കൊറോണ വൈറസ് വാക്സിൻ സ്വീകരിക്കാൻ വിസമ്മതിച്ച മോഡൽ കോവിഡ് 19 ബാധിതയായി. ഒടുവിൽ മരണ മുഖത്ത് നിന്ന് ജീവിതത്തിലേയ്ക്ക് മടങ്ങിയ യുവതി ഇപ്പോൾ എല്ലാവരും വാക്സിൻ നിർബന്ധമായും സ്വീകരിക്കണമെന്നാണ് അഭ്യർത്ഥിക്കുന്നത്. വാക്സിൻ എടുക്കാത്തതിനാൽ രോഗ ബാധിതയായ യുവതിയുടെ സ്ഥിതി അത്രത്തോളം മോശമായിരുന്നു. ഹോളി മക്ഗയർ (43) എന്ന യുകെയിലെ മോഡൽ ആന്റി-വാക്സിൻ പ്രസ്ഥാനത്തെ പിന്തുണച്ചിരുന്ന വ്യക്തിയാണ്. ജൂലൈ 10നാണ് ഇവർ വൈറസ് ബാധിതയായത്.
കോവിഡ് ബാധിച്ച മക്ഗയർ കോമ സ്റ്റേജ് വരെയെത്തിയിരുന്നു. വൈറസ് ബാധിച്ച ശേഷം യുവതിയുടെ അതിജീവന സാധ്യത വെറും 15% മാത്രമായിരുന്നു. എസെക്സിലെ ഗ്രേസ് സ്വദേശിയായ മക്ഗയർ ഇപ്പോൾ സ്പെയിനിലെ മാർബെല്ലയിലാണ് താമസിക്കുന്നത്. ആദ്യ സമയത്ത് കോവിഡ് വാക്സിൻ എടുക്കാൻ വിസമ്മതിച്ചിരുന്ന ഇവർ ഇപ്പോൾ കോവിഡ് -19 നെതിരെ കുത്തിവയ്പ് എടുക്കാൻ മറ്റുള്ളവരെ ബോധവത്ക്കരിച്ചു കൊണ്ടിരിക്കുകയാണ്. വൈറസ് ബാധിച്ചതിന് ശേഷം യുവതി ഒരു സ്പാനിഷ് ആശുപത്രിയിൽ ജീവനുവേണ്ടി പോരാടാൻ ഏകദേശം ആറാഴ്ച ചെലവഴിച്ചു. രണ്ടാഴ്ചയായി യുവതി കോമയിലായിരുന്നു. 10 ദിവസത്തോളം വീട്ടിൽ ക്വാറന്റൈനിലും കഴിഞ്ഞു.
2006ൽ 'ഫുട്ബോളേഴ്സ് വൈവ്സ്' എന്ന ടി വി പരമ്പരയിൽ മക്ഗയർ പ്രത്യക്ഷപ്പെട്ടിരുന്നു. മിറർ റിപ്പോർട്ട് അനുസരിച്ച്, മക്ഗയറിന് രണ്ട് തവണ ന്യുമോണിയ ബാധിച്ചു. ഇതോടെ ശ്വാസകോശത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. കൊറോണ വൈറസ് മൂലമുണ്ടായ ശ്വസന തടസ്സങ്ങളും അവർ അഭിമുഖീകരിച്ചു. ഒടുവിൽ മക്ഗയർ മരണത്തോട് മല്ലടിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങി.
കോവിഡ് പ്രതിരോധത്തെക്കുറിച്ച് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ അടുത്തിടെ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. അതനുസരിച്ച്, ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാത്ത കോവിഡ് -19 രോഗികളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത, കോവിഷീൽഡ് (ആസ്ട്രാസെനെക്ക) അല്ലെങ്കിൽ ഫൈസർ പ്രതിരോധ കുത്തിവെയ്പ്പുകൾ എടുത്തവരെ അപേക്ഷിച്ച് കൂടുതലാണന്ന് കണ്ടെത്തി.
ഈ പഠനം വലിയൊരു വിഭാഗം ആളുകളിലാണ് നടത്തിയത്. പഠനത്തിൽ പങ്കെടുത്ത 29 കോടി ആളുകൾ 2020 ഡിസംബറിനും ഏപ്രിലിനും ഇടയിൽ ആസ്ട്രാസെനെക്ക അല്ലെങ്കിൽ ഫൈസർ പ്രതിരോധ വാക്സിനുകൾ സ്വീകരിച്ചവരാണ്. കൂടാതെ പഠനത്തിൽ പങ്കെടുത്ത 1.7 കോടി കോവിഡ് രോഗികൾ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരാണ്.
“ആസ്ട്രാസെനെക്കയുടെ ആദ്യ ഡോസ് സ്വീകരിക്കുന്ന ഓരോ 10 കോടി ആളുകളെ അപേക്ഷിച്ച് വാക്സിൻ സ്വീകരിക്കാത്ത ആളുകളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യതകൾ കൂടുതലാണന്ന്“ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം റിപ്പോർട്ട് വ്യക്തമാക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ ആദ്യ ഡോസോ അല്ലെങ്കിൽ മുഴുവൻ വാക്സിനോ ലഭിച്ച ആളുകളേക്കാൾ, വാക്സിൻ സ്വീകരിക്കാത്ത കോവിഡ് രോഗികളിൽ പ്ലേറ്റ്‌ലെറ്റുകൾ കുറയാനുള്ള സാധ്യത ഏതാണ്ട് ഒമ്പത് മടങ്ങ് കൂടുതലാണെന്നും പഠനം അവകാശപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid19 Vaccine, Model, Vaccine