അമേരിക്കയിൽ ആകാശത്ത് അജ്ഞാതവസ്തുക്കൾ കണ്ടെത്തുന്ന സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതോടെ അന്യഗ്രഹജീവികളും അവരുടെ വരവും വീണ്ടും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇതിനു പിന്നാലെ, തുടർച്ചയായി അജ്ഞാത വസ്തുക്കളെ വെടിവെച്ചിടുന്നതിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വടക്കേ അമേരിക്കൻ വ്യോമാതിർത്തിയുടെ മേൽനോട്ടം വഹിക്കുന്ന യുഎസ് എയർഫോഴ്സ് ജനറൽ ജനറൽ ഗ്ലെൻ വാൻഹെർക്ക്. ഇക്കാര്യത്തിൽ അന്യഗ്രഹജീവികളെ സംബന്ധിക്കുന്ന തരത്തിലുള്ള വിശദീകരണങ്ങൾ തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൻ്റഗണിൽ വെച്ച് മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ആകാശത്ത് കണ്ടെത്തിയ പേടകങ്ങൾ ഭൂമിയ്ക്ക് വെളിയിൽ നിന്നും എത്തിയ അഞ്ജാത ജീവികൾ ആകാമെന്നും അത്തരമൊരു സാധ്യത തള്ളാനാകില്ലെന്നും ഇതേപ്പറ്റി ബന്ധപ്പെട്ടവർ കൂടുതൽ വിശദീകരണം നൽകുമെന്നും ജനറൽ ഗ്ലെൻ വാൻഹെർക്ക് വ്യക്തമാക്കി. മൂന്നു ദിവസത്തിനുള്ളിൽ മൂന്ന് അജ്ഞാത വസ്തുക്കളാണ് അമേരിക്കൻ സൈന്യം വെടിവെച്ചിട്ടത്.
”ഇവയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. അജ്ഞാതമായ ഇത്തരം എല്ലാ ഭീഷണികളും അവയുമായി ബന്ധപ്പെട്ട സാധ്യതകളും ഞങ്ങൾ വിലയിരുത്തുന്നുണ്ട്”, വാൻഹെർക്ക് പറഞ്ഞു.
യുഎസ്-കാനഡ അതിർത്തിയിലെ ഹുറോൺ തടാകത്തിന് മുകളിൽ ഒരു അഷ്ടഭുജാകൃതിയിലുള്ള വസ്തുവിനെ യുഎസ് എഫ്-16 യുദ്ധവിമാനം വെടിവെച്ചു വീഴ്ത്തിയിരുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ അറിവോടെയായിരുന്നു ഈ നീക്കം. ഫെബ്രുവരി 4 ന് വടക്കേ അമേരിക്ക ഒരു ചൈനീസ് നിരീക്ഷണ ബലൂണും വെടിവെച്ചിട്ടിരുന്നു. ഇവയിലേതെങ്കിലും അന്യഗ്രഹത്തിൽ നിന്നും എത്തിയതാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ അമേരിക്കൻ സൈന്യം കണ്ടെത്തിയിട്ടില്ല. ഇവയെക്കുറിച്ച് ശാസ്ത്രീയ വിശദീകരണം നൽകാൻ തക്ക വിധം തെളിവുകൾ ഇതുവരെ സൈന്യത്തിനു ലഭിച്ചിട്ടില്ലെന്നും ജനറൽ ഗ്ലെൻ വാൻഹെർക്ക് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.