അമ്പത്തിമൂന്ന് വര്‍ഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട മോതിരം (ring) തിരികെ കിട്ടിയ യുഎസ് സ്വദേശിനിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഡാന സ്‌കോട്ട് ലാഫ്‌ലിൻ എന്ന സ്ത്രീയ്ക്കാണ് തന്റെ ഹൈസ്കൂൾ കാലത്ത് നഷ്ടപ്പെട്ട മോതിരം തിരികെ കിട്ടിയത്. കാലിഫോര്‍ണിയ തടാകത്തില്‍ (California lake) നിന്ന് മീൻ പിടിക്കുന്നതിനിടെ ഒരു ദമ്പതികള്‍ക്കാണ് മോതിരം കിട്ടിയത്. 1969ല്‍ ഹൈസ്‌കൂള്‍ (high school) പഠനം പൂർത്തിയാക്കിയ ഡാന തടാകത്തില്‍ നീന്തുന്നതിനിടെയാണ് മോതിരം നഷ്ടപ്പെട്ടത്. മോതിരം വിരലില്‍ നിന്നും തടാകത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്ന് പോയിരുന്നു. എന്നാൽ പിന്നീട് ഒരിയ്ക്കലും മോതിരം തിരികെ കിട്ടുമെന്ന് ഡാന കരുതിയിരുന്നില്ല. എന്നാല്‍ ഈ മാസമാദ്യം മോതിരം ഡാനയ്ക്ക് തിരികെ കിട്ടി.
ബെറിയെസ്സ തടാകത്തില്‍ മീൻ പിടിക്കുന്നതിനിടെ ഒരു മോതിരം കിട്ടിയെന്നും അതിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പറഞ്ഞ് ദമ്പതികള്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇത് കണ്ട ഡാനയുടെ മകനാണ് അമ്മയെ വിവരം അറിയിച്ചത്. സംഭവം സത്യമാണെന്ന് ബോധിപ്പിക്കുന്നതിന് ദമ്പതികൾ അദ്ദേഹത്തിന് മോതിരത്തിന്റെ ചിത്രങ്ങളും അയച്ചുകൊടുത്തിരുന്നു. ഡാന മോതിരത്തിന്റെ ചിത്രങ്ങള്‍ പരിശോധിച്ചു. അതില്‍ ഡാനയുടെ പേരിന്റെ ഇനീഷ്യലും പഠിച്ച സ്‌കൂളിന്റെ പേരും പ്രിന്റ് ചെയ്തിരുന്നു. അങ്ങനെ ദമ്പതികള്‍ കൊറിയര്‍ വഴി ഡാനയ്ക്ക് മോതിരം അയച്ചു കൊടുത്തു. ഡാന ഇപ്പോള്‍ അലബാമയിലാണ് താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മോതിരം കണ്ടെത്തിയെന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും തന്റെ ഭര്‍ത്താവിന് ഇത് വലിയൊരു ഷോക്ക് ആണെന്നും ഡാന പറഞ്ഞു.
ഏഴ് വര്‍ഷത്തിന് ശേഷം നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് കണ്ടെത്തിയതും അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ഓസ്‌ട്രേലിയയിലായിരുന്നു സംഭവം. മെമ്മറി കാര്‍ഡില്‍ നൂറുകണക്കിന് ഫാമിലി ഫോട്ടാകളാണ് ഉണ്ടായിരുന്നത്. ബിബിസിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, നീന്തല്‍ താരം റോറി ഫിറ്റ്സ്ജെറാള്‍ഡ് 2015-ല്‍ സിഡ്നിയിലെ ബാല്‍മോറല്‍ ബേയില്‍ നീന്തുന്നതിനിടെയാണ് ഒരു ക്യാമറയും മെമ്മറി കാര്‍ഡും കണ്ടെത്തിയത്. അങ്ങനെ മെമ്മറി കാര്‍ഡിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താന്‍ അദ്ദേഹം ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചു. എന്നാല്‍ 2020ലാണ് അദ്ദേഹത്തിന് ഒരു മറുപടി സന്ദേശം ലഭിച്ചത്. ആ മെമ്മറി കാര്‍ഡിന്റെ ഉടമയുടേതായിരുന്നു സന്ദേശം. അങ്ങനെ അദ്ദേഹം ഫിറ്റ്‌സ്‌ജെറാള്‍ഡിനെ നേരില്‍ കണ്ട് മെമ്മറി കാര്‍ഡ് വാങ്ങുകയായിരുന്നു.
ഇംഗ്ലണ്ടിലെ കോണ്‍വാള്‍ കൗണ്ടിയിലുള്ള ഒരു സ്ത്രീക്ക് അവരുടെ ഭര്‍ത്താവിന്റെ വിവാഹമോതിരം വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയതും വലിയ വാര്‍ത്തയായിരുന്നു. 35 വര്‍ഷം മുമ്പാണ് ആ വിവാഹമോതിരം കാണാതായത്. ആന്‍ കെന്‍ഡ്രിക് എന്നാണ് വയോധികയുടെ പേര്. തന്റെ പൂന്തോട്ടത്തിലെ ഒരു ആപ്പിള്‍ മരത്തിന്റെ ചുവട് വൃത്തിയാക്കുന്നതിനിടയിലാണ് കെന്‍ഡ്രിക്കിന് മോതിരം കണ്ടുകിട്ടിയത്. പൂന്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഭര്‍ത്താവ് പീറ്ററിന് മോതിരം നഷ്ടപ്പെട്ടത്. 1987ലായിരുന്നു സംഭവം.
കാനഡയിലും ഒരു മോതിരം വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയിരുന്നു. 13 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ഒരു ഡയമണ്ട് മോതിരമാണ് 84കാരിക്ക് തിരിച്ചുകിട്ടിയത്. 2017ലാണ് മേരി ഗ്രാംസിന് തന്റെ മോതിരം തിരിച്ചുകിട്ടിയത്. എന്നാല്‍ വെറും മണ്ണില്‍ നിന്നല്ല മേരിക്ക് മോതിരം കിട്ടിയത്. മണ്ണില്‍ നിന്ന് പറിച്ചെടുത്ത കാരറ്റിന്റെ ഉള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മോതിരം കണ്ടുകിട്ടിയത്.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.