നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ക്യൂ നിൽക്കാതെ ജനാലയിലൂടെ വാക്സിനേഷൻ; മതിലുകൾക്കിടയിൽ തൂങ്ങി നിന്ന് വാക്സിനെടുത്തയാളുടെ വീഡിയോ വൈറൽ

  ക്യൂ നിൽക്കാതെ ജനാലയിലൂടെ വാക്സിനേഷൻ; മതിലുകൾക്കിടയിൽ തൂങ്ങി നിന്ന് വാക്സിനെടുത്തയാളുടെ വീഡിയോ വൈറൽ

  തോളില്‍ കുത്തിവയ്‌പ്പെടുക്കുന്നതിനായി ഷര്‍ട്ടിന്റെ കൈ ഉയര്‍ത്തി വയ്ക്കുന്നത് വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്ക് ശേഷം, റബ്ബര്‍ ഗ്ലൗസ് ധരിച്ച ഒരാള്‍ ജനാലയ്ക്ക് പുറത്ത് കൈകള്‍ നീട്ടി ഇഞ്ചക്ഷന്‍ എടുക്കുന്നതും കാണാം.

  News18

  News18

  • Share this:
   നിലവില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുക എന്നത് മാത്രമാണ് കൊറോണ വൈറസിനെ തോല്‍പ്പിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം. രാജ്യത്തുടനീളം പ്രതിരോധ കുത്തിവയ്പ്പ് തുടരുമ്പോള്‍, ആളുകള്‍ അവരുടെ വാക്‌സിന്‍ സ്വീകരിക്കാനായി ഓണ്‍ലൈന്‍ ബുക്ക് ചെയ്തും ക്യൂ നിന്നുമൊക്കെ കാത്തിരിക്കുകയാണ്. എന്നാല്‍ ക്യൂ നില്‍ക്കാതെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ജനലിലൂടെ കുത്തിവയ്പ്പ് സ്വീകരിക്കുന്നയാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

   തരുണ്‍ ത്യാഗി എന്ന ഉപയോക്താവ് ഫെയ്‌സ്ബുക്കില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചതിനെ തുടര്‍ന്നാണ് 15 സെക്കന്‍ഡുള്ള വീഡിയോ ക്ലിപ്പ് വൈറലായി മാറിയത്. ഈ വീഡിയോ ക്ലിപ്പില്‍ ഒരു മനുഷ്യന്‍ ഒരു കെട്ടിടത്തിന് പിന്‍വശത്ത് രണ്ട് മതിലുകള്‍ക്കിടയില്‍ തൂങ്ങി നിന്ന് ജനലിലൂടെ വാക്‌സിന്‍ കുത്തിവയ്‌പ്പെടുക്കുന്നതാണ് കാണുന്നത്. തോളില്‍ കുത്തിവയ്‌പ്പെടുക്കുന്നതിനായി ഷര്‍ട്ടിന്റെ കൈ ഉയര്‍ത്തി വയ്ക്കുന്നത് വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്ക് ശേഷം, റബ്ബര്‍ ഗ്ലൗസ് ധരിച്ച ഒരാള്‍ ജനാലയ്ക്ക് പുറത്ത് കൈകള്‍ നീട്ടി ഇഞ്ചക്ഷന്‍ എടുക്കുന്നതും കാണാം. കെട്ടിടത്തിന്റെ മറുവശത്ത് നീണ്ട ക്യൂവില്‍ ആളുകള്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

   വീഡിയോ എപ്പോള്‍, എവിടെ വച്ച് ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ലെങ്കിലും, വൈറല്‍ ക്ലിപ്പ് നാല് ലക്ഷത്തിലധികം പേര്‍ കണ്ടു. 5,000 ല്‍ അധികം തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇത് പങ്കുവെക്കുക മാത്രമല്ല, പ്രതികരണങ്ങളുമായും ഉപയോക്താക്കള്‍ എത്തി. പല ഉപയോക്താക്കളും സംഭവം തമാശയായാണ് കണ്ടത്. മറ്റു ചിലര്‍ ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് സുരക്ഷിതമല്ലെന്ന് സൂചിപ്പിച്ചു.

   'വൈറസില്‍ നിന്ന് സുരക്ഷിതമാകാനുള്ള ഏറ്റവും വൃത്തിഹീനമായ മാര്‍ഗ്ഗമല്ലേ ഇത്?' എന്ന് മറ്റൊരാള്‍ ചോദിച്ചു. അതേസമയം ഇന്ത്യയില്‍ ജനസംഖ്യയുടെ ഭൂരിഭാഗവും എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാനുള്ള മത്സരത്തിലാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 55.47 കോടി കോവിഡ് -19 വാക്‌സിന്‍ ഡോസുകള്‍ രാജ്യവ്യാപകമായ വാക്‌സിനേഷന്‍ ഡ്രൈവില്‍ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.

   കഴിഞ്ഞ ദിവസം കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസ് ഒരുമിച്ച് കുത്തിവച്ചതായി തിരുവനന്തപുരം സ്വദേശിനി പരാതിയുമായി രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം വാക്‌സിന്‍ എടുത്ത മലയിന്‍കീഴ് സ്വദേശിയായ 25 കാരിക്കാണ് രണ്ട് ഡോസ് ഒരുമിച്ച് കുത്തിവച്ചത്. ഇതേത്തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നിലവില്‍ ഇതുവരെ ആരോഗ്യപ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം സംഭവത്തില്‍ ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. നേരത്തെ ആലപ്പുഴയില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ 28നാണ് കരുവാറ്റയില്‍ 65 കാരന് രണ്ടാം ഡോസ് വാക്‌സിന്‍ മിനിട്ടുകളുടെ വ്യത്യാസത്തില്‍ കുത്തിവച്ചത്.
   Published by:Sarath Mohanan
   First published: