മലയാളികളുടെ പ്രിയപ്പെട്ട ഓണാഘോഷത്തിന് (Onam celebrations) ആശംസകളുടെ പ്രളയം തന്നെയായിരിക്കും എല്ലാ സ്ഥലത്തു നിന്നും ഉണ്ടാകുന്നത്. വ്യക്തികൾ വക, സ്ഥാപനങ്ങൾ വക അങ്ങനെ വലിയ നിര തന്നെ ഉണ്ടാകും. ഇവിടെ ഒരു ചലച്ചിത്രനിർമ്മാണ സ്ഥാപനം തികച്ചും വ്യത്യസ്ഥമായ ഓണാശംസയുമായി എത്തിയിരിക്കുന്നു.
സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന 'ബുള്ളറ്റ് ഡയറീസ്' എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്തേക്കു കടന്നു വരുന്ന ബീത്രീ എം ക്രിയേഷൻസാണ് പുതുമയാർന്ന ഓണാശംസയുമായി എത്തിയിരിക്കുന്നത്.
നഗര പശ്ചാത്തലത്തിൽ മാവേലിയും ജിന്നും സംഘവും സഞ്ചരിച്ചു കൊണ്ട് കേരളത്തിൻ്റെ തനതായ കലകളേയും ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഒരു സിനിമയുടെ ഗാനരംഗം ചിത്രീകരിക്കുന്ന അതേ ഗൗരവത്തോടെ നല്ല മുതൽ മുടക്കോടെയാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത് എന്ന് അണിയറക്കാർ പറയുന്നു. നിർമ്മാതാവ് നോബിൻ മാത്യുവിൻ്റെ ആശയമാണ് ഇതിനു പിന്നിലുള്ളത്.
ഇംതിയാസ് അബുബക്കറാണ് ഗാനരംഗത്തിൻ്റെ സംവിധായകൻ. ജാസി ഗിഫ്റ്റും ഗോകുലം പാടിയ 'ഓണവും വന്നേ...' എന്നു തുടങ്ങുന്ന ഗാനമാണിത്. ക്ലൈമാക്സിൽ ധ്യാൻ ശ്രീനിവാസൻ എത്തുന്നിടത്താണ് പ്രേക്ഷകരെ ഏറെ കൗതുകത്തിലെത്തിച്ച ഈ ഗാനം പൂർത്തിയാകുന്നത്.
ബുള്ളറ്റ് ബൈക്കിനെ മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രണയിച്ച ഒരു യുവാവിൻ്റെ കഥ രസാവഹമായി അവതരിപ്പിക്കുന്ന ചിത്രമാണിത്. ആൻസൺ പോൾ, ജോണി ആന്റണി, ശ്രീകാന്ത് മുരളി, സലിം കുമാർ, അൽത്താഫ് സലീം, ശ്രീലക്ഷമി എന്നിവരാണ് ബുള്ളറ്റ് ഡയറീസിലെ മറ്റു പ്രധാന താരങ്ങൾ. പി.ആർ.ഒ.- വാഴൂർ ജോസ്.
Also read: കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും; 'ഒറ്റ്' സിനിമയിലെ പുതിയ ഗാനം കേൾക്കാം
കുഞ്ചാക്കോ ബോബനും (Kunchacko Boban) അരവിന്ദ് സ്വാമിയും (Arvind Swamy) ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിലെ (Ottu) ഓരോ നഗരവും... എന്ന ഗാനം പുറത്ത്. കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും തമ്മിലുള്ള നല്ല മുഹൂർത്തങ്ങൾ ആണ് പാട്ടുനിറയെ. വിനായക് ശശികുമാറിന്റെ വരികൾ പാടിയിരിക്കുന്നത് കെ.എസ്. ഹരിശങ്കറാണ്. 'ഒറ്റ്' സെപ്റ്റംബർ 8ന് റിലീസ് ചെയ്യും.
തമിഴിൽ 'രണ്ടകം' എന്ന പേരിലാണ് ചിത്രം തിയെറ്ററുകളിൽ എത്തുക. സംവിധാനം ടി.പി. ഫെല്ലിനി. ദി ഷോ പീപ്പിളിന്റെ ബാനറിൽ നടൻ ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് 'ഒറ്റ്' നിർമ്മിക്കുന്നത്.
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രത്തിൽ ജാക്കി ഷ്റോഫ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.
ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് തിരക്കഥ എഴുതിയത് എസ്. സഞ്ജീവാണ്. ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ. സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jassie gift, Onam, Onam season, Onam Songs