ഏറ്റവും മൂർച്ചയുള്ള പല്ലുള്ള ഇഴജന്തുക്കളിൽ ഒന്നാണ് മുതല (Crocodile). ഇവയ്ക്ക് തീരെ ചെറിയ വലിപ്പത്തിലുള്ള ഭക്ഷണ വസ്തുക്കൾ ചവച്ചരയ്ക്കാനോ കടിക്കാനോ കഴിയില്ല. മുതലകളുടെ താടിയെല്ലുകൾ വശങ്ങളിലേക്ക് ചലിക്കില്ല. മുകളിലേക്കും താഴേക്കും മാത്രമായിരിക്കും ഇവ ചലിക്കുക. മുതലകൾ മാംസഭുക്കുകളാണ് (carnivores). മത്സ്യങ്ങൾ, പക്ഷികൾ, തവളകൾ, ഞണ്ട്, ചെമ്മീന് തുടങ്ങിയവയെല്ലാം മുതലകൾ ആഹാരമാക്കും. ഇരകളെ വലിയ വലിയ കഷണങ്ങളായി കടിച്ചെടുത്ത് അവ മുഴുവനോടെയാണ് മുതലകൾ വിഴുങ്ങുന്നത്.
തുറസായ സ്ഥലങ്ങളിൽ കാണപ്പെടുന്ന മുതലകൾ അവയുടെ വായിലെ കൂറ്റൻ താടിയെല്ലുകൾ ഉപയോഗിച്ച് ഇരയെ കടിച്ചെടുക്കുന്നു. അതിനെ വലിയ കഷണങ്ങളാക്കി മുറിച്ച് മുഴുവനായും വിഴുങ്ങുന്നു. മൃഗശാലകളിലും മറ്റുമുള്ള മുതലകൾക്ക് എലികൾ, മത്സ്യങ്ങൾ തുടങ്ങിയ ജന്തുക്കളെ ഭക്ഷണമായി നൽകാറുണ്ട്.
മുതലകൾക്ക് നാല് വയറുകളുണ്ടെന്ന കാര്യവും പലർക്കും അറിയില്ല. ഇത് ആഹാരം വേഗത്തിൽ ദഹിക്കാൻ സഹായിക്കുന്നു. മുതലയുടെ ആമാശയത്തിൽ മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് കൂടുതൽ ഗ്യാസ്ട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഒട്ടകപ്പക്ഷിയെപ്പോലെ, മുതലയും ചെറിയ ഉരുളൻ കല്ലുകൾ കഴിക്കാറുണ്ടെന്ന് മിയാമി സയൻസ് മ്യൂസിയത്തിലെ വിദഗ്ധർ പറയുന്നു. ഒരു മുതല വലിയ ഇരയെ ആഹാരമാക്കിയാൽ അടുത്ത 10 ദിവസത്തേക്ക് അവയ്ക്ക് ഭക്ഷണം വേണ്ടിവരില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു.
Also Read-
മനുഷ്യർക്കിടയിൽ ഒരു പൂച്ച; 20 സെക്കൻഡിൽ കണ്ടെത്താൻ കഴിയുന്നവർ മിടുക്കർ
ഒരു പെൺ മുതല ഒരു സമയം 12 മുതൽ 48 വരെ മുട്ടകൾ ഇടാറുണ്ട്. ഇത് വിരിയാൻ 55 മുതൽ 100 ദിവസം വരെയെടുക്കും. ജനിച്ചയുടൻ മുതലകൾക്ക് 7 മുതൽ 10 ഇഞ്ച് വരെ നീളമുണ്ടാകും. പൂർണ വളർച്ചയെത്താൻ 15 വർഷം വരെയെടുക്കാം. മുതലകളുടെ ആയുസ് ഓരോ ഇനത്തെയും ആശ്രയിച്ചിരിക്കും. സാധാരണയായി 40 വർഷമാണ് മുതലകളുടെ ശരാശരി ആയുസ്. എന്നാൽ 80 വർഷം വരെ ജീവിക്കുന്ന മുതലകളുമുണ്ട്.
Also Read-
ചുണ്ടും മൂക്കും ചെവിയും മുറിച്ചു; ബ്ലാക് ഏലിയനാകാൻ യുവാവിന്റെ വിചിത്ര രൂപമാറ്റം
നദിയിൽ കുളിക്കുകയായിരുന്ന 10 വയസ്സുകാരനെ വിഴുങ്ങിയെന്നു പറഞ്ഞ് മുതലയെ ഗ്രാമവാസികൾ പിടികൂടിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലാണ് സംഭവം നടന്നത്. ഷിയോപൂരിലെ റിജെന്ത ഗ്രാമവാസികളാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലയെ പിടികൂടിയത്. എന്നാൽ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മുതലയെ രക്ഷപ്പെടുത്തുകയായിരുന്നു. ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ അതാർ സിങ്ങ് എന്ന ബാലനെ മുതല കൊണ്ടുപോകുന്നത് തങ്ങൾ കണ്ടെന്ന് ഗ്രാമവാസികളിൽ ചിലർ പറഞ്ഞതായി രഘുനാഥ്പൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് ശ്യാംവീർ സിംഗ് തോമർ പറഞ്ഞു. കുട്ടി ഇപ്പോഴും മുതലയുടെ വയറ്റിൽ ജീവനോടെയുണ്ടെന്ന് ഗ്രാമവാസികൾ തറപ്പിച്ചുപറഞ്ഞിരുന്നുവെന്നും പോലീസ് പറയുന്നു. മുതയുടെ വയറു കീറി പരിശോധിക്കണമെന്നു പോലും ചിലർ ആവശ്യപ്പെട്ടു. എന്നാൽ മുതലയുടെ വയറ്റിൽ കുട്ടി ഉണ്ടാകില്ലെന്ന് അധികൃതർ ഗ്രാമവാസികളെ പാടുപെട്ട് ബോധ്യപ്പെടുത്തി. മുതലയ്ക്ക് ആക്രമിക്കാനാകുമെങ്കിലും വിഴുങ്ങാൻ കഴിയില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. മുതലയെ തിരികെ പുഴയിലേക്ക് വിടുകയും ചെയ്തു. തുടർന്ന് കുട്ടിക്കായി നദിയിൽ തിരച്ചിൽ ആരംഭിക്കുകയും ചൊവ്വാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്നും ലഭിക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.