റഷ്യൻ സൈന്യം (Russian Army) യുക്രെയ്നിലെ (Ukraine) തെരുവുകളിൽ ഉപേക്ഷിച്ചുപോയ ടാങ്കുകൾ (Russian Tanks) ട്രാക്ടറുകൾ കൊണ്ട് വലിച്ച് കൊണ്ടുപോകുന്ന യുക്രേനിയൻ കർഷകരുടെ (Ukranian Farmers) വീഡിയോ വൈറൽ (Viral). യുക്രെയ്ൻ അധിനിവേശത്തിനായി റഷ്യൻ സൈന്യം ഉപയോഗിച്ച് ടാങ്കുകൾ യുക്രേനിയൻകാരുടെ ചെറുത്തുനിൽപ്പിൽ നിഷ്ഫലമായപ്പോൾ സ്വയരക്ഷ കണക്കിലെടുത്ത് റഷ്യൻ സൈനികർ ടാങ്കുകൾ വഴിയിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ ടാങ്കുകൾ ഇപ്പോൾ യുക്രേനിയൻ പൗരന്മാർക്ക് കളിക്കോപ്പുകൾ പോലെയാണ്. അവർ ഈ ടാങ്കുകൾ കൊണ്ട് വേറിട്ട ഉപയോഗം കണ്ടെത്തുകയാണ്. യുക്രേനിയൻ കർഷകർ ഈ ടാങ്കുകൾ ട്രാക്ടറുകൾ ഉപയോഗിച്ച് കടത്തിക്കൊണ്ടുപോകുന്നത് അവിടത്തെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. ഇത്തരത്തിൽ ഒരു യുക്രേനിയൻ കർഷകൻ ട്രാക്ടറിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടി അംഗവും പ്ലിമൗത്ത് മൂർ വ്യൂവിലെ പാർലമെന്റ് അംഗവുമായ ജോണി മെർസറാണ് തിങ്കളാഴ്ച ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയാണ് വൈറലായത്.
"ഒരു യുക്രേനിയൻ കർഷകൻ റഷ്യൻ ടാങ്ക് മോഷ്ടിച്ച് കൊണ്ടുപോവുകയാണ്. ഞാൻ ഒരു യുദ്ധ വിദഗ്ധൻ ഒന്നുമല്ല. പക്ഷെ ഈ കാഴ്ച കാണുമ്പോൾ എനിക്ക് പറയാൻ കഴിയുന്നത് റഷ്യ യുക്രെയ്നിൽ നടത്തിയ അധിനിവേശം പാളിപ്പോയി എന്നാണ്." - വീഡിയോ പങ്കുവെച്ച് കൊണ്ട് ജോണി മെർസർ കുറിച്ചു.
മെർസർ ട്വിറ്ററിൽ പങ്കിട്ട ഈ വീഡിയോ വൈകാതെ തന്നെ വൈറലായി. ഇതുവരെ 4.8 ദശലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. ഒരുപാട് പേർ അദ്ദേഹത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി എത്തുന്നുണ്ട്.
Also read-
Russia-Ukraine attack | റഷ്യൻ ആക്രമണത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് തീപിടിച്ചു
2014 മുതൽ 2021 വരെ ഓസ്ട്രിയയിലെ യുക്രെയ്ൻ അംബാസഡറായി സേവനമനുഷ്ഠിച്ച ഒലെക്സാണ്ടർ ഷെർബയും വീഡിയോ പങ്കിട്ടു. "യുക്രെയ്ൻകാർ അത്ര ചില്ലറക്കാരൊന്നുമല്ല" എന്ന കുറിപ്പുമായാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
കർഷകർ ട്രാക്ടറുകളിൽ ടാങ്കുകൾ വലിച്ച് കൊണ്ടുപോകുന്ന വീഡിയോയ്ക്ക് പുറമെ ടാങ്കിനുള്ളിലെ കാഴ്ചകളും ഉപയോഗങ്ങളുമൊക്കെ വിവരിച്ചുള്ള വീഡിയോകളുമായി ടിക്-ടോക് വ്ളോഗർമാരും സജീവമായിരുന്നു.
Also read-
M K Stalin | യുക്രെയിൻ രക്ഷാപ്രവര്‍ത്തനം; നാലു ജനപ്രതിനിധികളെ അതിര്‍ത്തി രാജ്യങ്ങളിലേക്കയച്ച് തമിഴ്നാട്
ഇതിനിടയിൽ, റഷ്യ ഉപേക്ഷിച്ച് പോയ ടാങ്കുകളിൽ ഒന്നായ ടി 72 ടാങ്ക് കൈക്കലാക്കിയ ഒരു വ്യക്തി ടാങ്ക് വിൽപ്പനയ്ക്കെന്ന പേരിൽ ഓൺലൈനിൽ പരസ്യം കൊടുത്തു. ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഇബേയിൽ 50,000 യുഎസ് ഡോളർ എന്ന് കാണിച്ചായിരുന്നു പരസ്യം ഇട്ടത്. പിന്നീട് ഇബേയ് തന്നെ ഈ പരസ്യം നീക്കുകയായിരുന്നു. 10 ലക്ഷം ഡോളർ വിലയുള്ള ടാങ്കിനാണ് നിസ്സാര വിലയിട്ട് ആ വിരുതൻ വിൽപ്പനയ്ക്ക് വെച്ചത്.
റഷ്യ നടത്തുന്ന ആക്രമണങ്ങൾക്കിടയിൽ ജീവിതമാർഗം കണ്ടെത്താനാണ് ഇവർ ഇതെല്ലാം ചെയ്യുന്നത്. റഷ്യൻ ടാങ്കുകളും കവചിത വാഹനങ്ങളും പിടിച്ചെടുക്കുന്നവർക്ക് യുക്രെയ്ൻ അഴിമതിവിരുദ്ധ ഏജൻസി (NAPC) കഴിഞ്ഞ ദിവസം ആദായനികുതി ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് ഇത്തരം ശ്രമങ്ങൾ വ്യാപകമായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.