• HOME
  • »
  • NEWS
  • »
  • buzz
  • »
  • Birthday Party | ജീവനക്കാരന്റെ അനുവാദമില്ലാതെ പിറന്നാള്‍ ആഘോഷിച്ച കമ്പനി മൂന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നല്‍കണം

Birthday Party | ജീവനക്കാരന്റെ അനുവാദമില്ലാതെ പിറന്നാള്‍ ആഘോഷിച്ച കമ്പനി മൂന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നല്‍കണം

തൻെറ പിറന്നാൾ ആഘോഷിക്കരുതെന്ന് പരാതിക്കാരനായ കെവിൻ തൻെറ മാനേജരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

  • Share this:
    ജീവനക്കാരന് സർപ്രൈസ് പിറന്നാൾ പാർട്ടി നടത്തിയ കമ്പനി വെട്ടിലായി. അമേരിക്കയിലെ കെൻറക്കി സ്വദേശിയായ ജീവനക്കാരൻ നൽകിയ പരാതിയിൽ 450000 ഡോളർ (ഏകദേശം മൂന്നരക്കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. 2019ൽ തൻെറ പിറന്നാൾ ആഘോഷിക്കരുതെന്ന് പരാതിക്കാരനായ കെവിൻ ബെർലിങ് അദ്ദേഹം ജോലി ചെയ്തിരുന്ന ഗ്രാവിറ്റി ഡയഗ്നോസ്റ്റിക്സ് എന്ന കമ്പനിയോട് അഭ്യർഥിച്ചിരുന്നു. തനിക്ക് ഉത്കണ്ഠയും മാനസിക സമ്മർദ്ദവും ഉണ്ടെന്നും ഇത് പരിഗണിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ കമ്പനി സർപ്രൈസായി പിറന്നാൾ പാർട്ടി നടത്തി. ഇതിൽ പങ്കെടുക്കേണ്ടി വന്ന കെവിന് പല തവണ പാനിക്ക് അറ്റാക്ക് ഉണ്ടായി. എന്നാൽ തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് കമ്പനി അധികൃതരുടെ വാദം.

    വിഷാദരോഗവും മാനസിക സമ്മർദ്ദവും കാരണം താൻ ഏറെ ബുദ്ധിമുട്ടിലാണെന്നും പിറന്നാൾ പാർട്ടി നടത്തരുതെന്നും കെവിൻ തൻെറ മാനേജരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തനിക്ക് പാനിക്ക് അറ്റാക്ക് ഉണ്ടാവാൻ സാധ്യതയുണ്ടെന്നും ചെറുപ്പത്തിലെ മോശം അനുഭവങ്ങളുടെ ഓർമ്മകൾ വരുമെന്നും വ്യക്തമാക്കി. എന്നാൽ കെവിൻെറ അഭ്യർഥന പരിഗണിക്കാതെ 2019 ആഗസ്തിൽ സർപ്രൈസ് പിറന്നാൾ പാർട്ടി നടത്തി. തനിക്ക് പരിപാടിയിൽ നിന്ന് പാതിവഴിയിൽ ഇറങ്ങിപ്പോരേണ്ടി വന്നുവെന്നും ഉച്ചഭക്ഷണം കഴിച്ചത് ഒറ്റയ്ക്ക് കാറിനുള്ളിൽ ഇരുന്നാണെന്നും കെൻറക്കിയിലെ കെൻറൺ കൗണ്ടിയിൽ നൽകിയ പരാതിയിൽ കെവിൻ വ്യക്തമാക്കിയിട്ടുണ്ട്.

    ആഘോഷത്തിന് ശേഷം പിറ്റേന്ന് നടന്ന മീറ്റിങ്ങിൽ കെവിൻെറ പ്രവൃത്തിക്കെതിരെ കമ്പനി രൂക്ഷവിമ‍‍ർശനം ഉയർത്തുകയും കളിയാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സഹപ്രവ‍ർത്തകരുടെ സന്തോഷം ഇല്ലാതാക്കിയെന്നാണ് വിമ‍ർശനം ഉയർന്നത്. സമ്മ‍ർദ്ദം നിറഞ്ഞ ഈ യോഗത്തിന് ശേഷം കെവിന് വീണ്ടും പാനിക്ക് അറ്റാക്കുണ്ടായി. ആഗസ്ത് 8,9 തീയതികളിൽ അദ്ദേഹത്തിന് ജോലിക്ക് ഹാജരാവാനും സാധിച്ചില്ല. എന്നാൽ ഇതിനിടയിൽ ആഗസ്ത് 11ന് കെവിനെ ജോലിയിൽ നിന്ന് പുറത്താക്കുകയാണെന്ന് അറിയിച്ച് കമ്പനി നോട്ടീസയച്ചു. ജോലിസ്ഥലത്തെ സുരക്ഷിതത്വം പരിഗണിച്ച് ഇത് പോലൊരാളെ ജോലിയിൽ തുടരാൻ അനുവദിക്കാൻ സാധിക്കില്ലെന്നായിരുന്നു വാദം.

    തൻെറ വൈകല്യങ്ങളെ അപമാനിക്കുകയാണ് സ്ഥാപനം ചെയ്തതെന്ന് കെവിൻ പറഞ്ഞു. മാർച്ച് അവസാനം രണ്ട് ദിവസം കോടതിയിൽ നടന്ന വിചാരണയ്ക്കൊടുവിൽ ജീവനക്കാരന് അനുകൂലമായി വിധി വന്നിരിക്കുകയാണ്. 450000 ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. ഇതിൽ 300000 ലക്ഷം ഡോളർ മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടതിനും ഒന്നര ലക്ഷം ഡോള‍ർ ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിനെ തുട‍‍ർന്ന് നഷ്ടപ്പെട്ട ശമ്പളവുമാണ്.

    എന്നാൽ, വിധിക്കെതിരെ അപ്പീൽ പോവാനൊരുങ്ങുകയാണ് കമ്പനി. ജോലിസ്ഥലത്ത് അതിക്രമം നടത്തിയതിനാണ് കെവിനെ പിരിച്ച് വിട്ടതെന്ന് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസ‍ർ ജൂലി ബ്രസീൽ, പ്രാദേശിക വാർത്താ ലേഖകരോട് പറഞ്ഞു. ജിവനക്കാരനെ പിരിച്ച് വിട്ട നടപടിയിൽ നിന്ന് പിൻമാറില്ലെന്നും അവ‍ർ വ്യക്തമാക്കി. തൻെറ കമ്പനിയിലെ ജീവനക്കാർക്കാണ് കൂടുതൽ സഹിക്കേണ്ടി വന്നതെന്നും അവ‍ർ കൂട്ടിച്ചേ‍ർത്തു. മാനസികമായി പിരിമുറുക്കം നേരിടുന്നവരോട് ഇത്തരത്തിൽ പെരുമാറുന്ന കമ്പനിയുടെ നടപടി ദൗ‍ർഭാഗ്യകരമാണെന്ന് കെവിന് വേണ്ടി ഹാജരായ അഭിഭാഷകൻ ടോണി ബുച്ച‍ർ പറഞ്ഞു.
    Published by:Sarath Mohanan
    First published: