള യുവതിയുടെ പരീക്ഷണം വലിയ അപകടമാണ് ക്ഷണിച്ച് വരുത്തിയത്.
ഒഹിയോയിലെ ബീച്ച് വുഡില്‍ രാത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചാണ് 31 കാരിയായ യുവതി കാറിന്റെ നിയന്ത്രണം ദൈവത്തിന് നല്‍കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. റോഡിലുടനീളം വലിയ രീതിയില്‍ നാശ നഷ്ടം ഉണ്ടാക്കിയ കാര്‍ കുറഞ്ഞ വേഗതയില്‍ വരികയായിരുന്ന മറ്റൊരു കാറിനെ ഇടിച്ച ശേഷവും മുന്നോട്ട് അതിവേഗതയില്‍ തന്നെ നീങ്ങി. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ നിര്‍ത്താനുള്ള യാതൊരു ശ്രമവും ഉണ്ടായിരുന്നില്ല എന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്.
ഫോര്‍ഡ് ടോറസ് മോഡല്‍ വാഹനം ഓടിച്ചായിരുന്നു യുവതിയുടെ കിറുക്കന് പ്രവൃത്തി. 11 വയസുള്ള മകളും ഇവരോടൊപ്പം വാഹനത്തിലെ മുന്‍ സീറ്റില്‍ ഉണ്ടായിരുന്നു. സിഗ്നലില്‍ ചുവപ്പ് ലൈറ്റ് തെളിഞ്ഞപ്പോഴും അതി വേഗതയില്‍ തന്നെ ഇവരുടെ കാര്‍ മുന്നോട്ട് പാഞ്ഞു. മറ്റൊരു കാറിനെ ഇടിച്ച് റോഡില്‍ വട്ടം കറങ്ങിയ ശേഷം ഒരു വീട്ടില്‍ ഇടിച്ചാണ് വാഹനം നിന്നത്. വീട്ടിനുള്ളില്‍ ആരും ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. എന്നാല്‍ വീടിന് കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഈ വാഹനം ഇടിച്ച മറ്റ് കാറുകളിലെ യാത്രക്കാര്‍ക്കും കാര്യമായ പരിക്ക് പറ്റിയിട്ടില്ല. കാറിന്റെ മുന്‍ഭാഗം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ തകര്‍ന്നിട്ടുണ്ട്. റോഡിന് ഇരു വശങ്ങളിലുമുള്ള വൈദ്യുതി ലൈനുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.
ദൈവത്തിന് തന്നിലുള്ള വിശ്വാസം പരീക്ഷിക്കാന്‍ വേഗത്തില്‍ ഓടിച്ച് കാറിന്റെ നിയന്ത്രണം ദൈവത്തിന് നല്‍കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. ആക്സിലേറ്റര്‍ മാത്രം കൂട്ടി നല്കി സ്റ്റിയറിംഗില്‍ കൈ വെക്കാതെയായിരുന്നു യുവതിയുടെ കിറുക്കന് പരീക്ഷണം. റോഡില്‍ വലിയ തിരക്ക് ഇല്ലാത്തത് കൊണ്ട് മാത്രമാണ് വന്‍ അപകടം ഒഴിവായത്. അടുത്തിടെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് യുവതി വലിയ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നു എന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സംഭവത്തിന് പിന്നാലെ യുവതിയെയും മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും കാര്യമായ പരിക്കൊന്നും പറ്റിയിട്ടില്ല. താന്‍ ശരിയായ കാര്യമാണ് ചെയ്തത് എന്നാണ് യുവതി ഇപ്പോഴും വിശ്വസിക്കുന്നത് എന്നും പൊലീസ് പറയുന്നു. മദ്യത്തിന്റെയോ മറ്റോലഹരിയില് അല്ല യുവതി ഇത്തരം ഒരു പ്രവൃത്തി ചെയ്തത് എന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കൂടുതല്‍ പരിശോധനക്കായി റെയിന്‍ബോ ബേബീസ് ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിക്ക് എതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.