ഇറ്റലിയിലെ അതിമനോഹര നഗരങ്ങളിലൊന്നാണ് വെനീസ് (Venice). നിരവധി സഞ്ചാരികൾ എത്താറുള്ള വെനീസ് ലോക സഞ്ചാര ചരിത്രത്തിൽ വ്യത്യസ്തമായ ഒരു ചുവട് വെച്ചിരിക്കുകയാണ്. വെനീസിലെത്തുന്ന വിനോദസഞ്ചാരികൾ അടുത്ത വർഷം ജനുവരി 16 മുതൽ പ്രവേശന ഫീസ് നൽകണം. നഗരത്തിലെ ആൾത്തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഫീസ് ഈടാക്കുന്നത്. ലോകത്ത് തന്നെ ഇത്തരം ഒരു തീരുമാനം എടുക്കുന്ന ആദ്യത്തെ നഗരമായി മാറിയിരിക്കുകയാണ് ഇറ്റലിയിലെ ലഗൂൺ സിറ്റി എന്നറിയപ്പെടുന്ന വെനീസ്.
നിയമം പ്രാബല്യത്തിൽ വന്ന് കഴിഞ്ഞാൽ ഇറ്റാലിയൻ നഗരം സന്ദർശിക്കുന്നതിന് മുമ്പായി സഞ്ചാരികൾ ആദ്യം ബുക്ക് ചെയ്യേണ്ടിവരും. പല മാനദണ്ഡങ്ങൾ മുൻനിർത്തി മൂന്ന് യൂറോ (ഏകദേശം 250 രൂപ) മുതൽ പത്ത് യൂറോ (ഏകദേശം 820 രൂപ) വരെയായിരിക്കും എൻട്രി ഫീയായി അടക്കേണ്ടി വരിക. വെനീസിലെത്തുന്ന എല്ലാ സഞ്ചാരികളും ഈ തുക അടക്കേണ്ടി വരില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. കുട്ടികളെയും ഭിന്നശേഷിക്കാരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വീട്ടുടമകൾ, ചികിത്സയുമായി ബന്ധപ്പെട്ട് എത്തുന്നവർ, ബന്ധുക്കളെ സന്ദർശിക്കാൻ വരുന്നവർ, സാംസ്കാരിക പരിപാടിയിലോ കായിക പരിപാടിയിലോ പങ്കെടുക്കാനായി എത്തുന്നവർ എന്നിവർക്കും ഫീ അടയ്ക്കേണ്ടി വരില്ല. രാത്രിയിൽ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കാനായി എത്തുന്നവരും പ്രത്യേകമായി എൻട്രി ഫീ അടക്കേണ്ടതില്ല. ഹോട്ടലിലെ മുറിക്കുള്ള പണം അടയ്ക്കുമ്പോൾ അവർ സഞ്ചാരനികുതി അടയ്ക്കേണ്ടി വരുന്നതാണ്.
ഏറെക്കാലമായി വെനീസ് നേരിടുന്ന സഞ്ചാരികളുടെ അമിതമായ തിരക്കിന് ഇതൊരു പരിഹാരം ആവുമെന്നാണ് കരുതുന്നതെന്ന് നഗരത്തിലെ ടൂറിസം കൗൺസിലർ സിമോൺ വെൻചൂറിനി പറഞ്ഞുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നത് വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ ആലോചിച്ചതെന്നും സിമോൺ പറഞ്ഞു. “ആളുകൾ ജീവിക്കുന്ന നഗരം കൂടിയാണ് വെനീസ്. അതിനെ അങ്ങനെത്തന്നെ നിലനിർത്തുകയും വേണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
ബുക്കിങ് സംവിധാനം എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച് വിശദമായ ചർച്ചകൾക്ക് ശേഷം തീരുമാനങ്ങളെടുക്കും. വരും മാസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരും. “ഇത് പണം ഉണ്ടാക്കുന്നതിനുള്ള ഒരു വഴിയല്ല. സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള ഒരു സംവിധാനം മാത്രമാണ്,” നഗരത്തിലെ ബജറ്റ് കൗൺസിലായ മിഷേലെ സുയിൻ പറഞ്ഞു.
നഗരത്തിലെ കൗൺസിലർമാരുടെ നേതൃത്വത്തിലാണ് ഈ സംവിധാനത്തിൻെറ പദ്ധതികളെല്ലാം തയ്യാറാക്കുന്നത്. പ്രവേശന ഫീസ് അടക്കാതെ നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴയീടാക്കുമെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. എൻട്രി ഫീ അടയ്ക്കാതെ നഗരത്തിൽ താമസിച്ചാലാണ് പിഴ ഈടാക്കുക. 50 യൂറോ (ഏകദേശം 4100 രൂപ) മുതൽ 300 യൂറോ (ഏകദേശം 24700 രൂപ) വരെയാണ് നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴയായി ഈടാക്കുക. എൻട്രി ഫീസായും പിഴയായും ലഭിക്കുന്ന പണം വെനീസിലെ പൗരൻമാരുടെ നികുതി കുറയ്ക്കുന്നതിനായി ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.