നിത്യ ജീവിതത്തിൽ പലതരം അസുഖങ്ങളിലൂടെ നമ്മൾ കടന്നു പോകാറുണ്ട്. അസുഖം ഉണ്ടാവുക എന്നത് ആർക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. വളരെ അപൂർവമായ ഒരു അസുഖത്തിന് ഉടമയാണ് ഇംഗ്ലണ്ടിലെ ലീഡ്സിൽ നിന്നുള്ള 27 കാരിയായ ഒരു യുവതി. ഒരു ദിവസം 30 പ്രാവശ്യം വരെ ഛർദ്ദിക്കുന്ന ഒരു കഠിനമായ രോഗാവസ്ഥയാണ് ഈ യുവതിക്കുള്ളത്. ഗ്യാസ്ട്രോപാരെസിസ് (Gastroparesis) എന്ന ഈ രോഗം കാരണം വളരെ ദയനീയമായ അവസ്ഥയിലൂടെയാണ് അവർ കടന്നുപോകുന്നത്.
ഇംഗ്ലണ്ടിലെ ലീഡ്സിലെ എമിലി വെബ്സ്റ്റർ എന്ന യുവതിക്ക് 2016 ൽ ആണ് ഈ രോഗം പിടിപെടുന്നത്. ആദ്യം വളരെ സാധാരണമായ ആരോഗ്യപ്രശ്നമായിരിക്കുമെന്നു കരുതിയാണ് എമിലി ഡോക്ടറെ സമീപിക്കിന്നത്. തനിക്ക് ഐബിഎസ് എന്ന സാധാരണ രോഗമാണെന്നാണ് ഡോക്ടർമാർ ആദ്യം അറിയിച്ചതെന്നും എന്നാൽ പിന്നീട് അത് ഭേദമാക്കാനാവാത്ത അവസ്ഥയിലെത്തിയെന്നും എമിലി വിശദീകരിച്ചു. ഈ അസുഖം കാരണം തന്റെ ജീവിതം തകർന്നു എന്നാണ് എമിലി പറയുന്നത്.
യുകെയിൽ ഏകദേശം ആറ് ശതമാനം ആളുകൾ ഗ്യാസ്ട്രോപാരെസിസ് അസുഖബാധിതരാണ് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ അവസ്ഥയിൽ ആമാശയം ഭാഗികമായി തളർന്നുപോകുന്നു. ഒപ്പം ദഹന വ്യവസ്ഥയുടെ പ്രവർത്തനവും തടസ്സപ്പെടുന്നു. ഇത് മൂലം കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാതെ ഛർദിച്ച് പുറത്തുകളയേണ്ട സ്ഥിതിവിശേഷം ഉണ്ടാകുന്നു.
രോഗം കടുത്തതോടെ എമിലിയ്ക്ക് ആശുപത്രിയിൽ തന്നെ കഴിയേണ്ടതായി വന്നു. എന്നാൽ സ്ഥിരമായ ഒരു ആശ്വാസം എമിലിക്ക് ലഭിച്ചില്ല. എന്നാൽ ഈ വർഷം നവംബർ 11 ന് ഡോക്ടർമാർ എമിലിക്ക് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഗ്യാസ്ട്രിക് പേസ് മേക്കർ ഘടിപ്പിച്ചാൽ അത് എമിലിയുടെ ദഹനവ്യവസ്ഥയെ നിയന്ത്രിക്കുകയും ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യും എന്ന് ഡോക്റ്റർമാർ പ്രതീക്ഷിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ഏകദേശം 9,500 പൗണ്ട്, അതായത് ഒൻപത് ലക്ഷം രൂപ ചിലവാകും, ഇതിനായി എമിലി ഒരു ധനസമാഹരണ ക്യാമ്പയിനുംആരംഭിച്ചിട്ടുണ്ട്
ഈ അസുഖം കാരണം വർഷങ്ങളായി തന്റെ ജീവിതത്തിലെ പല സുപ്രധാന നിമിഷങ്ങളും തനിക്ക് നഷ്ടപ്പെട്ടുവെന്ന് എമിലി പറയുന്നു. ഗ്യാസ്ട്രിക് പേസ് മേക്കർ ശസ്ത്രക്രിയയിലൂടെ തന്റെ രോഗത്തിന് ശമനമുണ്ടാകുമെന്നും തനിക്ക് ജീവിതം തുടർന്നും ആസ്വദിക്കാൻ കഴിയുമെന്നും എമിലി പ്രതീക്ഷിക്കുന്നു.
2021 ൽ തനിക്കു ലഭിക്കുന്ന ഏറ്റവും വലിയ ക്രിസ്മസ് സമ്മാനം ഈ ശസ്ത്രക്രിയയാണെന്ന് വിശ്വസിക്കുന്നതായി എമിലി പറഞ്ഞു.ഈ അസുഖം കാരണം എമിലിക്ക് കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനോ ഉറ്റസുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനോ ഒന്നും കഴിഞ്ഞിട്ടില്ല. ആ ദുഃഖം ഒരിക്കലും ഇല്ലാതാകില്ലെന്ന് എമിലി പറയുന്നു. പക്ഷേ ശസ്ത്രക്രിയ പൂർത്തിയായതിനാൽ, എമിലി ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കാം.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.