ഓൺലൈൻ ഷോപ്പിംഗ് (Online Shopping) സൈറ്റിൽ നിന്ന് ഒരു ലക്ഷം രൂപ വില വരുന്ന ഐഫോൺ 13 (iphone 13) ഓർഡർ ചെയ്തു. എന്നാൽ കൈയിൽ കിട്ടിയത് വെളുത്ത ടോയ്‌ലറ്റ് പേപ്പറിൽ ഭംഗിയായി പൊതിഞ്ഞ കാഡ്‌ബറിയുടെ രണ്ട് വൈറ്റ് ഓറിയോ ചോക്ലേറ്റ് ബാറുകൾ. യുകെ സ്വദേശിയ്ക്കാണ് ഈ അബദ്ധം പറ്റിയത്. താൻ ഓൺലൈനിൽ ഓർഡർ ചെയ്ത തന്റെ പുതിയ ഐഫോണിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡാനിയൽ കരോൾ എന്നയാൾ ഇത് കണ്ട് ഞെട്ടി. ഐഫോൺ 13 പ്രോ മാക്‌സ് ബുക്ക് ചെയ്യാൻ 1,045 പൗണ്ട് (ഏകദേശം ഒരു ലക്ഷം രൂപ) ഇദ്ദേഹം ചെലവഴിച്ചിരുന്നു. എന്നാൽ ഡെലിവറി രണ്ടാഴ്ച വൈകി, ഒടുവിൽ ഒരു ഡിഎച്ച്എൽ (DHL) വെയർഹൗസിൽ നിന്നാണ് പാക്കേജ് ശേഖരിച്ചത്. എന്നാൽ പായ്ക്കറ്റ് തുറന്നപ്പോൾ ഫോണിന് പകരം രണ്ട് ചോക്ലേറ്റ് ബാറുകൾ കണ്ട് കരോൾ ഞെട്ടി.
ദി സണിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, പാഴ്സലിൽ രണ്ട് കാഡ്ബറി വൈറ്റ് ഓറിയോ ചോക്ലേറ്റ് ബാറുകളാണ് ഉണ്ടായിരുന്നത്. അവ വെളുത്ത ടോയ്‌ലറ്റ് പേപ്പറിൽ പൊതിഞ്ഞിട്ടുമുണ്ടായിരുന്നു. ലോജിസ്റ്റിക്സ് തൊഴിലാളിയായ കരോളിന്, പാഴ്സലിലെ ടേപ്പിൽ ചില മാറ്റങ്ങൾ കണ്ടപ്പോൾ തന്നെ സംശയം തോന്നിയിരുന്നു. തുടർന്ന് തട്ടിപ്പ് മനസ്സിലാക്കിയ ഉടൻ കരോൾ ഡിഎച്ച്എല്ലിനെ ടാഗ് ചെയ്തുകൊണ്ട് ഒരു ട്വീറ്റിലൂടെ പ്രശ്നം ഉയർത്തിക്കാട്ടി. ചോക്ലേറ്റ് ബാറുകളുടെയും ടോയ്‌ലറ്റ് റോളിന്റെയും ചിത്രങ്ങളും കരോൾ തന്റെ ട്വീറ്റിനൊപ്പം പങ്കുവെച്ചിരുന്നു.
പാഴ്സൽ വൈകിയതോടെ താൻ ആപ്പിളിൽ അന്വേഷിച്ചെന്നും എന്നാൽ ഡിഎച്ച്എല്ലിൽ നിന്ന് അപ്‌ഡേറ്റ് ലഭിച്ചിട്ടില്ലെന്ന് അവർ അവകാശപ്പെട്ടതായും കരോൾ പറഞ്ഞു. പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, കേസിന്റെ അന്തിമഫലം വരുന്നത് വരെ ആപ്പിൾ പകരം ഫോൺ ഉപഭോക്താവിന് നൽകില്ലെന്ന് വ്യക്തമാക്കി.
ഇതിനെത്തുടർന്ന്, കരോൾ ഡിഎച്ച്എൽ മാനേജരെ സമീപിച്ചെങ്കിലും അവരുടെ പ്രതികരണം തൃപ്തികരമായിരുന്നില്ല. “ഇത് ഒരു ക്രിസ്മസ് സമ്മാനമായാണ് ഓർഡർ ചെയ്തത്. എന്നാൽ സംഭവം നിരാശാജനകമായിരുന്നുവെന്നും” അദ്ദേഹം പറഞ്ഞു. ഒടുവിൽ, ഡിഎച്ച്എൽ കേസിൽ അന്വേഷണം ആരംഭിച്ചതായി മറുപടി നൽകി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളില്‍ കച്ചവടം പൊടിപൊടിയ്ക്കുകയാണ്. വളരെ പ്രതീക്ഷയോടെ ആയിരിക്കും നമ്മള്‍ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും. എന്നാല്‍ അത് വഴി ഉണ്ടാകുന്ന അബദ്ധങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചര്‍ച്ച ആകാറും ഉണ്ട്. അടുത്തിടെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത വ്യക്തിയ്ക്ക് കിട്ടിയ നിര്‍മ്മാ സോപ്പിന്റെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 53,000 രൂപയുടെ ആപ്പിള്‍ ഐഫോണ്‍ 12 ഓര്‍ഡര്‍ ചെയ്ത വ്യക്തിയ്ക്ക് പാര്‍സല്‍ തുറന്നു നോക്കിയപ്പോള്‍ കിട്ടിയത് രണ്ട് നിര്‍മ്മാ സോപ്പുകളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chocolate, IPhone, Online shopping