• HOME
  • »
  • NEWS
  • »
  • buzz
  • »
  • ബുള്ളറ്റ് പ്രൂഫ് കാർ ഉപേക്ഷിച്ച് ഓട്ടോയിൽ യാത്ര; യുഎസ് എംബസിയിലെ വനിതാ ഉദ്യോഗസ്ഥരുടെ വീഡിയോ വൈറൽ

ബുള്ളറ്റ് പ്രൂഫ് കാർ ഉപേക്ഷിച്ച് ഓട്ടോയിൽ യാത്ര; യുഎസ് എംബസിയിലെ വനിതാ ഉദ്യോഗസ്ഥരുടെ വീഡിയോ വൈറൽ

ഔദ്യോഗിക യാത്രകൾ ഉൾപ്പെടെയുള്ള എല്ലാ ആവശ്യങ്ങൾക്കും സ്വയം ഓട്ടോ ഓടിച്ചാണ് ഇവർ സഞ്ചരിക്കുന്നത്

  • Share this:

    സർക്കാർ നൽകിയ ബുള്ളറ്റ് പ്രൂഫ് കാർ ഉപേക്ഷിച്ച് ഡൽഹിയിൽ തങ്ങളുടെ സ്വന്തം ഓട്ടോയിൽ യാത്ര ചെയ്യുന്ന യുഎസ് എംബസിയിലെ 4 വനിതാ ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. തങ്ങളുടെ ഓഫീസിലേക്ക് ഓട്ടോ ഓടിച്ചാണ് ഇവർ നാലുപേരും പോകുന്നത്. ആൻ എൽ മേസൺ, റൂത്ത് ഹോംബെർഗ്, ഷെറീൻ ജെ കിറ്റർമാൻ, ജെന്നിഫർ ബൈവാട്ടേഴ്‌സ് എന്നിവരാണ് പിങ്ക് നിറത്തിലുള്ള ഓട്ടോ ഇഷ്ടപ്പെടുകയും അതിൽ യാത്ര ചെയ്ത് സാധാരണക്കാരെ പോലെ ജീവിക്കാൻ ആഗ്രഹിക്കുന്നതും. ഔദ്യോഗിക യാത്രകൾ ഉൾപ്പെടെയുള്ള എല്ലാ ആവശ്യങ്ങൾക്കും സ്വയം ഓട്ടോ ഓടിച്ചാണ് ഇവർ സഞ്ചരിക്കുന്നത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ആണ് ഇവരുടെ ഈ വ്യത്യസ്തമായ യാത്രയെയും തീരുമാനത്തെക്കുറിച്ചും പങ്കുവെച്ചത്.

    ഓരോരുത്തരും അവരുടെ യാത്രാനുഭവം പങ്കുവയ്ക്കുകയും ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാനുള്ള കാരണത്തെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഓട്ടോ ഓടിക്കുന്നത് വളരെ രസകരമായ ഒരു കാര്യമാണ് എന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. വിനോദത്തിന് വേണ്ടി മാത്രമല്ല മറ്റുള്ളവര്‍ക്കൊരു മാതൃക ആയി കൂടിയാണ് ഈ നാല് പേരും ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയത്. “ഞാൻ പാകിസ്ഥാനിലായിരുന്നപ്പോൾ, ഇന്ത്യയിലേക്ക് വരുന്നതിനുമുമ്പ്, ഞാൻ പല തരത്തിലുള്ള വാഹനങ്ങളും ഓടിച്ചിട്ടുണ്ട്. ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുക എന്നത് ഒരു ആഗ്രഹമായിരുന്നു. അങ്ങനെ ഞാൻ ഇന്ത്യയിലെത്തിയപ്പോൾ ഒരെണ്ണം വാങ്ങാൻ അവസരം ലഭിച്ചു. അത് ഉടനെ തന്നെ വാങ്ങി.” ഉദ്യോഗസ്ഥയായ ആൻ എൽ മേസൺ പറയുന്നു

    കൂടാതെ ഈ ആശയത്തിന് പിന്നിലെ പ്രചോദനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അമ്മയാണ് തന്റെ പ്രചോദനമെന്നാണ് ആൻ പറഞ്ഞത് . “ജീവിതത്തിൽ പുതിയ എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ അമ്മയാണ് എനിയ്ക്ക് പ്രചോദനം. അവർ ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ട്. തന്റെ ജീവിതം കൊണ്ട് വളരെയധികം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അമ്മയാണ് എപ്പോഴും രസകരമായ കാര്യങ്ങൾ ചെയ്യാനും അവസരങ്ങൾ തേടാനും തന്നെ പഠിപ്പിച്ചത്,”.ആൻ കൂട്ടിച്ചേർത്തു.


    അതേസമയം ഓട്ടോ ഓടിയ്ക്കുക എന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ചോദിച്ചപ്പോൾ അതിനും അവർക്ക് മറുപടിയുണ്ടായിരുന്നു. “എനിക്ക് ഇത് വളരെ ഇഷ്ടമായിരുന്നു. ഓട്ടോറിക്ഷ ഓടിക്കാൻ പഠിക്കുന്നത് എനിക്ക് തികച്ചും പുതിയ കാര്യമായിരുന്നു. ഞാൻ ഒരിക്കലും ക്ലച്ച് ഉപയോഗിച്ചുള്ള ഒരു വാഹനവും ഓടിച്ചിട്ടില്ല, ഓട്ടോമാറ്റിക് കാറുകൾ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. മോട്ടോർ സൈക്കിൾ ഓടിച്ചിട്ടില്ല,”എന്നും മേസൺ പറഞ്ഞു .എന്നാൽ മെക്‌സിക്കന്‍ അംബാസിഡര്‍ ഓട്ടോയില്‍ സഞ്ചരിച്ച റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് തനിക്കിത് പ്രചോദനമായതെന്നായിരുന്നു ഷെറീന്‍ ജെ കിറ്റര്‍മാന്‍ പറഞ്ഞത്.

    ബ്രസീലിയന്‍ മണ്ണില്‍ ലോകകപ്പ് ഫുട്ബോള്‍ കളിച്ചതിന്റെ അനുഭവപരിചയമുണ്ടായിട്ടും അരിന്ദം ഘോഷാല്‍ എന്ന ഫുട്ബോൾ താരം ഓട്ടോ ഓടിച്ച് ജീവിതം മുന്നോട്ട് നയിക്കുന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

    Published by:Anuraj GR
    First published: