ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് സസ്യാഹാരികളും മാംസാഹാരികളും തമ്മിലുള്ള തർക്കം വർഷങ്ങളായി തുടരുന്ന ഒന്നാണ്. എന്നാൽ ഓസ്‌ട്രേലിയയിലെ പെർത്ത് നഗരത്തിലെ ഒരു കുടുംബം ഈ തർക്കത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. പാചകം ചെയ്യുമ്പോൾ ജനൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബേൺസ് ബീച്ചിലെ താമസക്കാരായ ഒരു കുടുംബം അയൽവാസിക്ക് കത്തെഴുതിയിരിക്കുന്നത്. കാരണം ഇറച്ചി പാചകം ചെയ്യുമ്പോഴുണ്ടാകുന്ന ഗന്ധം വീഗൻ ജീവിതശൈലി പിന്തുടരുന്ന കുടുംബാംഗങ്ങൾക്ക് “ബുദ്ധിമുട്ടും അസ്വസ്ഥതകളും ഉണ്ടാക്കുന്നു.” എന്നാണ് കത്തിലെ ഉള്ളടക്കം. കത്തിന്റെ മുൻവശത്ത് ‘ദയവായി ഗൗരവമായി എടുക്കുക’ എന്നെഴുതിയിട്ടുമുണ്ട്. ഈ അഭ്യർത്ഥന കണ്ട് സ്തംഭിച്ചിരിക്കുകയാണ് അയൽവാസികളായ കുടുംബം.
പെർത്ത് നൗ എന്ന വാർത്താ പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് കത്തിൽ പറയുന്നത് ഇങ്ങനെയാണ്, “ഹലോ അയൽക്കാരേ, ദയവായി പാചകം ചെയ്യുമ്പോൾ നിങ്ങളുടെ സൈഡ് വിൻഡോ അടയ്ക്കാമോ? എന്റെ കുടുംബത്തിലുള്ളവർ സസ്യാഹാരം മാത്രം കഴിക്കുന്നവരാണ്. നിങ്ങൾ പാകം ചെയ്യുന്ന മാംസത്തിന്റെ ഗന്ധം ഞങ്ങൾക്ക് അസുഖവും അസ്വസ്ഥതയും ഉണ്ടാക്കുന്നു. നിങ്ങൾക്ക് മനസിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി.” ഹേയ് പെർത്ത് എന്ന ഫെയ്‌സ്ബുക്ക് പേജിൽ കത്ത് ഷെയർ ചെയ്തെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്തു.
അതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ കത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായി, ഭൂരിപക്ഷം പേരും വീഗൻ കുടുംബത്തിന്റെ ഈ അഭ്യർത്ഥന യുക്തിരഹിതമാണെന്ന വിമർശനവുമായാണ് രംഗത്തെത്തിയത്. “നമുക്കെല്ലാവർക്കും കൂടി അവിടെ വീടിന് ചുറ്റും നിന്ന് മാംസം പാചകം ചെയ്യാം. 100 പേരെ കൂട്ടി അവിടെ ഒരു കൊടുങ്കാറ്റ് ഉണ്ടാക്കാം.” എന്നാണ് കത്തിനോട് പ്രതികരിച്ചുകൊണ്ട് ഒരാൾ കമന്റ് ചെയ്തത്. എന്നാൽ വീഗൻ ജീവിതശൈലി പരിസ്ഥിതിക്ക് ഹാനികരമാണെന്നാണ് മറ്റൊരാൾ പറഞ്ഞത്. “വീഗൻകാരായ അയൽക്കാരെ അവർ ചെയ്യുന്ന നാശത്തെക്കുറിച്ച് അറിയിക്കേണ്ടതുണ്ട്.
സസ്യാഹാരികൾ ഭൂമിയിൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന സസ്യങ്ങൾ മുഴുവൻ കഴിക്കുന്നു, അതിനാൽ സസ്യാഹാരികൾ ഇത് തുടരുകയാണെങ്കിൽ, മൃഗങ്ങൾ ഉൾപ്പെടെ നമ്മളെയെല്ലാം അവർ കൊല്ലും, അതുകൊണ്ട് ഈ പിടിവാശിയിൽ നിന്ന് നിങ്ങൾ മാറി ചിന്തിക്കണം.” “എന്തുകൊണ്ടാണ് ഇതെല്ലാം പത്രങ്ങളിൽ വാർത്ത ആക്കുന്നത്? ആളുകൾക്ക് നിങ്ങളെ പരിഹസിക്കാൻ അവസരം കൊടുക്കരുതായിരുന്നു” എന്ന് കത്തെഴുതിയ കുടുംബത്തെ വിമർശിച്ചു കൊണ്ട് മറ്റൊരാൾ കുറിച്ചു.
Also read- ഒരു ദോശ കഴിച്ച ഐപിഎസ് ഓഫീസർക്ക് കൊടുക്കേണ്ടി വന്നത് രണ്ടു ദോശയുടെ കാശ്
“നിങ്ങളുടെ ബാർബിക്യു എല്ലാവരെയും കൊതിപ്പിക്കട്ടെ, സോസേജുകളുടെയും ഉള്ളിയുടെയും മണത്തേക്കാൾ മികച്ചതായൊന്നുമില്ല. വായിൽ വെള്ളം വരുന്നു” എന്ന് മറ്റൊരാൾ പ്രതികരിച്ചു. കേൾക്കുന്നവർക്ക് ഇതൊരു ചെറിയ പ്രശ്‌നമാണെന്ന് തോന്നുമെങ്കിലും സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഈ ട്വീറ്റിന് ഏകദേശം 14000 വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. ഏതായാലും സസ്യാഹാരികളും മാംസാഹാരികളും തമ്മിലുള്ള തർക്കം ഡിജിറ്റൽ യുഗത്തിലും തുടരുന്നു എന്നതാണ് രസകരമായ വസ്തുത.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Letter, Veganism, Vegetarian, Viral