HOME » NEWS » Buzz » UNIVERSITY EXPELS STUDENTS AFTER LOVE PROPOSAL WENT VIRAL

പ്രണയാഭ്യർഥന വൈറലായി; വിദ്യാർഥികളെ പുറത്താക്കി സർവകലാശാല

പെൺകുട്ടി മുട്ടുകുത്തിനിന്ന് പൂക്കൾ നീട്ടി തന്റെ സഹപാഠിയോട് പ്രണയാഭ്യർഥന നടത്തുന്നതും ഇരുവരും ആലിംഗനം ചെയ്യുന്നതുമാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച വീഡിയോയിൽ ഉള്ളത്

News18 Malayalam | news18-malayalam
Updated: March 27, 2021, 5:06 PM IST
പ്രണയാഭ്യർഥന വൈറലായി; വിദ്യാർഥികളെ പുറത്താക്കി സർവകലാശാല
pakistan_university_of_lahore
  • Share this:
ലാഹോർ: സർവകലാശാല ക്യാംപസിൽ നടന്ന ഒരു പ്രണയാഭ്യർഥന വൈറലായതിന് പിന്നാലെ വിദ്യാർഥികളെ പുറത്താക്കിയ സംഭവം വിവാദമാകുന്നു. സഹപാഠിയോട് പ്രണയാഭ്യർഥന നടത്തുന്ന പെൺകുട്ടിയുടെ വിഡിയോ വൈറലായതിനു പിന്നാലെയാണ് സർവകലാശാലയുടെ നടപടി. വിദ്യാർഥികളെ പുറത്താക്കിയാണ് പാക്കിസ്ഥാനിലെ ലാഹോർ യൂണിവേഴ്സിറ്റി കർശന നടപടി എടുത്തത്. പെരുമാറ്റത്തിന് മാന്യതയില്ലെന്ന കാരണം പറഞ്ഞാണ് വിദ്യാർഥികൾക്കെതിരെ സർവകലാശാല നടപടി എടുത്തത്. അതേസമയം സർവകലാശാലയുടെ നടപടിക്കെതിരെയും സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായിട്ടുണ്ട്.

പെൺകുട്ടി മുട്ടുകുത്തിനിന്ന് പൂക്കൾ നീട്ടി തന്റെ സഹപാഠിയോട് പ്രണയാഭ്യർഥന നടത്തുന്നതും ഇരുവരും ആലിംഗനം ചെയ്യുന്നതുമാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച വീഡിയോയിൽ ഉള്ളത്. പ്രണയാഭ്യർഥന നടത്തുന്ന ഇരുവരുടെയും സഹപാഠികളും സുഹൃത്തുക്കളും അവരെ ഹർഷാരവത്തോടെ സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോ വൈകാതെ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. അതിന് പിന്നാലെയാണ് അച്ചടക്ക നടപടിയുമായി സർവ്വകലാശാല രംഗത്തെത്തിയത്.

എന്നാൽ പൊടുന്നനെ കൈക്കൊണ്ട നടപടിയല്ല ഇതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. പ്രത്യേക കമ്മിറ്റി കൂടി വിദ്യാർഥികൾക്ക് വിശദീകരണം നൽകാൻ അവസരം നൽകിയിരുന്നതാണ്. കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും അവർ രണ്ടുപേരും അതിനോട് പ്രതികരിച്ചില്ല. ഇരുവരെയും സർവകലാശാല ഓഫീസിലേക്കു വിളിപ്പിച്ചെങ്കിലും അവർ വരാൻ തയ്യാറായില്ല. ഇതേത്തുടർന്നാണ് ഇരുവരെയും കാംപസിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചതെന്നും സർവകലാശാല വിശദീകരിക്കുന്നു. സർവകലാശാലയുടെ കീഴിലുള്ള അമ്പതിലേറെ കാംപസുകളിലേക്ക് പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.


അതേസമയം സർവകലാശാല വിദ്യാർഥികൾക്കെതിരെ സ്വീകരിച്ച നടപടിക്കെതിരെ അതി രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.ശൈശവ വിവാഹം, പീഡനം, കൊലപാതകം എന്നിവയെല്ലാം സാധാരണമായ ഒരു രാജ്യത്ത് പ്രണയം തുറന്നു പറയുന്നത് വലിയ കുറ്റമാകുന്ന സാഹചര്യം ഭയപ്പെടുത്തുന്നു എന്നാണ് വിദ്യാർഥി സംഘടനകൾ പ്രതികരിച്ചത്. ‌ഇരുവരെയും തിരിച്ചെടുക്കണമെന്ന ആവശ്യം ഉയർത്തി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് സംഘടനകൾ. വിദ്യാർഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനങ്ങൾ സർവകലാശാല വൈസ് ചാൻസലർക്ക് നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ സർവ്വകലാശാല തയ്യാറായിട്ടില്ല.

You May Also Like- Video | കൂട്ടുകാരായി കൊമ്പൻ സ്രാവും മുതലയും; അപൂർവ്വ നിമിഷം പങ്കുവച്ച് വെറോ ബീച്ച് സ്വദേശി

വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദ്യർഥി സംഘടനാ പ്രതിനിധികൾ പ്രാദേശിക സർക്കാർ അധികാരികൾക്കും നിവേദനം നൽകിയിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിലും വിഷയം എത്തിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ വിദ്യാർഥികളെ പുറത്താക്കിയ നടപടി സർവകലാശാല അധികൃതർ പുനഃപരിശോധിക്കുമെന്നാണ് സൂചന.

Keywords- University expels students, love proposal, Viral, Viral Video, Social Media, Lahore university, Pakistan
Published by: Anuraj GR
First published: March 27, 2021, 5:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories