സാറാ ലാംപ്ലി എന്ന യുവതി ലോകത്ത് എല്ലാവർക്കും മാതൃകയായ ഒരു അമ്മയാണ്. 34കാരിയായ സാറയ്ക്ക് പ്രസവസമയത്ത് തന്റെ കുഞ്ഞിനെ നഷ്ടമായി. കുഞ്ഞിന്റെ മരണം ഉണ്ടാക്കിയ വിഷമത്തിനിടയിലും ആരോഗ്യപ്രശ്നങ്ങളുള്ള കുഞ്ഞുങ്ങൾക്ക് തന്റെ മുലപ്പാൽ (Breast Milk) ജീവാമൃതമായി നൽകിക്കൊണ്ട് അവർ ശ്രദ്ധ നേടുകയാണ്. കുഞ്ഞുങ്ങൾക്കായി ഇതുവരെ 50 കുപ്പി മുലപ്പാൽ (28 ലിറ്റർ) ആണ് അവർ സംഭാവന ചെയ്തതെന്ന് മെട്രോ യുകെ റിപ്പോർട്ട് ചെയ്യുന്നു.
ഗർഭാവസ്ഥയുടെ 38-ാം ആഴ്ചയിൽ സാറയ്ക്ക് അമിതമായ രക്തസ്രാവം തുടങ്ങി. പ്രസവ സമയത്തിന് മുൻപ് പ്ലാസന്റ യൂട്രസിൽ നിന്ന് വേറിട്ടുപോകുന്ന പ്ലാസന്റൽ അബ്റപ്ഷൻ എന്ന അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നതോടെ അവരുടെ നില ഗുരുതരമായി. സാറയ്ക്ക് ജീവൻ തിരിച്ച് കിട്ടിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചില്ല. ഗർഭാശയത്തിലെ കുഞ്ഞിന്റെ സ്ഥാനം സാറയുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനെ തടഞ്ഞതിനാലാണ് അവർക്ക് ജീവൻ തിരിച്ച് കിട്ടിയതെന്ന് ഡോക്ടർമാർ വിശദീകരിച്ചു. നഷ്ടപ്പെട്ടെങ്കിലും അമ്മയുടെ ജീവൻ രക്ഷിച്ച കുഞ്ഞിന് മൂന്ന് സഹോദരന്മാർ ചേർന്ന് വിളിക്കുന്നത് 'സൂപ്പർഹീറോ' എന്നാണ്.
ദാരുണമായ സംഭവത്തിന് ശേഷം മൂന്ന് മാസത്തിലധികമായി സാറ അമ്മമാരെയും രോഗികളായ കുഞ്ഞുങ്ങളെയും സഹായിക്കുകയാണ്. സാറ ഏകദേശം 800 ഓസ് (50 പിന്റസ് അല്ലെങ്കിൽ ഏകദേശം 28 ലിറ്റർ) മുലപ്പാൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ അലബാമയിലെ മദർസ് മിൽക്ക് ബാങ്കിന് ഇതിനകം സംഭാവന ചെയ്തിട്ടുണ്ട്.
"കുഞ്ഞ് നഷ്ടപ്പെട്ടതിന് ശേഷമുള്ള ഏതാനും ദിവസങ്ങൾ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. പക്ഷേ എന്റെ മുലപ്പാൽ ഉപയോഗമില്ലാതായി പോകുന്നതാണ് ഏറ്റവും സങ്കടം ഉണ്ടാക്കിയ കാര്യം. ഈ പാൽ മറ്റു കുഞ്ഞുങ്ങൾക്കായി പ്രയോജനപ്പെടുത്തണമെന്ന് എനിക്ക് തോന്നി. മോശം സമയത്തും മറ്റുള്ളവർക്ക് വെളിച്ചമാകാൻ സാധിക്കുമെന്ന് എനിക്കറിയാമായിരുന്നു", സാറ മെട്രോ യുകെയോട് പറഞ്ഞു.
സാറയുടെ തീരുമാനത്തെ ഭർത്താവ് ലൂയിസും മൂന്ന് കുട്ടികളും പൂർണ്ണമായി പിന്തുണച്ചു. പാൽ സംഭാവന ചെയ്യുമ്പോൾ സാറ വൈകാരികമായി തളരുമോ എന്ന ആശങ്ക ലൂയിസിന് ഉണ്ടായിരുന്നെങ്കിലും വൈകാതെ ഈ പ്രവൃത്തി ഭാര്യയുടെ വൈകാരികാരോഗ്യത്തിന് ഗുണം ചെയ്യുന്നതായി അദ്ദേഹം മനസ്സിലാക്കി.
ജനനസമയത്ത് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മമാർക്കും മാസം തികയാതെ നവജാത ശിശുക്കളെ പ്രസവിച്ചവർക്കും മുലപ്പാൽ സംഭാവന ചെയ്യുന്നത് വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. "കുഞ്ഞുങ്ങളെ മറക്കാൻ ആഗ്രഹിക്കാത്തതിനാൽ പാൽ സംഭാവന ചെയ്ത നിരവധി അമ്മമാരെ ഞാൻ കണ്ടിട്ടുണ്ട്. അത് എനിക്ക് വളരെയധികം പ്രോത്സാഹനം നൽകുകയും പാൽ സംഭാവന നൽകുന്നത് തുടരാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു," സാറ പറഞ്ഞു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.