ഭൂമിയിലോ ശൂന്യാകാശത്തോ എവിടെയായാലും ഭക്ഷണത്തിന് എല്ലായ്പ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. നിങ്ങള്‍ എവിടെയാണ് എന്നതിന് പ്രസക്തിയില്ല, പക്ഷെ ഒരു ദിവസത്തെ കഠിനാധ്വാനത്തിന് ശേഷം നിങ്ങളെ സന്തോഷിപ്പിക്കാനുള്ള ശക്തി ഭക്ഷണത്തിനുണ്ട്. ആഹാരം നിങ്ങളെ പോഷിപ്പിക്കുക മാത്രമല്ല നിങ്ങളുടെ രുചി മുകുളങ്ങളെ തൃപ്തിപ്പെടുത്തുകയും നിങ്ങളുടെ വിശപ്പ് മായ്ച്ചുകളയുകയും ചെയ്യുന്നു. വാരാന്ത്യങ്ങളിൽ സുഹൃത്തുക്കളോടൊപ്പം പ്രിയപ്പെട്ട ഭക്ഷണം ആസ്വദിക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്? അത് ഒരു ചീസ് ബര്‍ഗര്‍ ആയാലും പിസ ആയാലും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ISS) മറ്റ് സഹയാത്രികര്‍ക്കൊപ്പം പിസ്സ പാര്‍ട്ടി ആസ്വദിക്കുന്ന ഒരു അസ്ട്രോനട്ടിന്റെ (ബഹിരാകാശ യാത്രികന്) ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടികൊണ്ടരിക്കുകയാണ്. ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കില്‍ ശൂന്യാകാശത്തിലായാലും മനുഷ്യര്‍ വ്യത്യസ്തരല്ലെന്ന് കാട്ടിതരുന്ന ഒരു വീഡിയോ കൂടിയാണത്. ബഹിരാകാശനിലയത്തിനുള്ളില്‍ ഒഴുകി നടക്കുന്ന പിസയും അത് തയ്യാറാക്കി കഴിക്കാന്‍ ശ്രമിക്കുന്ന ആറോളം ബഹിരാകാശ യാത്രികരെയും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.
ബഹിരാകാശ യാത്രികന് തോമസ് പെസ്ക്വെറ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. അതില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്, “സുഹൃത്തുക്കളോടൊപ്പമുള്ള ഒഴുകുന്ന പിസയുമായി ഒരു രാത്രി. ഇത് ഭൂമിയിലെ ഒരു ശനിയാഴ്ച പോലെ തോന്നുന്നു. ഒരു നല്ല ഷെഫ് ഒരിക്കലും അവരുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്ന് അവര്‍ പറയുന്നു. പക്ഷേ ഞാന്‍ ഒരു വീഡിയോ എടുത്തു, അതിനാല്‍ നിങ്ങള്‍ക്ക് വിധികര്ത്താവാകാം.”
ബഹിരാകാശ യാത്രികര്‍, ഒഴുകി നില്കുന്ന പിസ റൊട്ടിയുടെ മുകളില്‍ ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്നതിന്റെ വിശദമായ ഒന്നരമിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പെസ്ക്വെറ്റ് പങ്കുവച്ചിരിക്കുന്നത്. ക്ലിപ്പ് അപ്ലോഡ് ചെയ്ത് വെറും 24 മണിക്കൂറിനുള്ളില്‍ ഏഴര ലക്ഷം പേർ കണ്ടു. ആയിരകണക്കിന് കമന്റുകളാണ് വീഡിയോയ്ക്ക് കീഴില്‍ വന്നുകൊണ്ടിരിക്കുന്നത്.
വളരെ സവിശേഷമായ ഒരു അത്താഴം ആയിരുന്നുവെന്നും ഇത് ഉന്മാദമാണെന്നും, മനോഹരമായ അനുഭവമായിരിക്കുമെന്നും ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കൾ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ചില കമന്റുകള്‍ ഇങ്ങനെയായിരുന്നു:
'വീഡിയോ എല്ലാവരെയും അതിശയിപ്പിക്കുകയും എല്ലാവരെയും അവരുടെ അടുക്കളയിലേക്ക് നയിക്കുകയും ചെയ്തു. കാരണം ഭക്ഷണത്തോടുള്ള പ്രണയത്തെ ഒന്നിനും തോല്‍പ്പിക്കാനാവില്ല.'
'പിസ ഒഴുകി നടക്കുമ്പോള്‍ എന്തുകൊണ്ട് അതിന്റെ പുറത്തുള്ള ചേരുവകള്‍ മാറി പോകാത്തത്? ദുരൂഹതയുണ്ട്'
'ശൂന്യാകാശത്തെ പിസ! വിസ്മയാവഹം. ബഹിരാകാശത്ത് പിസ ഉണ്ടാക്കുക എന്നത് തീര്‍ച്ചയായും ഒരു വെല്ലുവിളിയാണ്. പാചകം കാണാന്‍ വളരെ രസകരമാണ്.'
'ഗുരുത്വാകര്‍ഷണം ഉന്മാദത്തിലാണ്! കാണാന്‍ രസമുണ്ട്,' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
തോമസ് പെസ്ക്വെറ്റ് ഒരു ഫ്രഞ്ച് ബഹിരാകാശയാത്രികനാണ്. ഫ്രാന്‍സിലെ റൂവനില്‍ ജനിച്ച പെസ്ക്വെറ്റ്, 2016 നവംബറിലായിരുന്നു തന്റെ ആദ്യ ആറുമാസ ദൗത്യവുമായി (പ്രോക്സിമ) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. ആല്‍ഫ എന്നറിയപ്പെടുന്ന രണ്ടാമത്തെ ബഹിരാകാശ ദൗത്യത്തിലാണ് ഇപ്പോള്‍ പെസ്ക്വെറ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.