എല്ലാ ആളുകള്‍ക്കും എല്ലാത്തരം ഭക്ഷണങ്ങളോടും താല്‍പ്പര്യം ഉണ്ടാകണമെന്നില്ല. ചിലത് ചിലരില്‍ അലര്‍ജിയും (Food Allergy) ഉണ്ടാക്കാം. അത്തരക്കാര്‍ അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കാറാണ് പതിവ്. എന്നാല്‍, ഒരേ ഭക്ഷണം തന്നെ സ്ഥിരമായി കഴിക്കുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. കഴിഞ്ഞ 22 വര്‍ഷമായി ലണ്ടൻ സ്വദേശിയായ യുവതി കഴിക്കുന്നത് ഉരുളക്കിഴങ്ങ് ചിപ്സ് (Chips), ക്രിസ്പ്സ്, ചിക്കന്‍ നഗറ്റ്സ് (Chicken Nuggets) എന്നിവ മാത്രമാണ്. ലണ്ടനിലെ (London) കേംബ്രിഡ്ജില്‍ താമസിക്കുന്ന 25കാരിയായ സമ്മര്‍ മണ്‍റോയാണ് അവോയ്ഡന്റ് റെസ്ട്രിക്റ്റീവ് ഫുഡ് ഇന്‍ടേക് ഡിസോര്‍ഡര്‍ (ARFID) എന്ന രോഗാവസ്ഥയ്ക്ക് അടിമപ്പെട്ട് സ്ഥിരമായി ഒരേ ഭക്ഷണം കഴിക്കുന്നത്. മൂന്നാം വയസ്സില്‍ മാഷ്ഡ് പൊട്ടറ്റോ (Mashed Potato) കഴിക്കാന്‍ നിര്‍ബന്ധിതയായതാണ് ഭക്ഷണത്തോടുള്ള സമ്മറിന്റെ ഭയത്തിനു കാരണം.
അന്നുമുതല്‍ അവർ ചിക്കന്‍ നഗറ്റ്സ്, ഉരുളക്കിഴങ്ങ് ചിപ്സ്, ക്രിസ്പ്സ് എന്നിവ മാത്രം ഉൾപ്പെടുന്ന ഭക്ഷണക്രമമാണ് പിന്തുടര്ന്നു പോരുന്നത്. സാധാരണ ദിവസങ്ങളില്‍ സമ്മര്‍ പ്രഭാതഭക്ഷണം കഴിക്കാറില്ല. ഉച്ചയ്ക്ക് ഒരു പാക്കറ്റ് വാക്കേഴ്സ് ക്രിസ്പ്സും അത്താഴത്തിന് ആറോ എട്ടോ ബേര്‍ഡ്സ് ഐ ചിക്കന്‍ നഗറ്റുകളുമാണ് അവര്‍ കഴിക്കുന്നത്. പഴങ്ങളും പച്ചക്കറികളും കാണുമ്പോൾ തന്നെ ഓക്കാനിക്കാൻ തോന്നാറുണ്ടെന്നാണ് സമ്മർ പറയുന്നത്. ഒരിക്കല്‍ ഒരു പയര്‍ കഴിച്ചാല്‍ 1,000 പൗണ്ട് (ഒരു ലക്ഷം രൂപ) നല്‍കാമെന്ന മുത്തച്ഛന്റെ വാഗ്ദാനം വരെ സമ്മര്‍ നിരസിച്ചു.
സമ്മര്‍ പറയുന്നതനുസരിച്ച്, ഭക്ഷണം കഴിക്കുന്നതിൽ അവർക്ക് യാതൊരു ഉത്സാഹവും തോന്നുന്നില്ല. ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുമ്പോൾ തന്നെ അത് അവരുടെ ശരീരത്തെ രോഗാതുരമാക്കുന്നതായി തോന്നുന്നു. സമ്മറിന്റെ കൗണ്‍സിലര്‍മാര്‍ നിയന്ത്രിത ഭക്ഷണം ഒഴിവാക്കാനായുള്ള ഹിപ്നോതെറാപ്പിയയും പരീക്ഷിച്ചു. പക്ഷേ ഒന്നും ഫലം കണ്ടില്ല.
കഴിക്കുന്ന എല്ലാ ഭക്ഷണവും പൊരിച്ചതായിരിക്കണം എന്ന് സമ്മറിന് നിർബന്ധമുണ്ട്. മറ്റേതെങ്കിലും പഴങ്ങളും പച്ചക്കറികളും കഴിക്കുക സമ്മറിനെ സംബന്ധിച്ചിടത്തോളം ശാരീരികമായി തന്നെ അപ്രായോഗികമായി മാറിയിരിക്കുന്നു. പ്രത്യേക ഭക്ഷണശീലങ്ങള്‍ കാരണം അവളുടെ ഭാരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നുണ്ട്. ഒരു സമയത്ത്, സമ്മർ ചിക്കന്‍ നഗറ്റ്സ് കഴിക്കുന്നത് നിര്‍ത്തുകയും വെറും ക്രിസ്പ്സ് മാത്രം കഴിച്ച് ജീവിക്കുകയും ചെയ്തിട്ടുണ്ട്.
ARFID എന്നത് ഭക്ഷണശീലവുമായി ബന്ധപ്പെട്ട വൈകല്യമാണ്. അത് ബാധിച്ച വ്യക്തി ചിലതരം ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിതരാകും. ചില ഭക്ഷണസാധനങ്ങളുടെ ഊഷ്മാവ്, രുചി, ഘടന, മണം, രൂപം എന്നിവയോടുള്ള അനിഷ്ടം മൂലമാണ് ഇത് സംഭവിക്കുന്നത്. അല്ലെങ്കില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശ്വാസംമുട്ടലോ കഠിനമായ വേദനയോ പോലുള്ള അസ്വസ്ഥതകൾ ഉണ്ടായതിന്റെ മുന്‍കാല അനുഭവങ്ങളും ഇതിന് കാരണമാകാം.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.