ഭിന്നശേഷിക്കാരിയായ യുവതിയുടെ ഡെഡ് ലിഫ്റ്റ് പരിശീലനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യുവതി ഒറ്റക്കാലിലാണ് വലിയ ഭാരം വഹിക്കേണ്ട ഡെഡ്ലിഫ്റ്റ് പരിശീലനം നടത്തുന്നത്. യുവതിയുടെ ഒരു കാൽ മുറിച്ചുമാറ്റപ്പെട്ടിരുന്നു. ജീവിതത്തിൽ നേരിടേണ്ടി വരുന്ന പല തടസ്സങ്ങളെയും പ്രശ്നങ്ങളെയും മറികടക്കാൻ പലർക്കും പ്രചോദനമാകുന്ന ഒരു വീഡിയോ കൂടിയാണിത്.
വീഡിയോയിൽ, യുവതി ഡെഡ്ലിഫ്റ്റ് എടുത്ത് ഒറ്റ കാലിൽ നിൽക്കുന്നതും തലയ്ക്ക് മുകളിൽ ഉയർത്തുന്നതും കാണാം. ഐഎഎസ് ഓഫീസറായ പ്രിയങ്ക ശുക്ലയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. തിരമാലകളെ ഭയപ്പെടുന്ന ഒരു വള്ളത്തിന് ഒരിക്കലും വെള്ളത്തിലൂടെ സഞ്ചരിക്കാനാവില്ല. പരിശ്രമിക്കുന്നവർ ഒരിക്കലും പരാജയപ്പെടില്ല എന്നാണ് അവർ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ നൂറിലധികം ലൈക്കുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്.
लहरों से डर कर..नौका पार नहीं होती
कोशिश करने वालों की कभी हार नहीं होती ..#MondayMotivation
ജനുവരിയിൽ വീൽചെയറിലിരുന്ന് ഹോങ്കോങ്ങിലെ ഒരു കെട്ടിടത്തിന്റെ മുകളിൽ കയറിയാളുടെ വീഡിയോ വൈറലായിരുന്നു. 250 മീറ്ററിലധികം ഉയരമുള്ള കെട്ടിടത്തിന്റെ മുകളിലാണ് ഇയാൾ കയറിയത്.
ഒരു കാലില്ലാത്ത നാലാം ക്ലാസുകാരൻ ഫുട്ബോൾ കളിക്കുന്ന വീഡിയോ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മണിപ്പൂരിൽനിന്നുള്ള ബാലനാണ് സോഷ്യൽ മീഡിയയിൽ കൈയടി നേടിയത്. ഒരു കാൽ ഇല്ലാതിരുന്നിട്ടും ഊന്നുവടിയുടെ സഹായത്തോടെ കുനാൽ ശ്രേഷ്ഠ എന്ന ഒമ്പതു വയസുകാരനാണ് കൂട്ടുകാർക്കൊപ്പം ആവേശത്തോടെ ഫുട്ബോൾ കളിച്ചത്. പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐയാണ് ഈ വീഡിയോ പുറത്തുവിട്ടത്.
ജന്മനാ ഒരു കാൽ മാത്രമായിരുന്നു കുനാലിന് ഉണ്ടായിരുന്നത്. എന്നാൽ വളർന്നുവന്നപ്പോൾ ഉറച്ച ഇച്ഛാശക്തി പ്രകടിപ്പിച്ചിരുന്ന കുട്ടിയായിരുന്നു അവൻ. കൂട്ടുകാർക്കൊപ്പം കളിക്കാനും സൈക്കിൾ ചവിട്ടാനുമൊക്കെ അവന് സാധിച്ചു. ചെറിയ പ്രായത്തിൽ തന്നെ സൈക്കിൾ ചവിട്ടാൻ പഠിച്ചുകൊണ്ട് കുഞ്ഞു കുനാൽ വീട്ടുകാരെയും കൂട്ടുകാരെയും അമ്പരിപ്പിച്ചിരുന്നു.
പൂർണ ആരോഗ്യമുള്ളവർക്ക് പോലും തലകുത്തി നിന്ന് ശരീരം ബാലൻസ് ചെയ്ത് നിർത്താൻ വളരെ പ്രയാസമാണ്. ഇതിനിടെ സോഷ്യൽ മീഡിയയിൽ ഇരു കാലുകളും മുറിച്ചു മാറ്റിയ യുവതി തലകുത്തി നിന്ന് യോഗ ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. പശ്ചിമ ബംഗാളിലെ ബാരക്പൂരിലുള്ള അർപിത റോയി എന്ന പെൺകുട്ടിയാണ് വീഡിയോയിൽ തല തറയിൽ കുത്തി നിന്ന് യോഗാഭ്യാസം നടത്തുന്നത്. 2006 ൽ ഉണ്ടായ ഒരു അപകടത്തിലാണ് ഇവർക്ക് കാലുകൾ നഷ്ടപ്പെട്ടത്. ബൈക്കിൽ നിന്ന് വീണ അർപിതയുടെ കാലുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. പരിക്ക് വളരെ ഗുരുതരമായതിനാൽ ഡോക്ടർമാർക്ക് അവളുടെ കാലുകൾ മുറിച്ചുമാറ്റുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു.
യോഗ ചെയ്യുന്നത് ശാരീരിക ക്ഷമതയെ മാത്രമല്ല, മാനസികമായും വളരെ അധികം സഹായിച്ചുവെന്ന് അർപിത വ്യക്തമാക്കിയിരുന്നു. യോഗയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഈ പെൺകുട്ടി പരിശീലന സെഷനുകളിലെ ചില വീഡിയോകൾ പോസ്റ്റുചെയ്യാറുണ്ട്. ചില പ്രശസ്ത കായികതാരങ്ങളും അർപിതയുടെ സോഷ്യൽ മീഡിയയിലെ വീഡിയോകളും മറ്റും കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ചില മത്സരങ്ങളിൽ വിജയിച്ചതോടെ യോഗ ജേണൽ, ആംപ്യൂട്ടി കോളിഷൻ എന്നിവിടങ്ങളിൽ അർപിതയെക്കുറിച്ച് വാർത്തകളും നിറഞ്ഞിരുന്നു.
Keywords: dead lift, Amputee, woman, ഡെഡ് ലിഫ്റ്റ്, വികലാംഗ, സ്ത്രീ
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.