• HOME
  • »
  • NEWS
  • »
  • buzz
  • »
  • ​ഗം​ഗാ നദിയിൽ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു; കടത്തുകാരന് വഞ്ചി സമ്മാനിച്ച് ഉത്തർപ്രദേശ് സർക്കാർ

​ഗം​ഗാ നദിയിൽ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു; കടത്തുകാരന് വഞ്ചി സമ്മാനിച്ച് ഉത്തർപ്രദേശ് സർക്കാർ

വഞ്ചിക്കാരനായ ​ഗുല്ലു ചൗധരി എന്നയാളാണ് 21 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ​ഗംഗാ നദിയിൽ നിന്നും രക്ഷപ്പെടുത്തിയത്.

Boatman Gullu Chaudhary, Image credit: IANS

Boatman Gullu Chaudhary, Image credit: IANS

  • Share this:
നദികളിലൂടെ ആവശ്യമുള്ളതും ഇല്ലാത്തതുമായ പല വസ്തുക്കളും ഒഴുകിയെത്താറുണ്ട്. അത്തരത്തിൽ ​ഗം​ഗാ നദിയിലൂടെ ഒഴുകിയെത്തിയ അലങ്കരിച്ച പെട്ടി തുറന്നു നോക്കിയ ഒരാൾക്ക് ലഭിച്ചത് ഒരു പിഞ്ചു കുഞ്ഞിനെയാണ്. ഗംഗാ നദിയിൽ നിന്നും മരപ്പെട്ടിയിൽ ഒഴുകിയെത്തിയ ഉപേക്ഷിക്കപ്പെട്ട  കുഞ്ഞിന്റെ രക്ഷപ്പെടുത്തിയ കടത്തുകാരന് പുതിയൊരു വഞ്ചി വാങ്ങി നൽകാൻ ഒരുങ്ങുകയാണ് ഉത്തർപ്രദേശ് സർക്കാർ. വഞ്ചിക്കാരനായ ​ഗുല്ലു ചൗധരി എന്നയാളാണ് 21 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ​ഗംഗാ നദിയിൽ നിന്നും രക്ഷപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം. പുതിയ വഞ്ചി നൽകുന്നതിനു പുറമേ അർഹമായ ക്ഷേമ പദ്ധതികളിൽ ഉൾപ്പെടുത്തി സർക്കാർ ഇയാൾക്ക് സഹായം നൽകും.

ഗംഗാ നദിയിൽ നിന്നും കണ്ടെത്തിയ കുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്നും രക്ഷപ്പെടുത്തിയ ആൾക്ക് സർക്കാർ പദ്ധതികളിൽ നിന്നും സഹായം നൽകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

Also Read രഞ്ജിനി ഹരിദാസിനുനേരെ അശ്ലീല പരാമർശം; യുവാവിന് തകർപ്പൻ മറുപടി നൽകി മുൻ ബിഗ് ബോസ് താരം

​ഗാസിപൂർ ജില്ലാ മജിസ്ട്രേറ്റ് എം പി സിംഗ് ദാദ്രി ​ഗാട്ടിലുള്ള ചൗധരിയുടെ വീട് സന്ദർശിച്ചിരുന്നു. ചൗധരിയുടെ സാമ്പത്തിക സ്ഥിതിയെ പറ്റി അന്വേഷിച്ച ജില്ലാ മജിസ്ട്രേറ്റ് അദ്ദേഹത്തിന് വീട് സ്വന്തമായുണ്ടെന്ന് കണ്ടെത്തിയതായി ഡിവിഷണൽ കമ്മീഷണറായ ദീപക് അഗർവാൾ പറഞ്ഞു. അതിനാൽ ഭവന പദ്ധതികളിൽ ഉൾപ്പെടുത്തി സഹായം നൽകാനാവില്ല. എന്നാൽ, മറ്റൊരാളുടെ വള്ളം തുഴഞ്ഞാണ് ​ഗുല്ലു ചൗധരി നിത്യവൃത്തി മുന്നോട്ട് കൊണ്ടു പോകുന്നത്. ഇതിനാൽ ഇയാൾക്ക് പകരമായി മറ്റൊരു വഞ്ചി വാങ്ങി നൽകാൻ സർക്കാർ തീരുമാനിച്ചുവെന്ന് ഡിവിഷണൽ കമ്മീഷണർ പറഞ്ഞു.

Also Read കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുള്ള വിരസത ആളുകളെ നിയമലംഘകരാക്കുമോ? പഠനങ്ങൾ പറയുന്നതിങ്ങനെ

അതേസമയം തന്റെ വീട്ടിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്ത് തരണം എന്നാണ് ചൗധരി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. നിലവിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ് ഈ റോഡിനുള്ളത്. ഇക്കാര്യം പരിഗണിക്കാമെന്ന് ഉറപ്പു നൽകിയ ഉദ്യോ​ഗസ്ഥർ അദ്ദേഹത്തെ കൂടിക്കാഴ്ചക്ക് ക്ഷണിക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ചയാണ് ഗംഗാനദിയിലെ ദാദ്രി ​ഗാട്ടിൽ കോട്ട്വാലി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മര പെട്ടിയിൽ അടച്ച നിലയിൽ 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. ചുവന്ന മരപ്പെട്ടി കണ്ടതോടെ കടത്തുകാരനായ ​ഗുല്ലു ചൗധരി അത് എടുക്കുകയായിരുന്നു. പെട്ടി തുറന്നപ്പോൾ ആരോ ഉപേക്ഷിച്ച നിലയിലുള്ള കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ചുവന്ന തുണി കൊണ്ട് അലങ്കരിച്ചിരുന്ന മരപ്പെട്ടിയിൽ ദുർ​ഗ, വിഷ്ണു എന്നിവരുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. കൂടാതെ കുഞ്ഞ് ജനിച്ച സമയവും തീയതിയും രേഖപ്പെടുത്തിയ ജാതകവും പെട്ടിക്കുള്ളിൽ നിന്നും കണ്ടെത്തി. അരയിൽ ചുവന്ന ഷോൾ പുതപ്പിച്ചാണ് ഉപേക്ഷിച്ചത്.

കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത യുപി സർക്കാർ കുഞ്ഞിനെ സർക്കാർ വനിത ആശുപത്രിയിലെ പിഞ്ചു കുഞ്ഞുങ്ങളുടെ വാർഡിലേക്ക് മാറ്റി. കുട്ടിയുടെ കാര്യത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.
Published by:Aneesh Anirudhan
First published: