വര്‍ഷങ്ങളായി ആഗ്രഹിച്ച ബൈക്കോ സ്‌കൂട്ടറോ വാങ്ങാന്‍ സ്വരൂപിച്ച് വച്ച നാണയങ്ങള്‍ കൊണ്ട് യുവാക്കള്‍ ഡീലര്‍മാരെ സമീപിക്കുന്ന സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ചിലത് വൈറലാകാന്‍ വേണ്ടി മാത്രമുള്ളതാണെങ്കില്‍ മറ്റു ചിലത് ചിലരുടെ സ്വപ്‌ന സാക്ഷാല്‍ക്കാരമാണ്.
അത്തരെമാരു സംഭവമാണ് അസമില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. ഇവിടെ അസം സ്വദേശിയായ മുഹമ്മദ് സെയ്ദുല്‍ ഹഖ് എന്ന യുവാവ് ആറ് വര്‍ഷത്തിലേറെയായി തന്‌റെ സ്വപ്‌ന വാഹനം വാങ്ങാന്‍ സ്വരുക്കൂട്ടിയത് ഒരു ചാക്ക് നിറയെ നാണയങ്ങളാണ്. അസമിലെ ഹോണ്ട ഷോറൂമിലേക്ക് ഒരു ചാക്ക് നിറയെ നാണയത്തുട്ടുമായി എത്തുന്ന യുവാവിന്റെ വീഡിയോ ഹോണ്‍ബില്‍ ടിവി അവരുടെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
അസമിലെ ദരാംഗ് ജില്ലയിലെ സിപജാര്‍ സ്വദേശിയാണ് ഹഖ്. ബൊറാഗോവന്‍ പ്രദേശത്ത് ഒരു ചെറിയ കട നടത്തുകയാണ് ഹഖ്. ഒരു സ്‌കൂട്ടര്‍ വാങ്ങുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും ഹഖ് വീഡിയോയില്‍ പറയുന്നുണ്ട്. ചാക്ക് നിറയെ നാണയത്തുട്ടുകളുമായി എത്തിയ യുവാവിനെ കണ്ട് ആദ്യം അമ്പരന്നെങ്കിലും ജീവനക്കാര്‍ ഹഖിന്റെ ആഗ്രഹം സാധിച്ചു കൊടുക്കുകയായിരുന്നു.
Also read-പ്ലസ് ടു വിദ്യാർഥിയെ കളിക്കളത്തിൽനിന്ന് പിടച്ചുകൊണ്ടുപോയി പരീക്ഷ എഴുതിച്ച് പ്രിൻസിപ്പാൾ
ജീവനക്കാര്‍ എല്ലാ നാണയങ്ങളും എണ്ണി തിട്ടപ്പെടുത്തി. 90,000 രൂപയുടെ നാണയങ്ങളാണ് യുവാവിന്റെ പക്കല്‍ ഉണ്ടായിരുന്നത്. യുവാവിന് വാഹനം നല്‍കുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ഡീലര്‍ പറഞ്ഞു. ഭാവിയില്‍ അദ്ദേഹത്തിന് ഒരു ഫോര്‍ വീലര്‍ വാങ്ങാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും യുവാവിനെ ആദരിക്കുകയും ചെയ്തു. ഹോണ്ട ഗ്രേസിയ 125 ഓട്ടോമാറ്റിക് സ്‌കൂട്ടറാണ് യുവാവ് വാങ്ങിയത്. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതേസമയം ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം അസമിലെ തന്നെ ഒരു സ്റ്റേഷനറി കടയുടമ നാണയത്തുട്ടുകള്‍ നല്‍കി സ്‌കൂട്ടര്‍ വാങ്ങിയിരുന്നു. യൂട്യൂബറായ ഹിരാക് ജെ ദാസ് സംഭവത്തിന്റെ ഫോട്ടോകളും വീഡിയോയും ഫേസ്ബുക്കില്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് ഈ വാര്‍ത്ത പുറംലോകമറിയുന്നത്. ഒരു സ്‌കൂട്ടര്‍ വാങ്ങണമെന്ന ആഗ്രഹത്തോടെ മാസങ്ങളോളം ഈ കടയുടമ തനിക്ക് ലഭിക്കുന്ന ചില്ലറയെല്ലാം ശേഖരിച്ചുവച്ചിരുന്നു. അങ്ങനെ വാഹനം വാങ്ങിക്കാനുള്ള തുകയായപ്പോള്‍ അദ്ദേഹം ചില്ലറ സൂക്ഷിച്ച ചാക്കുമായി നേരെ വാഹന ഷോറൂമിലെത്തി.
Also read-പതിറ്റാണ്ടുകളായി ചികിൽസിക്കുന്ന ഡോക്ടർക്ക് രോഗിയുടെ സമ്മാനം; പോസ്റ്റ് വൈറൽ
ചാക്കുകളില്‍ നിറയെ നാണയങ്ങളാണെന്ന് അദ്ദേഹം ഷോറൂമില്‍ വച്ച് പറയുന്നത് ദാസ് പങ്കുവെച്ച വീഡിയോയില്‍ കാണാം. തുടര്‍ന്ന് കടയിലെ ജീവനക്കാരന്‍ നാണയങ്ങള്‍ ചെറിയ കുട്ടകളിലാക്കി വേര്‍തിരിച്ച് എണ്ണുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ സ്‌കൂട്ടര്‍ വാങ്ങിക്കാനാവശ്യമായ തുകയുണ്ടെന്ന് ഉറപ്പായതോടെ അയാള്‍ വേണ്ട പേപ്പറുകളില്‍ ഒപ്പിടുന്നതും തന്റെ സ്വപ്ന വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്നതുമായ ദൃശ്യങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്. അസമിലെ ബാര്‍പേട്ട ജില്ലയിലെ ഹൗലിയിലെ സ്‌കൂട്ടര്‍ ഷോറൂമിലാണ് സംഭവം നടന്നത്. നാണയം നിറച്ച ചാക്ക് മൂന്ന് പേര്‍ കഷ്ടപ്പെട്ട് താങ്ങിയാണ് ഷോറൂമിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ സ്‌കൂട്ടര്‍ ഉടമയുടെ പേരും മറ്റ് വിവരങ്ങളും ലഭ്യമല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.