ക്രെഡിറ്റ് കാർഡ് മാത്രം ഉപയോഗിച്ച് കോടീശ്വരനാവുന്നത് എങ്ങനെയെന്ന് നിങ്ങൾക്കറിയാമോ? കേൾക്കുമ്പോൾ അവിശ്വസനീയം എന്നു തോന്നാമെങ്കിലും അസാധ്യമെന്ന് തോന്നുന്ന ഇക്കാര്യം സാധ്യമാക്കിയിരിക്കുകയാണ് യുഎസിലെ ഒരാൾ. ക്രെഡിറ്റ് കാർഡ് ബില്ലിന് പണം അടുയ്ക്കുമ്പോൾ ക്യാഷ്ബാക്കും റിവാർഡ് പോയിന്റുകളും ലഭിക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ ഇത്തരത്തിൽ കിട്ടുന്ന റിവാർഡുകൾ പലതും ചെറിയ തുക മാത്രമായിരിക്കും. എന്നാൽ അമേരിക്കയിലെ ഫിസിക്സ് അധ്യാപകനായ കോൺസ്റ്റാന്റിൻ അനികീവ് എന്നയാൾ തന്റെ ബുദ്ധിയുപയോഗിച്ച് ഇത്തരത്തിൽ സമ്പാദിച്ചത് 2.17 കോടി രൂപയാണ്.
2009 മുതൽ കോൺസ്റ്റാന്റിൻ ക്രെഡിറ്റ് കാർഡിൽ നിന്നും ഇത്തരത്തിൽ റിവാർഡ് പോയിന്റുകൾ നേടിയിരുന്നു. തുടക്കത്തിൽ നേരം പോക്കിന് മാത്രമാണ് ചെയ്തിരുന്നെങ്കിലും പിന്നീട് ഇതൊരു പ്രധാന തൊഴിലാക്കി മാറ്റി കോടികൾ സമ്പാദിക്കുകയായിരുന്നു ഇദ്ദേഹമെന്ന് വാഷിങ്ടൺ ജേണൽ റിപോർട്ട് ചെയ്യുന്നു.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിരവധി ഗിഫ്റ്റ് കാർഡുകൾ വാങ്ങിയ ശേഷം പിന്നീട് ഇവയെ പണമാക്കി മാറ്റി അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു കോൺസ്റ്റാന്റിന്റെ രീതി. ഈ പണം ക്രെഡിറ്റ് കാർഡിന്റെ ബില്ലടയ്ക്കാൻ ഉപയോഗിക്കുകയും ചെയ്യും. ക്രെഡിറ്റ് കാർഡ് കമ്പനി ബില്ലിന് റിവാർഡ് ആയിട്ട് നൽകുന്ന പണമായിരുന്നു കോൺസ്റ്റാന്റിന്റെ ലാഭം. ഇത്തരത്തിലുള്ള ഇടപാട് പല പ്രാവശ്യം ആവർത്തിച്ചാണ് ഇദ്ദേഹം വൻതുക സമ്പാദിച്ചത്.
ഉദാഹരണത്തിന് കോൺസ്റ്റാന്റിൻ 500 ഡോളറിന്റെ ഗിഫ്റ്റ് കാർഡ് വാങ്ങുമ്പോൾ അതിൻറെ 5 ശതമാനമായ ആയ 25 ഡോളർ റിവാർഡായി ലഭിക്കും. ഈ ഗിഫ്റ്റ് കാർഡ് പണമാക്കി മാറ്റുന്നതിന് 6 ഡോളർ മാത്രമാണ് ചെലവ് വരുന്നത്. ഇതിനുശേഷം 19 ഡോളർ ലാഭമായി ലഭിക്കും. വർഷങ്ങളായി ഈ സൂത്രവിദ്യ ആവർത്തിക്കുന്നതിലൂടെ 3 ലക്ഷം ഡോളറാണ് (ഏകദേശം 2.17 കോടി ഇന്ത്യൻ രൂപ) അദ്ദേഹം സമ്പാദിച്ചത്.
You may also like:വിവാഹേതര ബന്ധം, ഗാർഹിക പീഡനം; സീരിയൽ താരത്തിനെതിരെ ഭാര്യയുടെ പരാതി
കോൺസ്റ്റാന്റിന്റെ വരുമാനത്തിൽ അവിശ്വസനീയമായ രീതിയിൽ വർധനവ് ഉണ്ടായതോടെ ആരോ ഇത് യുഎസ് ടാക്സ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കുകയായിരുന്നു. തുടർന്ന് അവർ അന്വേഷണവും നടത്തി കേസ് കോടതിക്ക് കൈമാറി. കോടതിയിൽ ഹിയറിങ്ങിനായി ഒരു കെട്ട് ഗിഫ്റ്റ് കാർഡുകളുമായി എത്തിയ കോൺസ്റ്റാന്റിൻ താൻ തട്ടിപ്പൊന്നും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. തനിക്ക് ലഭിച്ച റിവാർഡുകളൊന്നും വരുമാനമല്ലെന്നും ക്രെഡിറ്റ് കാർഡിന്റെ ക്യാഷ്ബാക്കും ഡിസ്കൗണ്ടുകളും മാത്രമാണെന്ന് അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.
ഇരു ഭാഗത്തിന്റെയും വാദം കേട്ട കോടതി ക്രെഡിറ്റ് കാർഡ് റിവാർഡുകൾ സ്വത്തുക്കൾ പോലെയാണെന്നും ഇതിന് നികുതി ബാധകമല്ലെന്നും വ്യക്തമാക്കി. എന്നാൽ ഗിഫ്റ്റ് കാർഡുകളും റിവാർഡുകളും പണമാക്കി മാറ്റുമ്പോൾ അത് ലാഭമായി കണക്കാക്കി ആ പണത്തിനു നികുതി നൽകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ഇതോടെ തനിക്ക് ലഭിച്ച തുകയ്ക്ക് നികുതി നൽകാൻ കോൺസ്റ്റാന്റിൻ ബാധ്യസ്ഥനായി. ഇപ്പോൾ കോൺസ്റ്റാന്റിനിൽ നിന്നും ഈടാക്കുന്നതിനായി കണക്കുകൂട്ടലുകൾ നടത്തുകയാണ് യുഎസ് ടാക്സ് ഡിപ്പാർട്ട്മെന്റ് അധികൃതർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Credit card bills