ഒരു വർഷമായി മൂത്രമൊഴിക്കാൻ കഴിയുന്നില്ലെന്ന അപൂർവരോഗവുമായി യുവതി. ലണ്ടൻ സ്വദേശിയായ മുപ്പതുകാരിക്കാണ് അപൂർവ രോഗം കണ്ടെത്തിയത്. എത്ര വെള്ളം കുടിച്ചാലും മൂത്രമൊഴിക്കാൻ കഴിയുന്നില്ലെന്നതാണ് യുവതിയുടെ രോഗം.
മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ഒരു ദിവസം രാവിലെ മുതൽ മൂത്രമൊഴിക്കാൻ കഴിയാതെയായെന്നുമാണ് യുവതി പറയുന്നത്. 2020 ലാണ് രോഗം ആരംഭിച്ചത്. ഇതിനെ തുടർന്ന് ആശുപത്രിയിൽ എത്തി. പരിശോധനയിൽ മൂത്രാശയത്തിൽ ഒരു ലിറ്റർ മൂത്രം കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. മൂത്രം പുറത്തേക്ക് കളയാൻ ഒടുവിൽ ഡോക്ടർമാർ ട്യൂബ് ഇടുകയായിരുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പ്രകാരം 500 ml മൂത്രമാണ് സ്ത്രീകളുടെ മൂത്രാശയത്തിൽ സംഭരിക്കാൻ കഴിയുക. പുരുഷന്മാർക്കിത് 700 ml ആണ്. നിരവധി ആശുപത്രികളിലും ഡോക്ടർമാരേയും കണ്ടെങ്കിലും എന്താണ് യഥാർത്ഥ കാരണമെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്ന് യുവതി പറയുന്നു.
14 മാസങ്ങൾക്ക് ശേഷം, 2021 ഡിസംബറിൽ, യുവതിക്ക് ഫൗളേഴ്സ് സിൻഡ്രോം ആണെന്ന് കണ്ടെത്തി. നിരവധി മരുന്നുകൾ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇനിയുള്ള ജീവിതകാലം മുഴുവൻ യുവതിക്ക് മൂത്രം പുറത്തേക്ക് കളയാൻ ട്യൂബ് ഉപയോഗിക്കേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
മൂത്രമൊഴിക്കാനോ മൂത്രാശയം ശൂന്യമാക്കാനോ ഉള്ള കഴിവില്ലായ്മയാണ് ഫൗളേഴ്‌സ് സിൻഡ്രോം. ഈ രോഗത്തിന്റെ കാരണം അജ്ഞാതമാണെങ്കിലും യുവതികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.
മൂത്രാശയത്തിലെയും കുടലിലെയും പ്രശ്നങ്ങൾക്ക് സഹായിക്കുന്ന ചികിത്സയായ സാക്രൽ നെർവ് സ്റ്റിമുലേഷൻ (എസ്എൻഎസ്) ആണ് യുവതിയുടെ രോഗത്തിനുള്ള ഏക പോംവഴിയെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇതോടെ ഇക്കഴിഞ്ഞ ജനുവരിയിൽ എസ്എൻഎസ് ഓപ്പറേഷന് വിധേയയായതായി യുവതി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.